ബെയ്റൂട്ട്: പേജര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ ലെബനനില്‍ ഹിസ്ബുള്ള ഭീകരര്‍ ഉപയോഗിക്കുന്ന വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. രണ്ട് സംഭവങ്ങളിലുമായി 23 മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.
പേജറുകള്‍ വാങ്ങിച്ച അതേസമയത്ത് തന്നെയാണ് വാക്കി ടോക്കിയും ഹിസ്ബുള്ള വാങ്ങിയത്. പേജറിന് പിന്നാലെ ഇന്നലെ വാക്കിടോക്കിയും പൊട്ടിത്തെറിച്ചത് ഭീകരരുടെ ശൃംഖല തകര്‍ത്തിരിക്കുകയാണ്. ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഇസ്ലാമിക ഭീകര ഗ്രൂപ്പാണ് ഹിസ്ബുള്ള. മൊബൈല്‍ ഫോണുകള്‍ ഇസ്രായേല്‍ ഹാക്ക് ചെയ്യുമെന്ന ഭീതിയിലാണ് പേജറുകള്‍ വന്‍ തോതില്‍ ഹിസ്ബുള്ള വാങ്ങിക്കൂട്ടിയത്. ചൊവ്വാഴ്ച പേജറുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവര്‍ ഇരുപതായി. 3000 പേര്‍ക്കു പരിക്കേറ്റു. നിരവധി പേര് ഗുരുതരാവസ്ഥയിലാണ്. മരണ സംഖ്യ ഇനിയുമുയരാം.
ഇന്നലെ രാത്രിയാണ് ഹിസ്ബുള്ളയുടെ വാക്ക് ടോക്കികളും പൊട്ടിത്തെറിച്ചു തുടങ്ങിയത്. രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇസ്രയേല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സ്ഫോടന പരമ്പര തുടങ്ങിയത്. ഹിസ്ബുള്ള ഭീകരരും അവരുമായി ബന്ധമുള്ളവരും ഉപയോഗിച്ചിരുന്ന പേജറുകള്‍ 30 മിനിറ്റിനുള്ളില്‍ വ്യാപകമായി പൊട്ടിത്തെറിക്കുകയായിരുന്നു. ലെബനനിലെ ഇറാന് അംബാസഡര്‍ മൊജ്തബ അമാനിക്കും പരിക്കേറ്റെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി മെഹര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തെ നടുക്കിയ ടെക്നോളജിക്കല്‍ വാറിന്റെ പുതിയ രൂപം ഇസ്രായേല്‍ ഇപ്പോള്‍ പുറത്തെടുക്കുന്നെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണുകള്‍ കൃത്യമായി ട്രാക്ക് ചെയ്യാനാകുമെന്നതിനാല്‍ പേജറുകളാണ് ഹിസ്ബുള്ള സുരക്ഷിതമായുപയോഗിച്ചിരുന്നത്. ഗാസ യുദ്ധം ആരംഭിച്ച ശേഷം ഇവര്‍ മൊബൈല്‍ ഫോണുകള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: