കൊച്ചി: പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഇടക്കൊച്ചി പള്ളിപ്പറമ്പില്‍ കുടുംബാംഗമാണ്. സംസ്‌കാരം വൈകുന്നേരം 4 ന് ഇടക്കൊച്ചി സെന്റ്.മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. 60 വര്‍ഷത്തോളം നാടകവേദികളില്‍ സജീവമായിരുന്നു ഇദ്ദേഹം.
‘സ്നാപക യോഹന്നാന്‍ ‘ എന്ന നാടകത്തില്‍ സ്ത്രീ കഥാപാത്രമായ ഹെറോദൃ രാജ്ഞിയായിട്ടാണ് പീറ്ററിന്റെ അരങ്ങേറ്റം. അതിനുശേഷം 50ലേറെ അമേച്ചര്‍ നാടകങ്ങളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1962 കേരളത്തിലെ ഏറ്റവും വലിയ നാടക സമിതിയായ കലാനിലയത്തില്‍ അനൗണ്‍സര്‍ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര് ,ദേവദാസി, ഇന്ദുലേഖ , എന്നീ നാടകങ്ങളില്‍ അഭിനയിച്ചു.
കലാനിലയം , ഇന്ദുലേഖ എന്ന നാടകം പിന്നീട് സിനിമയാക്കിയപ്പോള്‍ അതിന്റെ അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പീറ്റര്‍ ആയിരുന്നു.1979 മുതല്‍ ആകാശവാണിയിലെ 150 ഓളം റേഡിയോ നാടകങ്ങള്‍ക്ക് അദ്ദേഹം ശബ്ദം കൊടുത്തിട്ടുണ്ട്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തില്‍ അഭിനയത്തിനും സംവിധാനത്തിനും പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് ‘അരുതേ ആരോടും പറയരുത് ‘എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡും 2016 ല്‍ ഗുരുപൂജ അവാര്‍ഡ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക