പാനൂരിൽ ഗർഭാശയം പുറത്തായ നിലയിൽ നാട്ടുകാർക്ക് നൊമ്പരക്കാഴ്ചയായ തെരുവുനായയുടെ ചികിത്സയ്‌ക്കായി ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി.മന്ത്രിയുടെ നിർദേശപ്രകാരം നായയെ കണ്ണൂരിലെ ആസ്പത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.
നായപ്രേമികളുടെ അഭ്യർഥന മാനിച്ചാണ് സുരേഷ്ഗോപി വിഷയത്തിലിടപെട്ടത്. കൊടുംവേദന സഹിച്ച് ഇഴഞ്ഞുനീങ്ങുന്ന നായയെ സംരക്ഷിക്കാൻ ആരും രംഗത്തുവരാത്ത സാഹചര്യത്തിൽ മന്ത്രി സുരേഷ് ഗോപിയാണ് സഹായത്തിനെത്തിയത്. പാനൂരിലെ തെരുവുനായ പരിപാലനസംഘത്തിലെ അംഗമായ അരയാക്കൂലിലെ സിന്ധു, നായയുടെ ദുരിതക്കാഴ്ചയുടെ വീഡിയോദൃശ്യങ്ങൾ ലസിത പാലക്കൽ വഴി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തി. അരമണിക്കൂറിനകം കേന്ദ്രമന്ത്രിയുടെ ഓഫീസിൽനിന്ന് സിന്ധുവിന് തിരികെ വിളിയെത്തി. നായയെ എത്രയും വേഗം വിദഗ്ധ ചികിത്സയ്‌ക്കെത്തിക്കണമെന്നും ചികിത്സച്ചെലവ് മുഴുവനും വഹിക്കാമെന്നും അറിയിച്ചു.
ബുധനാഴ്ച രാവിലെ നായപിടിത്തക്കാരൻ സിനീഷ്, നാട്ടുകാരനായ രഞ്ജിത്ത് ബാബു എന്നിവരടങ്ങുന്ന സംഘം നായയെ പിടികൂടാനിറങ്ങി. തലങ്ങും വിലങ്ങും ഓടിയ നായയെ വൈകീട്ട് മുന്നുമണിയോടെയാണ് പിടികൂടാനായത്. ഉടൻതന്നെ ഓട്ടോയിൽ റിട്ട. ചീഫ് വെറ്ററിനറി ഓഫീസർ ടി.വി.ജയമോഹന്റെ പള്ളിക്കുന്നിലെ ക്ലിനിക്കിലെത്തിച്ചു രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി. ഗർഭാശയമുഖത്തെ ട്യൂമർ നീക്കം ചെയ്തു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ജയമോഹൻ പറഞ്ഞു. സിന്ധുവും ലസിതയും നായയെ പാനൂരിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: