വിനോദ് കെ പോള്‍
നിതി ആയോഗ് അംഗം
പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാനപരമായ ഇടപെടലാണ് ശുചിത്വം. ശുചീകരണത്തിലൂടെ വിരശല്യം, പോഷകാഹാരക്കുറവ്, ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു.
ഭാരതത്തിലെ ശുചിത്വത്തിന് ആഴത്തില്‍ വേരൂന്നിയ ചരിത്രമുണ്ട്. സിന്ധുനദീതട നാഗരികതയില്‍ ശൗചാലയ നിര്‍മാണത്തിനും മാലിന്യ സംസ്കരണത്തിനും ശാസ്ത്രീയമായ രീതികള്‍ പ്രയോഗിച്ചിരുന്നു. നമ്മുടെ വേദങ്ങള്‍ പറയുന്നത്, ശുദ്ധമായ ശരീരത്തില്‍, ശുദ്ധമായ മനസ്സുണ്ടെന്നും, ശുദ്ധമായ മനസ്സില്‍ യഥാര്‍ത്ഥ അറിവുണ്ടെന്നുമാണ്.
സമ്പന്നമായ ഈ പാരമ്പര്യം ഉണ്ടായിരുന്നിട്ടും, സമഗ്രമായ ശുചിത്വ പരിരക്ഷയിലേക്കുള്ള നമ്മുടെ യാത്ര വെല്ലുവിളി നിറഞ്ഞതാണ്. 1981-ലെ കാനേഷുമാരി കണക്കനുസരിച്ച്, ഗ്രാമങ്ങളിലെ വെറും ഒരു ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് ശൗചാലയം ഉണ്ടായിരുന്നത്. ഇത് കേന്ദ്ര ഗ്രാമീണ ശുചിത്വ പരിപാടി, സമ്പൂര്‍ണ ശുചിത്വയജ്ഞം, നിര്‍മല്‍ ഭാരത് അഭിയാന് എന്നിങ്ങനെ ഭാരത സര്‍ക്കാരിന്റെ ശുചിത്വ പരിപാടികള്‍ ആരംഭിക്കുന്നതിന് വഴിയൊരുക്കി. ഈ സംരംഭങ്ങള്‍ ഗ്രാമീണ ശുചിത്വ പരിരക്ഷ 39 ശതമാനം ആയി ഉയര്‍ത്തി.
ലോകത്തിലെ വെളിയിട വിസര്‍ജനത്തിന്റെ 60 ശതമാനത്തിലധികവും ഭാരതത്തില്‍ ആയിരുന്നു. 50 കോടിയിലധികം പേരാണ് തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയിരുന്നത്. നമ്മുടെ സ്ത്രീകള്‍ ഇരുട്ടില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരുടെ അന്തസ്സും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിനും നിര്‍ബന്ധിതരാക്കപ്പെടുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് 2014-ല്‍ ശുചിത്വ ഭാരത യജ്ഞം ആരംഭിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ ഭാരതത്തെ വെളിയിട വിസര്‍ജന മുക്തമാക്കുക (ഒഡിഎഫ്) എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമായ 2019 ഒക്ടോബര്‍ 2-ന് ഭാരതം ഈ നാഴികക്കല്ല് കൈവരിച്ചു. അഞ്ച് സുപ്രധാന വര്‍ഷങ്ങളില്‍, ഗ്രാമീണ ശുചിത്വ പരിരക്ഷ 100% ആയി ഉയര്‍ന്നു.
ദൗത്യത്തിന് കീഴില്‍, 2014 മുതല്‍ 1.4 ലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ 11.7 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. ഇത് കേവലം ആസ്തി സൃഷ്ടിക്കല്‍ മാത്രമായിരുന്നില്ല; അടിസ്ഥാന സൗകര്യ വികസനവും ശക്തമായ പെരുമാറ്റ വ്യതിയാന വിപ്ലവവും സംയോജിപ്പിച്ച് 100 കോടിയില്‍ അധികം പേരെ പ്രോത്സാഹിപ്പിച്ച രാജ്യവ്യാപക പ്രസ്ഥാനം കൂടിയായിരുന്നു. കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്, സമുദായ നേതാക്കള്‍, പൊതു സമൂഹം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവര്‍ യോജിച്ച് പ്രവര്‍ത്തിച്ചു. എല്ലാ ചാനലുകളിലൂടെയും ശുചിത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങള്‍ ജനങ്ങളിലെത്തി. പ്രമുഖര്‍ പങ്കാളികളായി. താഴേത്തട്ടിലെ മാറ്റത്തിന്റെ ചാമ്പ്യന്മാരായി ഗ്രാമതല സന്നദ്ധപ്രവര്‍ത്തകര്‍ മാറി. പ്രധാനമന്ത്രി പ്രസംഗങ്ങള്‍, യോഗങ്ങള്‍, മന്-കി-ബാത്ത്, സ്ഥലങ്ങളും പരിസരങ്ങളും വൃത്തിയാക്കുന്നതിനുള്ള മാതൃകാപ്രവൃത്തികള് എന്നിവയിലൂടെ രാജ്യത്തെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.
ശുചിത്വ ഭാരത യജ്ഞം ഒന്നാം ഘട്ടത്തിന്റെ വിജയത്തിനു പിന്നാലെ രണ്ടാം ഘട്ടം ആരംഭിച്ചു. ഖര-ദ്രവമാലിന്യ സംസ്കരണം, ഗ്രാമീണ ശുചിത്വം എന്നിവയുടെ വിശാലമായ വശങ്ങള് അഭിസംബോധന ചെയ്യുമ്പോള്‍ ഒഡിഎഫ് നേട്ടങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ഈ ഘട്ടം ലക്ഷ്യമിടുന്നത്. 2024-25 ഓടെ, എല്ലാ ഗ്രാമങ്ങളെയും ഒഡിഎഫ് പ്ലസ് (സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന വിമുക്തം) ആക്കുകയാണ് ലക്ഷ്യമിടുന്നത്. മിഷന്റെ അടുത്ത ലക്ഷ്യം സമ്പൂര്‍ണ ശുചിത്വമാണ്. ഇതിന് രാജ്യത്തെ എല്ലാ പൗരന്മാരില് നിന്നും സമൂഹത്തില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തുടര്‍ച്ചയായ അര്‍പ്പണബോധം ആവശ്യമാണ്.
പ്രശസ്ത അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ‘നേച്ചറി’ലെ സമീപകാല പഠനം പൊതുജനാരോഗ്യത്തില്‍, പ്രത്യേകിച്ച് ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ ശുചിത്വ ഭാരത യജ്ഞത്തിന്റ സ്വാധീനം അടിവരയിടുന്നു. ‘ശുചിത്വ ഭാരത യജ്ഞത്തിന് കീഴിലുള്ള ശൗചാലയ നിര്‍മാണവും ശിശുമരണനിരക്കും’ എന്ന തലക്കെട്ടിലുള്ള പഠനം, 35 സംസ്ഥാനങ്ങളില്‍ നിന്നും 640 ജില്ലകളില്‍ നിന്നും 10 വര്‍ഷത്തെ സമയപരിധിയില്‍ (201120) ശിശുമരണനിരക്കിലെയും 5 വയസ്സിന് താഴെയുള്ള മരണനിരക്കിലെയും പ്രവണതകളെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്തു. ശൗചാലയ ലഭ്യത വര്‍ധിക്കുന്നതും ശിശുമരണനിരക്ക് കുറയുന്നതും തമ്മിലുള്ള കരുത്തുറ്റ ബന്ധം ഗവേഷകര്‍ രേഖപ്പെടുത്തുന്നു. ശുചിത്വ ഭാരത യജ്ഞത്തെത്തുടര്‍ന്ന് ജില്ലാതലത്തില്‍ ശൗചാലയ ലഭ്യതയില്‍ ഓരോ 10 ശതമാനം പോയിന്റ് വര്‍ധനയുണ്ടായി. ജില്ലാതല ശിശുമരണ നിരക്കില്‍ ശരാശരി 0.9 പോയിന്റും 5 വയസ്സിന് താഴെയുള്ള മരണനിരക്കില്‍ 1.1 പോയിന്റും കുറഞ്ഞുവെന്നാണ് പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ശുചിത്വ ഭാരത യജ്ഞത്തിലൂടെയുള്ള ശൗചാലയ ലഭ്യത പ്രതിവര്‍ഷം 60,000 മുതല്‍ 70,000 വരെ ശിശുമരണങ്ങള്‍ ഒഴിവാക്കുന്നതിന് കാരണമായതായും ഗവേഷകര്‍ കണക്കാക്കുന്നു.
ശുചിത്വ ഭാരത യജ്ഞം വഹിച്ച പരിവര്‍ത്തനപരമായ പങ്കിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ഏകപഠനം ഇതല്ലെന്നതും ചൂണ്ടിക്കാണിക്കേണ്ടതാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് (2018), 2014 നും 2019 നും ഇടയില്‍ 300,000-ത്തിലധികം വയറിളക്ക മരണങ്ങള് ഈ പദ്ധതി വഴി ഒഴിവാക്കി. ഒഡിഎഫ് ഇതര ഗ്രാമങ്ങളെ അപേക്ഷിച്ച് ഒഡിഎഫ് പ്രദേശങ്ങളിലെ കുട്ടികള്‍ക്കിടയില്‍ വളര്‍ച്ചക്കുറവ് 37% കുറവാണെന്ന് ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് (2017) റിപ്പോര്‍ട്ട് ചെയ്തു. ഒഡിഎഫ് ഗ്രാമങ്ങളില്‍ കുട്ടികളിലെ വയറിളക്കം ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു. 2017-ല്‍ നടത്തിയ ഒരു പഠനത്തില്‍, 93% സ്ത്രീകള്‍ക്കും വീട്ടില്‍ ശൗചാലയം വന്നശേഷം സുരക്ഷിതത്വം അനുഭവപ്പെടുന്നതായി യുനിസെഫ് കണക്കാക്കുന്നു, ഇത് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും വര്‍ദ്ധിപ്പിക്കുന്നതില്‍ പദ്ധതിയുടെ പങ്ക് പ്രതിഫലിപ്പിക്കുന്നു. കൂടാതെ, പഠനത്തിലെ സാമ്പത്തിക വിശകലനങ്ങള്‍ കാണിക്കുന്നത്, ഒഡിഎഫ് ഗ്രാമങ്ങളിലെ ഓരോ കുടുംബവും ആരോഗ്യ പരിരക്ഷാ ചെലവുകള്‍ കുറയ്ക്കുകയും ജീവന് രക്ഷിക്കുന്നതിന്റെ സാമ്പത്തിക മൂല്യവും സമയലാഭവും വഴി പ്രതിവര്‍ഷം ഏകദേശം 50,000 രൂപ ലാഭിക്കുകയും ചെയ്തു എന്നാണ്. ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍, പദ്ധതിയില്‍ നിന്നുള്ള പൊതുജനാരോഗ്യ നേട്ടങ്ങള്‍ അനിവാര്യമാണ്. സമീപകാല പഠനത്തില്‍ നിന്ന് നമുക്ക് ലഭിച്ചത് ശൗചാലയ ലഭ്യതയുമായി ബന്ധപ്പെട്ട കുട്ടികളുടെ അതിജീവനശേഷി മെച്ചപ്പെടുത്തലുകളുടെ തെളിവാണ്.
ദേശീയ തലത്തിലുള്ള ശുചിത്വ പരിവര്‍ത്തനം, മുതിര്‍ന്നവരില്‍ ജലത്തിലൂടെ പകരുന്ന അണുബാധകള്‍ കുറയ്ക്കുന്നതിലും, രോഗകാരികളായ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുന്നതിലും സ്വാധീനം ചെലുത്തും. കുട്ടിക്കാലത്തെ വളര്‍ച്ച മുരടിപ്പിലും വികാസത്തിലും സുസ്ഥിരമായ സ്വാധീനവും അനുമാനിക്കപ്പെടുന്നു. ഐസിഎംആറും അക്കാദമിക വിദഗ്ധരും ശുചിത്വ ഭാരത യജ്ഞത്തിന്റെ ഈ മാനങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങള്‍ നടത്തണം.
സമര്‍പ്പണം, സഹകരണം, ആസൂത്രണം, ഉജ്വലമായ നിര്‍വ്വഹണം, വിട്ടുവീഴ്ചയില്ലാത്ത ജനമുന്നേറ്റം എന്നിവയിലൂടെ എന്ത് നേടാനാകും എന്നതിന്റെ മികച്ച മാതൃകയാണ് ശുചിത്വ ഭാരത യജ്ഞം.
രാഷ്ട്രീയ ഇച്ഛാശക്തി, പൊതു ധനകാര്യം, പങ്കാളിത്തം, പൊതുപങ്കാളിത്തം എന്നീ നാലു തത്വങ്ങള്‍ പദ്ധതി വിജയത്തിലും വ്യാപനത്തിലും നിര്‍ണായകമായിട്ടുണ്ട്. ഈ നയസംവിധാനം രാജ്യത്തും പുറത്തുമുള്ള മറ്റ് സാമൂഹിക പരിവര്‍ത്തന ദൗത്യങ്ങള്‍ക്കുള്ള മാതൃകയാണ്.
2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നാം മുന്നേറുമ്പോള്‍, ശുചിത്വത്തില്‍ ആഗോള തലത്തില്‍ നാം ഉയര്‍ന്നുവരേണ്ടതുണ്ട്. പെരുമാറ്റ വ്യതിയാനം നിലനിര്‍ത്തുന്നതിനും നിര്‍മ്മിച്ച ശൗചാലയങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം ഉറപ്പാക്കുന്നതിനും നൂതന മാലിന്യ സംസ്കരണ പരിഹാരങ്ങള്‍ സംയോജിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരണം. ശുചിത്വം പൊതുവായ മൂല്യമായി മാറണം. അത് നാമെല്ലാവരും പരിശീലിക്കുന്നതാകണം.
അടുത്ത മാസം ഗാന്ധി ജയന്തി ദിനത്തില്‍ ഈ ദൗത്യം പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. ശുചിത്വമുള്ള പരിസ്ഥിതി, സ്ത്രീകളുടെ അന്തസ്സും സുരക്ഷയും, ജീവിതം സുഗമമാക്കല്‍, ഗാര്‍ഹിക സമ്പാദ്യങ്ങള്‍, നമ്മുടെ പാരമ്പര്യവുമായി പൊരുത്തപ്പെടുന്ന ശുചിത്വ സംസ്കാരം എന്നിങ്ങനെ ഒരു ദശാബ്ദക്കാലത്തെ ശുചിത്വ ഭാരത യജ്ഞം അഭൂതപൂര്‍വമായ നേട്ടങ്ങള്‍ നല്കി. ഈ മഹത്തായ ദൗത്യത്തിന്റെ വിജയം തീര്‍ച്ചയായും ഓരോ ഭാരതീയനും അഭിമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: