ചാങ്ഷൗ: ചൈന ഓപ്പണ്‍ സൂപ്പര്‍ 100 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മികച്ച തുടക്കവുമായി ഭാരത വനിതാ സിംഗിള്‍സ് താരം മാളവിക ബന്‍സോദ്. പാരിസ് ഒളിംപിക്സ് 2024ല്‍ വെങ്കല മെഡല്‍ നേടിയ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാറിസ്ക തന്ജങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് മാളവികയുടെ മികച്ച തുടക്കം. ഇന്നലെ മത്സരിച്ച മറ്റ് ഭാരത താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് 22കാരിയായ ഈ ഭാരത താരം മികവ് കാട്ടിയത്.
ലോക റാങ്കിങ്ങില്‍ 43-ാമതാണ് മാളവിക ബന്‍സോദ്. ഏഴാം നമ്പര്‍ താരമായ തന്ജങ്ങിനെ സ്കോര്‍: 26-24, 21-19നാണ് മാളവിക അട്ടിമറിച്ചത്. വെറും 46 മിനിറ്റില്‍ കളി അവസാനിച്ചു. മാളവികയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമാണിത്. അടുത്ത റൗണ്ടില്‍ സ്കോട്ട്ലന്‍ഡിന്റെ ക്രിസ്റ്റി ഗില്‍മോര്‍ ആണ് എതിരാളി. രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ നേടിയ താരമാണ് ക്രിസ്റ്റി.
വനിതാ സിംഗിള്‍സില്‍ ഇന്നലെ മത്സരിച്ച മറ്റ് ഭാരത താരങ്ങളായ ആകര്‍ഷി കശ്യപ്, സാമിയ ഇമാദ് ഫാറൂഖി എന്നിവര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. വനിതാ ഡബിള്‍സിലെ ഭാരത സഖ്യം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് ചൈനീസ് തായ്പോയ് സഖ്യം ഷേ പേയ് ഷാന്‍-ഹുങ് എന്‍ സു വിനോട് തോറ്റ് പുറത്തായി. സ്കോര്‍: 21-16, 15-21, 17-21നായിരുന്നു ഭാരത വനിതകളുടെ ആദ്യ റൗണ്ട് പുറത്താകല്‍. മിക്സഡ് ഡബിള്‍സില്‍ ഭാരതത്തിന്റെ ബി. സുമീത് റെഡ്ഡി-എന്‍.സിക്കി റെഡ്ഡി സഖ്യവും തോറ്റു. നേരിട്ടുള്ള സെറ്റുകള്‍ക്ക് മലേഷ്യയുടെ ടാന്‍ കിയാന് മെങ്-ലായി പെയ് ജിങ് സഖ്യത്തിനോടാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: