ചെന്നൈ: ഭാരതം-ബംഗ്ലാദേശ് രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തുടങ്ങും. ഭാരതത്തിനായി രോഹിത് ശര്‍മയും സംഘവും ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത് ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷം. രണ്ടാഴ്‌ച്ച മുമ്പ് പാകിസ്ഥാനെ അവരുടെ മണ്ണില്‍ നിഷ്പ്രഭരാക്കിയാണ് ബംഗ്ലാദേശിന്റെ വരവ്.
ഇതിന് മുമ്പ് നാട്ടിലെത്തിയ ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മാര്‍ച്ച് 11ന് ധര്‍മ്മശാലയില്‍ അവസാനിച്ചതായിരുന്നു ഭാരതത്തിന്റെ ഒടുവിലത്തെ ടെസ്റ്റ്. അന്ന് ഭാരതം പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 64 റണ്‍സിനും തോല്‍പ്പിച്ച് പരമ്പര 4-1ന് അവസാനിപ്പിച്ചു. തുടര്‍ന്ന് ഐപിഎലിലേക്കും ട്വന്റി20 ലോകകപ്പിന്റെയും ഷെഡ്യൂളുകളിലായി. പിന്നാലെ പരിമിത ഓവര്‍ ക്രിക്കറ്റുകളുണ്ടായിരുന്നെങ്കിലും ടെസ്റ്റ് മത്സരങ്ങളെത്തുന്നത് ഇപ്പോഴാണ്. ഇനി ഇക്കൊല്ലം അവസാനിക്കും മുമ്പ് പത്ത് ടെസ്റ്റുകളാണ് ഭാരതത്തെ കാത്തിരിക്കുന്നത്.
ചെപ്പോക്കില്‍ ഇന്ന് തുടങ്ങുന്ന ടെസ്റ്റ് 23 വരെ നീണ്ടേക്കാം. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 27 മുതല്‍ കാന്‍പൂരിലാണ്. ഇത്രവലിയൊരു ഇടവേള കടന്നുവന്നതിന്റെ ആശങ്ക പങ്കുവയ്‌ക്കുമ്പോഴും പരിചയസമ്പന്നരായ താരനിര ഉണ്ടെന്ന ആശ്വാസത്തിലാണ് നായകന്‍ രോഹിത് ശര്‍മയും ഭാരത ക്യാമ്പും. ടെസ്റ്റിനൊരുങ്ങാന്‍ ചെന്നൈയില്‍ ക്യാമ്പ് ചെയ്തുള്ള ഭാരത ടീമിന്റെ പരിശീലനം തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. ഇത് ടീമിന്റെ ഒത്തിണക്കവും താളാത്മകതയും വീണ്ടെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കി. പുതിയ പരിശീലക സംഘത്തിന് കീഴിലുള്ള ആദ്യ പരമ്പരയെന്ന പരീക്ഷണം കൂടിയാണ് ഭാരതത്തെ കാത്തിരിക്കുന്നത്. രാഹുദ്രാവിഡിന് കീഴില്‍ ലോക ടെസ്റ്റ് റാങ്കിന്റെ ഒന്നാം സ്ഥാനം വരെ എത്തിയ ടീം കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളായിരുന്നു. ഫൈനല്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടീം കാഴ്‌ച്ചവച്ചുപോന്നത്. പുതിയ പരിശീലക സംഘം ടീമില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇന്ന് മുതല്‍ കണ്ടറിയാം. ട്വന്റി20 ലോകകപ്പിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ വിശ്രമത്തിലായപ്പോള്‍ ശ്രീലങ്കയില്‍ പരിമിത ഓവര്‍ പരമ്പരകള്‍ക്കായി പോയ ഭാരത ടീം സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയാണ് മടങ്ങിയെത്തിയത്. അതിന്റെ നീറ്റലുകള്‍ മാറ്റുകയെന്ന ബാധ്യത കൂടി രോഹിത്തിനും കൂട്ടാളികള്‍ക്കും ഉണ്ട്.
ബാറ്റിങ്ങ് ലൈനപ്പില്‍ കെ.എല്‍. രാഹുലും ഋഷഭ് പന്തും തിരികെ വന്ന സ്ഥിതിക്ക് ആ മാറ്റാം കാണാനാകും. ഇംഗ്ലണ്ടിനെതിരെ അവസരം ലഭിച്ച സര്‍ഫറാസ് ഖാന്‍ അടക്കമുള്ള മദ്ധ്യനിര ബാറ്റര്‍മാര്‍ പുറത്തിരിക്കേണ്ടിവരും. ചെന്നൈയിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് രണ്ട് പേസര്‍മാരെയും മൂന്ന് സ്പിന്നര്‍മാരെയുമായിരിക്കും കളിപ്പിക്കുക. ജസ്പ്രീത് സിങ് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജിനെയാണ് കൂടുതലും പരിഗണിക്കുക. ചിലപ്പോള്‍ സിറാജിന് പകരം ആകാശ് ദീപിനെ ഇറക്കിയേക്കും. പരിക്ക് മാറി തിരിച്ചെത്തിയ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം രവിചന്ദ്രന്‍ അശ്വിനും കുല്‍ദീപ് യാദവും ചേരുന്ന സ്പിന്‍ ത്രയം ഇന്നിറങ്ങുമെന്ന കാര്യം ഉറപ്പ്.
പാകിസ്ഥാനെതിരായ പരമ്പര ജയത്തോടെ മികച്ച ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശിന്റെ നജ്മുല്‍ ഹൊസെയന്‍ ഷാന്റോയും കൂട്ടരും. പേസ്, സ്പിന്‍ മിശ്രിതമായ സമൃദ്ധമായ ബൗളിങ് ലൈനപ്പാണ് ബംഗ്ലാദേശിനും ഉള്ളത്. പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ചായിരുന്നെങ്കില്‍ ചെന്നൈയിലെത്തുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയും. അതനുസരിച്ചുള്ള പദ്ധതികളാണ് ബംഗ്ലാ ക്യാമ്പും ആസൂത്രണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: