ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പേരിൽ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാനുള്ള സർക്കാർ അനുമതി റദ്ദാക്കിയതിനെതിരേ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു.
ഡി.കെ. ശിവകുമാറിനും സംസ്ഥന സർക്കാരിനുമാണ് പ്രതികരണമാരാഞ്ഞ് നോട്ടീസയച്ചത്. ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്‌നൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സൂര്യ കാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ഡി.കെ. ശിവകുമാറിന്റെ പേരിൽ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കാൻ 2019-ലെ ബി.ജെ.പി. സർക്കാർ സി.ബി.ഐ.ക്ക് നൽകിയ അനുമതിയാണ് നിലവിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കിയത്. അതോടെ ശിവകുമാറിന്റെ പേരിലുള്ള സി.ബി.ഐ. കേസ് റദ്ദായിരുന്നു.
ഇതിനെതിരേ സി.ബി.ഐ.യും ബസനഗൗഡ പാട്ടീൽ യത്‌നലും നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ മാസം 29-ന് തള്ളിയിരുന്നു. സംസ്ഥാന സർക്കാരും സി.ബി.ഐ.യും തമ്മിലുള്ള തർക്കമാണിതെന്നും ഇതിൽ തീർപ്പുണ്ടാക്കാൻ സുപ്രീം കോടതിയാണ് ഉചിതമെന്നും പറഞ്ഞായിരുന്നു ഹൈക്കോടതി ഹർജികൾ തള്ളിയത്.
ഹർജിക്കാർക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് യത്‌നൽ സുപ്രീം കോടതിയെ സമീപിച്ചത്. 2013 മുതൽ 2018 വരെ ശിവകുമാർ മന്ത്രിയായിരിക്കെ 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സി.ബി.ഐ.യുടെ ആരോപണം.
അന്വേഷണം അവസാന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു കോൺഗ്രസ് സർക്കാർ അനുമതി പിൻവലിച്ചത്. കേസ് അന്വേഷിക്കാൻ ലോകായുക്തക്ക് കൈമാറുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: