Kerala

വയനാട്ടില്‍ സേവാഭാരതി രചിച്ചത് സേവനത്തിന്റെ ഇതിഹാസ ഗാഥ

Published by

തൃശ്ശൂര്‍: വയനാട്ടിലെ ദുരന്ത ഭൂമിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച കണക്ക് ഏവരെയും ഞെട്ടിക്കുമ്പോള്‍ ഇതിഹാസ സമാനമായ സേവന പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധ നേടുകയാണ് സേവാഭാരതി.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഐതിഹാസികമായ സേവന പ്രവര്‍ത്തനമാണ് സേവാഭാരതി ദുരന്ത മേഖലയായ മുണ്ടക്കൈയിലും ചൂരല്‍ മലയിലും കാഴ്ച വച്ചത്. ദുരന്തവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സേവാഭാരതിയുടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇവിടേക്കെത്തിയത്. തുടര്‍ന്ന് ഒരു മാസത്തിലധികം കാലം ഇവിടെ താമസിച്ച് എല്ലാവിധത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു.

മേപ്പാടിയില്‍ സേവാഭാരതി ആരംഭിച്ച മൃതദേഹ സംസ്‌കരണ കേന്ദ്രത്തില്‍ 64 മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിച്ചത് സൗജന്യമായി. സേവാഭാരതിയുടെ 40 ആംബുലന്‍സുകളാണ് ഇവിടെ സൗജന്യമായി സര്‍വീസ് നടത്തിയത്.

പതിനെട്ട് ദിവസത്തോളം ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് സേവാഭാരതി വൊളന്റിയര്‍മാര്‍ രക്ഷാദൗത്യത്തിലും തെരച്ചിലിലും ഏര്‍പ്പെട്ടു. ദിവസേന അമ്പതോളം പേരടങ്ങുന്ന സംഘമാണ് എന്‍ഡിആര്‍എഫി
നൊപ്പം സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായത്.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കമ്യൂണിറ്റി കിച്ചണിലും സേവാഭാരതി വൊളന്റിയര്‍മാരാണ് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയത്. ഇരുപതോളം പേര്‍ കഴിഞ്ഞ 16 ദിവസങ്ങളിലായി ഇവിടെ സേവനമനുഷ്ഠിച്ചു. മേപ്പാടിയിലും പരിസരപ്രദേശങ്ങളിലും തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുചീകരണ പ്രവര്‍ത്തനത്തിനും നേതൃത്വം നല്കിയത് സേവാഭാരതിയുടെ പ്രവര്‍ത്തകരാണ്. ഇവിടുത്തെ ടോയ്‌ലറ്റുകളുടെ ശുചീകരണം അടക്കം മറ്റുള്ളവര്‍ ചെയ്യാന്‍ മടിച്ച പല കാര്യങ്ങളും സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ചെയ്തു. കുടിവെള്ളം എത്തിക്കാന്‍ പ്രത്യേക ടാങ്കറുകള്‍ ഏര്‍പ്പാടാക്കിയതും ജനങ്ങള്‍ക്ക് അനുഗ്രഹമായി. രണ്ട് ടാങ്കറുകളിലായി ആവശ്യമായ കുടിവെള്ളം സേവഭാരതി പ്രവര്‍ത്തകര്‍ എത്തിച്ചു കൊണ്ടിരുന്നു.

കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വരൂപിച്ച വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും ഇവിടെ എത്തിച്ച് വിതരണം ചെയ്തു. മേപ്പാടിക്ക് പുറമേ കല്‍പ്പറ്റ ടൗണിലും കോഴിക്കോട് ടൗണിലും ആരംഭിച്ച സംഭരണ കേന്ദ്രങ്ങളിലാണ് അവശ്യ സാധനങ്ങള്‍ എത്തിച്ചത്. അവശ്യ സാധനങ്ങള്‍ക്ക് പുറമേ നിരവധി പണിയായുധങ്ങളും സംഭരിച്ച് വിതരണം ചെയ്യാന്‍ സേവാഭാരതിക്കായി. ആദ്യഘട്ടത്തില്‍ മേപ്പാടിയിലെ സിഎസ്‌ഐ ചര്‍ച്ചില്‍ ആയിരുന്നു സേവാഭാരതിയുടെ ബസ് ക്യാമ്പ്. ഇപ്പോള്‍ മാതാഅമൃതാനന്ദമയി ആശ്രമത്തില്‍ ക്യാമ്പ് തുടര്‍ന്നു വരികയാണ്. ഇന്‍ഫര്‍മേഷന്‍ സെന്ററും സഹായകേന്ദ്രവും ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം മേപ്പാടിക്കടുത്ത് നാലര ഏക്കര്‍ സ്ഥലം സേവാഭാരതി വാങ്ങിയിട്ടുണ്ട്. ഇവിടെ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സേവാഭാരതി വക്താക്കള്‍ അറിയിച്ചു .15 ലക്ഷം രൂപ ചെലവ് വരുന്ന വീടാണ് നിര്‍മിച്ചു നല്കുക. ഒരാള്‍ക്ക് 5 സെന്റ് സ്ഥലം വീതം നല്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by