ന്യൂദൽഹി : ചുഴലിക്കാറ്റ് ദുരിതം വിതച്ച മ്യാൻമറിലേക്ക് 32 ടൺ ദുരിതാശ്വാസ സാമഗ്രികളുടെ രണ്ടാം ഘട്ടം വിമാനത്തിൽ കയറ്റി അയച്ച് ഇന്ത്യ. രണ്ട് ദിവസം മുമ്പ് ആരംഭിച്ച ഓപ്പറേഷൻ സദ്ഭവിന് കീഴിലാണ് ഇന്ത്യ സാധനങ്ങൾ അയച്ചത്.
ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റെന്ന് പറയപ്പെടുന്ന യാഗി ചുഴലിക്കാറ്റ് മൂന്ന് രാജ്യങ്ങളെ ബാധിച്ചതിനെത്തുടർന്ന് മ്യാൻമർ, ലാവോസ്, വിയറ്റ്നാം എന്നിവയുടെ വിവിധ ഭാഗങ്ങൾ വൻ വെള്ളപ്പൊക്കത്തിലാണ്. വിയറ്റ്നാമിലേക്കും ലാവോസിലേക്കും ഇന്ത്യ ഇതിനകം തന്നെ ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ IL-76 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിലാണ് ഇന്ത്യ മ്യാൻമറിലേക്ക് രണ്ടാമത്തെ സാധന സാമഗ്രികൾ അയച്ചത്. 32 ടൺ സഹായത്തിന്റെ രണ്ടാം ഘട്ടം IAF IL-76 വഴി ഇന്ന് അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിൽ ജെൻസെറ്റുകൾ, താൽക്കാലിക ഷെൽട്ടർ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവ ഉൾപ്പെടുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സഹായം നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. മ്യാൻമറിന്റെ അഭ്യർത്ഥന ലഭിച്ച് മണിക്കൂറുകൾക്കകം 21 ടൺ ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ഗഡു ഇന്ത്യ അയച്ചതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഭക്ഷണസാധനങ്ങൾ, അടുക്കള സെറ്റുകൾ, സോളാർ വിളക്കുകൾ, മെഡിക്കൽ സപ്ലൈസ്, കൊതുക് വലകൾ, ജലശുദ്ധീകരണ ഗുളികകൾ, അണുനാശിനികൾ തുടങ്ങി വിവിധ ദുരിതാശ്വാസ സാമഗ്രികൾ വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുര തിങ്കളാഴ്ച യാങ്കൂണിലേക്ക് അയച്ചിരുന്നു.
ദക്ഷിണ ചൈനാ കടലിൽ നിന്ന് ഉത്ഭവിച്ച ചുഴലിക്കാറ്റ് ഒരാഴ്ച മുമ്പാണ് കരയിൽ എത്തിയത്. ദുരന്തത്തിൽ വിയറ്റ്നാമിൽ 170 ഓളം പേരും മ്യാൻമറിൽ 40 ഓളം പേരും മരിച്ചു.
അതേ സമയം ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) മേഖലയിൽ മാനുഷിക സഹായത്തിനും ദുരന്ത നിവാരണത്തിനും സംഭാവന നൽകാനുള്ള ഇന്ത്യയുടെ വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് ഓപ്പറേഷൻ സദ്ഭവ്.
ഓപ്പറേഷന്റെ ഭാഗമായി അടുത്തിടെയുണ്ടായ വരൾച്ചയെ നേരിടാൻ രാജ്യത്തെ സഹായിക്കാൻ ഇന്ത്യ 1000 മെട്രിക് ടൺ അരി നമീബിയയിലേക്ക് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: