കോട്ടയം: ഒടുവില്‍ ഇക്കാലമത്രയും പിന്തുണച്ചു പോന്ന ഫേസ്ബുക്ക് കൂട്ടായ്മയെ തള്ളിപ്പറയേണ്ടിവന്നു മന്ത്രി എം ബി. രാജേഷിന്. മാധ്യമങ്ങളെ ബഹിഷ്കരിക്കണമെന്നും അവര്‍ മുഖ്യ ശത്രുക്കളാണെന്നുള്ള അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. കഴിഞ്ഞദിവസം ‘എംബി രാജേഷ് ഫോളോവേഴ്സ്’ ഫേസ്ബുക്കിലിട്ട കുറിപ്പിലെ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റില്‍ വയനാട് കണക്കുകള്‍ സംബന്ധിച്ച പരാമര്‍ശങ്ങളോടു മാത്രമേ യോജിക്കുന്നുള്ളൂ എന്നും മാധ്യമങ്ങളെ തള്ളിപ്പറയുന്ന ഭാഗത്തോട് യോജിപ്പില്ലെന്നും ആണ് രാജേഷ് പറയുന്നത്. ‘ബഹിഷ്കരിക്കുന്നതിന് പകരം എതിര്‍ക്കുന്ന മാധ്യമങ്ങളെ നിരന്തരം തുറന്നു കാണിക്കുക എന്നതാണ് തങ്ങളുടെ രീതി. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട ധനസഹായം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന വിമര്‍ശനം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗവും വലിയ ഉത്തരവാദിത്വവുമാണ് മാധ്യമ വിമര്‍ശനമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: