India

ഇന്ത്യ വീണ്ടും ചന്ദ്രനിലേയ്‌ക്ക്: ഇക്കുറി ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ഭൂമിയിലേക്ക് മടങ്ങും

ചന്ദ്രയാന്‍-1,2,3 എന്നീ പരമ്പരകളിലെ ചന്ദ്രയാന്‍-4 ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published by

ന്യൂഡല്‍ഹി: ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ഭൂമിയിലേക്ക് തിരികെ വരുന്നതിനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും തെളിയിക്കുന്നതിനും ചന്ദ്രന്റെ സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയില്‍ വിശകലനം ചെയ്യുന്നതിനുമായി ചന്ദ്രയാന്‍-4 എന്ന് പേരിട്ടിരിക്കുന്ന ചാന്ദ്ര ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ഒരു ഇന്ത്യക്കാരന് ചന്ദ്രനില്‍ ഇറങ്ങുന്നതിനും സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തുന്നതിനുമുള്ള (2040 ഓടെ) അടിസ്ഥാന സാങ്കേതിക വിദ്യകളുടെ കഴിവുകള്‍ ഈ ചന്ദ്രയാന്‍-4 ദൗത്യം കൈവരിക്കും. ഡോക്കിംഗ്/അണ്‍ഡോക്കിംഗ്, ലാന്‍ഡിംഗ്, സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങല്‍ എന്നിവയ്‌ക്കും ചന്ദ്രന്റെ സാമ്പിള്‍ ശേഖരണത്തിനും വിശകലനത്തിനും ആവശ്യമായ പ്രധാന സാങ്കേതിക വിദ്യകള്‍ ഇതിലൂടെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യും.

2035-ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയവും (ഭാരതീയ അന്തരിക്ഷ് സ്‌റ്റേഷന്‍) 2040-ഓടെ ചന്ദ്രനില്‍ ഇന്ത്യ ഇറങ്ങുന്നതും വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്കുള്ള വിപുലീകൃതമായ കാഴ്ചപ്പാട് അമൃത്കാലിന്റെ സമയത്ത് ഇന്ത്യ ഗവണ്‍മെന്റ് രൂപപ്പെടുത്തിയിട്ടുണ്ട്. ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി അനുബന്ധ ബഹിരാകാശ ഗതാഗതത്തിന്റെയും അടിസ്ഥാന സൗകര്യ കാര്യശേഷിയുടെയും വികസനം ഉള്‍പ്പെടെ ഗഗന്‍യാന്റെയും ചന്ദ്രയാന്റെയും തുടര്‍ ദൗത്യങ്ങളുടെ പരമ്പരകളും വിഭാവനം ചെയ്തിട്ടുണ്ട്. ചന്ദ്രയാന്‍ -3 ലാന്‍ഡര്‍ വിജയകരമായി സുരക്ഷിതവും മൃദുലവുമായി ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കിയ പ്രകടനം ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമുള്ള സുപ്രധാന സാങ്കേതിക വിദ്യകള്‍ കൈവരിച്ചതിന്റെ അംഗീകാരവും അതിന്റെ കാര്യശേഷി ബോദ്ധ്യപ്പെടുത്തലുമാണ്. ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കാനും അവയെ സുരക്ഷിതമായി ഭൂമിയിലേക്ക് എത്തിക്കാനുമുള്ള കഴിവ് വിജയകരമായ ലാന്‍ഡിംഗ് ദൗത്യത്തിന്റെ സ്വാഭാവിക പിന്‍ഗാമിയെന്ന് തെളിയിക്കുന്നതുമാണ്.

ബഹിരാകാശ പേടകങ്ങളുടെ വികസനത്തിന്റെയും വിക്ഷേപണത്തിന്റെയും ഉത്തരവാദിത്തം ഐഎസ്ആര്‍ഒ യ്‌ക്കായിരിക്കും. നിലവിലുള്ള അംഗീകൃത സമ്പ്രദായങ്ങളിലൂടെ ഐ.എസ്.ആര്‍.ഒ പദ്ധതി ഫലപ്രദമായി കൈകാര്യം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും. വ്യവസായ, അനുമതി ലഭിച്ച് 36 മാസത്തിനുള്ളില്‍ വ്യവസായ ഗവേഷക പങ്കാളിത്തത്തോടെ ദൗത്യം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ നിര്‍ണ്ണായക സാങ്കേതികവിദ്യകളും തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനാണ് വിഭാവനം ചെയ്യുന്നത്. വിവിധ വ്യവസായങ്ങളിലൂടെയാണ് ദൗത്യം സാക്ഷാത്കരിക്കപ്പെടുന്നത്, മാത്രമല്ല, സമ്പദ് വ്യവസ്ഥയുടെ മറ്റ് മേഖലകളിലേക്ക് ഉയര്‍ന്ന തൊഴിലവസര സാദ്ധ്യതകളും സാങ്കേതികവിദ്യയുടെ ഉപോല്‍പ്പന്നങ്ങളും ഉണ്ടാകുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതും.

സാങ്കേതിക ബോദ്ധ്യപ്പെടുത്തല്‍ ദൗത്യമായ ചന്ദ്രയാന്‍-4 ന് വേണ്ട മൊത്തം ഫണ്ട് 2104.06 കോടി രൂപയാണ്.. ബഹിരാകാശ പേടക വികസനവും സാക്ഷാത്കാരവും, എല്‍.വി.എം3 ന്റെ രണ്ട് വിക്ഷേപണ വാഹന ദൗത്യങ്ങള്‍, ബാഹ്യ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് പിന്തുണ, രൂപകല്‍പ്പന മൂല്യനിര്‍ണ്ണയത്തിനായുള്ള പ്രത്യേക പരിശോധനകള്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയും ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുകയുമെന്ന അന്തിമദൗത്യത്തിലേക്ക് നയിക്കുക എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ ചെലവ്.

മനുഷ്യനോടൊപ്പമുള്ള ദൗത്യങ്ങള്‍, ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകളുമായുള്ള മടക്കയാത്ര, ചാന്ദ്ര സാമ്പിളുകളുടെ ശാസ്ത്രീയ വിശകലനം എന്നിവയ്‌ക്കുള്ള നിര്‍ണ്ണായക അടിസ്ഥാന സാങ്കേതിക വിദ്യകളില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാന്‍ ഈ ദൗത്യം സഹായിക്കും. ഇതിന്റെ സാക്ഷാത്കാരത്തില്‍ ഇന്ത്യന്‍ വ്യവസായത്തിന്റെ ഗണ്യമായ പങ്കാളിത്തവും ഉണ്ടാകും. സയന്‍സ് മീറ്റുകള്‍, ശില്‍പശാലകള്‍ എന്നിവയിലൂടെ ചന്ദ്രയാന്‍ -4 ദൗത്യവുമായി ഇന്ത്യന്‍ അക്കാദമിയെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി ഇതിനകം തന്നെ നിലവിലുണ്ട്. ചാന്ദ്ര സാമ്പിളുകളുടെ പ്രദർശനത്തിനും വിശകലനത്തിനുമുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതും ഈ ദൗത്യം ഉറപ്പാക്കും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക