അഭിനയ രംഗത്ത് പ്രേം നസീര്‍, ഭരത് ഗോപി, ജി.കെ.പിള്ള, സംഗീത രംഗത്ത് ഗായകന് ബ്രഹ്മാനന്ദന് തുടങ്ങി ആറ്റിങ്ങലില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പ്രഗത്ഭര്‍ നിരവധിയാണ്. എന്നാല്‍ ആറ്റിങ്ങല്‍ ആസ്ഥാനമാക്കി ആദ്യമായി ഒരു പ്രൊഡക്ഷന്‍ കമ്പനി ‘പ്രജീവം മൂവീസി’ന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രജീവ് സത്യവ്രതന് എന്ന വ്യവസായി. രജീഷ വിജയന്, നിരഞ്ജ് മണിയന്‍പിള്ളരാജു നായിക നായകന്മാരായും സുരാജ്, ടിനിടോം ടീമിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഹെവന്‍ലി ഡിസ്ട്രിബ്യൂഷന്‍ ആന്റ് മൂവീസിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘ഫൈനല്‍സ്’ ആയിരുന്നു പ്രജീവ് സത്യവ്രതന്റെ ആദ്യ ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണന് നായകനായ ‘രണ്ട്’ ആയിരുന്നു രണ്ടാമത്തേത്. മൂന്നാമത്തെ സിനിമ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘ഗാങ് ഓഫ് സുകുമാരക്കുറുപ്പ്’ തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. പ്രജീവം മൂവീസിന്റെ അമരക്കാരന് പ്രജീവ് സത്യവ്രതന് തന്റെ സിനിമാ വിശേഷങ്ങളും സിനിമയെ തകര്‍ക്കുന്ന അനാശാസ്യ പ്രവണതകളും തുറന്നുപറയുകയാണ് ജന്മഭൂമിയിലൂടെ…
ചെറിയ സിനിമകളെ തകര്‍ക്കുന്നു
പുതുതായി കടന്നുവരുന്ന നിര്‍മ്മതാക്കളുടെ കഴുത്ത് ഞെരിക്കുന്ന സമീപനങ്ങള്‍ സിനിമയെ തകര്‍ക്കുകയാണ്. പുതിയ നിര്‍മ്മാതാക്കളെ പൊങ്ങിവരാന്‍ അനുവദിക്കില്ല. അതിനായി പ്രവര്‍ത്തിക്കുന്നവരുടെ പേരെടുത്തോ, അല്ലെങ്കില്‍ പവര്‍ ഗ്രൂപ്പ് എന്നോ പറയാന്‍ പറ്റില്ല. പക്ഷെ ചെറിയ പടങ്ങള്‍ ഓടാതിരിക്കാന്‍ ഒരു ശ്രമം ഏതൊക്കെയോ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് ഓണം റിലീസിന് മുന്നേ രണ്ട് മൂന്ന് നടന്മാര് ചേര്‍ന്ന് അവരുടെ ചിത്രങ്ങളുടെ കാര്യം മാത്രം പറയുകയും മറ്റ് ചിത്രങ്ങളെ അവഗണിക്കുകയും ചെയ്തത്. അതിനൊക്കെ പുറമെയാണ് സോഷ്യല്‍ മീഡിയ വഴിയുള്ള ഡീഗ്രേഡിങും. ഇത്തരം പ്രവണതകള്‍ പുതിയ നിര്‍മ്മാതാക്കള്‍ സിനിമയിലേക്ക് കടന്നുവരുന്നതിനെ തടയുകയാണ്. അത് അവസാനിപ്പിച്ച് എല്ലാവരുടെയും സഹായം പുതിയ നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കണം.
‘രണ്ട്’ലെ ദുരനുഭവങ്ങള്‍
എന്റെ രണ്ടാമത്തെ സിനിമ ‘രണ്ട്’ല്‍ നിര്‍മ്മാതാവിനെ എങ്ങനെ മുതലാക്കാം എന്നാണ് ഒരു സംഘം പ്ലാന്‍ ചെയ്തത്. പറഞ്ഞ തുകയും സിനിമ തീരുമ്പോഴുള്ള തുകയും തമ്മില്‍ വലിയ അന്തരമുണ്ടായി. വേറൊരു നിര്മ്മാതാവായിരുന്നെങ്കില് തകര്‍ന്ന് തരിപ്പണം ആയേനെ. രണ്ടരക്കോടിയില്‍ തുടങ്ങിയ പടം തീരുമ്പോള്‍ അഞ്ചരക്കോടി കഴിഞ്ഞു. നിര്‍മ്മാതാവിനെ എങ്ങനെ സമ്മര്‍ദ്ദത്തിലാക്കി തകര്‍ക്കാം എന്ന ചിന്തിയിലായിരുന്നു ആ സിനിമാ സെറ്റ് മുഴുവന്‍. ചെലവ് സംബന്ധിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ‘ഈ സിനിമ ഇവിടെ കിടക്കട്ടെ, പിന്നെ സാറിന്റെ ഇഷ്ടം’ എന്നു പറയും. ആ സിനിമയുടെ കഥ തന്നെ ആരുടേയോ കൈയില്‍ നിന്നും മോഷിടിച്ചെന്ന് പറഞ്ഞ് കേസുണ്ടായി. അതിനുവേണ്ടിയും പണം ചെലവാക്കി. ആ കേസു കാരണം സാറ്റലൈറ്റും പോയി. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണോ എന്നുപോലും സംശയമുണ്ട്. മുടക്കിയ പണം പോലും തിരികെ ലഭിച്ചില്ല. ഇത്തരം പ്രവണതയുള്ള സിനിമാപ്രവര്‍ത്തകരെ ഒഴിവാക്കണം. നിര്‍മ്മാതാവിനെ സപ്പോര്‍ട്ട് ചെയ്യുന്നവരാകണം സിനിമാപ്രവര്‍ത്തകര്‍. അതേസമയം ഗാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ സംവിധായകന് ഷെബി ചൗഘട്ട് പറഞ്ഞ ബജറ്റിനും സമയത്തിനുമുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുകയും ചെയ്തു. സിനിമയെ പ്രൊമോട്ട് ചെയ്യാനുള്ള ഉത്തരവാദിത്വം സംവിധായകനുമുണ്ട്. മറ്റാരെക്കാളും സിനിമയെക്കുറിച്ച് കൂടുതല്‍ പറയാനാവുക സംവിധായകനാണ്. പലപ്പോഴും സംവിധായകര്‍ പ്രൊമോഷന് പോലും എത്തില്ല.
പിന്നോട്ട് വലിക്കുന്ന തിയേറ്റര്‍, ഡിസ്ട്രിബ്യൂഷന്‍ ലോബി
വലിയ താരമൂല്യമില്ലാത്ത സിനിമകളെയും ചെറുകിട സിനിമകളെയും പ്രമോട്ട് ചെയ്യുന്നതിന് പകരം ഡീമോട്ട് ചെയ്യുകയാണ് തീയേറ്ററുകളും ഡിസ്ട്രിബ്യൂഷന്‍ മേഖലയും. എത്ര നല്ലതായാലും ചെറുകിട സിനിമകള്‍ക്ക് തിയേറ്റുകള്‍ നല്‍കില്ല. ഗാങ്സ് ഓഫ് സുകുമാരക്കുറുപ്പിന് തന്നെ 41 തീയേറ്ററുകളെങ്കിലും ലഭിക്കാന്‍ അവസാന നിമിഷം വരെ നെട്ടോട്ടമോടേണ്ടിവന്നു. തിയേറ്റര്‍ നല്കിയാല്ത്തന്നെ ഒരാഴ്ചയില്‍ കൂടുതല്‍ സിനിമ കാണിക്കാറില്ല. നഷ്ടം വരാത്ത രീതിയില്‍ ആളുകളെ എത്തിക്കുമെന്ന് ഉറപ്പ് നല്കിയാല് പോലും സിനിമ ഓടിക്കില്ല. വിതരണക്കാരാണ് സിനിമയുടെ പോസ്റ്ററിങ് നടത്തേണ്ടത്. ഗാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതിലും പ്രചരണം നല്‍കുന്നതിലും വലിയ വീഴ്ചയുണ്ടായി. ഇതില്‍ മാത്രമല്ല, ആദ്യ സിനിമയായ ഫൈനല്‍സിലും രണ്ടാമത്തെ സിനിമയായ ‘രണ്ടി’ലും സമാന അനുഭവമായിരുന്നു. പലപ്പോഴും വിതരണക്കാര്‍ നല്കുന്ന തിയറ്ററുകളുടെ ലിസ്റ്റ് അനുസരിച്ച് ബന്ധപ്പെട്ടാല്‍ തിയേറ്റുകള്‍ അറിഞ്ഞിട്ടുപോലും ഉണ്ടാകില്ല. സിനിമ എന്നത് വ്യവസായം കൂടിയാണ്. ചെറുതായാലും വലുതായാലും സിനിമ നിര്‍മ്മിക്കാന്‍ പണം ഇന്‍വസ്റ്റ് ചെയ്യപ്പെടുകയാണ്. ആ ഒരു പരിഗണന തീയേറ്റുകളും വിതരണക്കാരും പുതിയ നിര്‍മ്മാതാക്കള്‍ക്ക് നല്‍കണം.
ഹേമാകമ്മറ്റി വിവാദങ്ങള്‍ സിനിമയെ തകര്‍ക്കും
ഹേമാകമ്മറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളോടും വിവാദങ്ങളോടും പൂര്‍ണമായി യോജിപ്പില്ല. എന്തെങ്കിലും മോശം അനുഭവം ഉണ്ടായാല്‍ അപ്പോള്‍ത്തന്നെ പ്രതികരിക്കണം. അല്ലാതെ പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ക്കു ശേഷം പറയുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. സിനിമ പ്രവര്‍ത്തകരെല്ലാം മോശക്കാരാണെന്ന ചിന്താഗതിയിലാണ് ജനങ്ങള്‍. മൂന്ന് സിനിമകളുടെ സെറ്റിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ ഒരാള്‍ക്കുപോലും ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാണ് ചെയ്തത്. പെണ്‍കുട്ടികളായാലും നടിമാരായാലും അവര്‍ക്കൊപ്പം ഒരു ബന്ധു വേണമെന്ന് കര്‍ശനമായും നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ സിനിമാ സെറ്റുകളില്‍ ഒരാള്‍ക്കുപോലും മോശം അനുഭവം ഉണ്ടായിട്ടുമില്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ സിനിമ മേഖലയെ തകര്‍ക്കുകയേ ഉള്ളൂ.
തിയേറ്ററില്‍ ആളെക്കയറ്റാനും പണംമുടക്കണം
ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് റിലീസ് ചെയ്തിട്ട് ആറുദിവസത്തോളമായി. ഒരു പ്രേക്ഷകന് എന്ന നിലയ്ക്ക് തൃപ്തി നല്കിയ സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. വലിയ താരനിര ഇല്ലാത്തതിനാല്‍ കളക്ഷന്‍ കുറവാണ്. ഓരോ ദിവസവും നിശ്ചിത ആളുകള്‍ക്ക് ടിക്കറ്റ് സൗജന്യമായി കൊടുത്തുകൊണ്ട് തീയേറ്ററില്‍ കയറ്റേണ്ട അവസ്ഥയാണ്. പോസ്റ്ററുകള്‍ക്കും പരസ്യങ്ങള്‍ക്കും മറ്റു ഡിജിറ്റല്‍ പ്രചരണങ്ങള്‍ക്കുമുള്ള തുക മാത്രമല്ല ഇത്തരം കാര്യങ്ങള്‍ക്ക് കൊടുക്കാനുള്ള തുക കൂടി മാറ്റിവെക്കേണ്ടി വരും. ഈ പ്രവണത സിനിമയ്ക്ക് ഭൂഷണമല്ല.
വ്യവസായത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക്
1996 മുതല്‍ ദുബായില്‍ ഹോട്ടലും റിയല്‍ എസ്റ്റേറ്റും മാനേജ് ചെയ്യുകയാണ്. അധ്വാനം തന്നെയായിരുന്നു മൂലധനം. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് കൂടുതല്‍ ശ്രദ്ധ. 2008 മുതല്‍ പ്രോപ്പര്‍ട്ടി മാനേജ്മെന്റാണ് ചെയ്യുന്നത്. ഇപ്പോള്‍ സ്വന്തമായി ഇന്‍വെസ്റ്റും റെന്റും ചെയ്യുന്നു. കൊമേഴ്സ്യല്‍, റസിഡന്‍ഷ്യല്‍ ബിള്‍ഡിങ്ങുകള്‍ ഒരുപോലെ കൈകാര്യം ചെയ്യുന്നുണ്ട്. ‘പ്രിസ്റ്റൈന്‍ ബിള്‍ഡിങ് മെയിന്റനന്‍സ്’ എന്നതാണ് കമ്പനിയുടെ പേര്. ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടും നടത്തുന്നുണ്ട്. മറ്റൊരു സ്ഥാപനം ബോഡി ഫിറ്റ് ഉപകരണങ്ങളുടെ നിര്‍മ്മാണമാണ്. ‘ബിഫിറ്റ്’ എന്ന പേരില്‍ ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ പ്രജീവം മൂവിസിനോട് ചേര്‍ന്ന് തന്നെയാണ് സ്ഥാപനം. ചൈനയിലാണ് നിര്‍മ്മാണം നടത്തുന്ന ഫാക്ടറി. അവിടെപ്പോയി ജിംനേഷ്യം ഉപകരണങ്ങളുടെ നിര്‍മ്മാണം പഠിച്ചശേഷമാണ് ഫാക്ടറി തുടങ്ങിയത്. ചെറുപ്പം മുതലേ സിനിമയോടുള്ള ഇഷ്ടമാണ് പ്രജീവം മൂവീസ് ആരംഭിക്കുന്നതിലേക്ക് എത്തിച്ചത്.
ആറ്റിങ്ങലിലെ പ്രജീവ്
കരവാരം തോട്ടയ്ക്കാട് എസ്.വി.ബംഗ്ലാവില്‍ അധ്യാപകനായ സത്യവ്രതന്റെയും പ്രകാശിനിയുടെയും മകനാണ്. അച്ഛന് അധ്യാപകനായിരുന്നു. അദ്ദേഹം മരണപ്പെട്ടു. റിട്ട. ഡെപ്യൂട്ടി തഹല്‍സിദാര്‍ ബ്രസി, എന്റെ എല്ലാ കാര്യങ്ങളും നോക്കുന്ന സജീവ്, ട്യൂഷന് അധ്യാപിക യനിസി രാജേഷ് എന്നിവരാണ് സഹോദരങ്ങള്‍. രണ്ട് ആണ്മക്കളും മകളുമാണ് എനിക്കുള്ളത്. മൂത്തമകന് അനൂപ് സത്യവ്രതന് ബിസിനസാണ്. രണ്ടാമത്തെ മകന് റിച്ചാര്‍ഡ് ജോണ്‍ സത്യവ്രതന് യുകെയില്‍ പഠിക്കുന്നു. മകള്‍ ചിത്രിനി പ്രജീവ് ദുബായ് ബ്രിട്ടീഷ് സ്കൂളില്‍ എട്ടാം ക്ലാസിലുമാണ്.
ഗാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ വിശേഷങ്ങള്‍
ചെങ്കല്‍ച്ചുളയിലെ റാംബോ സുകുമാരകുറുപ്പ് ആയ കാലത്തെ കഥയാണ്. സുകുമാരക്കുറുപ്പും മൂന്നാലു പയ്യമ്മാരും കൂടെ പണമുണ്ടാക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് ഇതിവൃത്തം. ഷെബി ചൗഘട്ട് ആണ് കഥയും സംവിധാനവും. അബു സലിമാണ് സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാജികൈലാസിന്റെ മകന് റുബിന്‍ ഷാജി കൈലാസാണ് നായകന്. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കര്‍, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, എബിന് ബിനോ, അജയ് നടരാജ്, ഡോ.രജിത് കുമാര്‍, ഇനിയ, പൂജ മോഹന്‍രാജ്, പാര്‍വതി രാജന് ശങ്കരാടി, സോണിയ മല്‍ഹാര്‍, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങളുണ്ട്. വി.ആര്.ബാലഗോപാലിന്റേതാണ് തിരക്കഥയും സംഭാഷണവും. രജീഷ് രാമന് ക്യാമറയും സുജിത്ത് സഹദേവ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ഏറെ കൗതുകകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി, മുഴുനീള ഫണ്‍ ത്രില്ലര്‍ സിനിമയാണിത്.
പ്രജീവം മൂവീസിന്റെ അടുത്ത സിനിമ
പുതിയ സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നു. ഒരു മുന്‍ നിര നായകനെ ഉള്‍പ്പെടുത്തിയാണ് അടുത്ത ചിത്രം. ഏകദേശം ധാരണയായിട്ടുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ ഒക്ടോബറില്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിനുള്ള പ്രവര്‍ത്തനത്തിലാണ് പ്രജീവം മൂവീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: