Entertainment

കണ്ണിൽ നിന്ന് ചോര പൊടിയുന്നത് പോലെ; കാരവാനിൽ കയറി വസ്ത്രം മാറിയതിന് തെറി വിളി കേട്ടു ; സുരഭി ലക്ഷ്മി

Published by

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്തെ പ്രശ്നങ്ങൾ ഓരോന്നായി ചർച്ചയാവുകയാണ്. കാസ്റ്റിം​ഗ് കൗച്ചും ലൈം​ഗിക പീഡനങ്ങളുമാണ് കൂടുതൽ ചർച്ചയായതെങ്കിലും സിനിമാ ലോകത്തെ താെഴിൽ പ്രശ്നങ്ങൾ റിപ്പോർ‌ട്ടിൽ വിശദമായി പറയുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന ചൂഷണം, പ്രതിഫല പ്രശ്നം തുടങ്ങിയവ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇപ്പോഴിതാ കരിയറിലെ തുടക്ക കാലത്ത് തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി സുരഭി ലക്ഷ്മി.

തുടക്ക കാലത്ത് മനസിനെ ഏറെ വേദനിപ്പിച്ച അനുഭവമുണ്ടായിട്ടുണ്ടെന്ന് സുരഭി പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം. ചെറിയ വേഷങ്ങൾ ചെയ്ത കാലത്ത് ഒരു പരി​ഗണനയും സെറ്റുകളിൽ ഉണ്ടായിട്ടില്ലെന്ന് സുരഭി പറയുന്നു. ഡ്രസ് മാറാൻ കോസ്റ്റ്യൂമിന്റെ വാനുണ്ടാവും. അതിനകത്ത് കയറി ​ഗ്ലാസ് മറച്ചാണ് വസ്ത്രം മാറുക. പിന്നീട് കാരവാൻ വന്നപ്പോൾ നടനും നടിക്കും മാത്രമേ കാരവാനുള്ളൂ. ഒരിക്കൽ തനിക്കുണ്ടായ മോശം അനുഭവവും സുരഭി പങ്കുവെച്ചു.

മഴ നനഞ്ഞിട്ടുള്ള സീനാണ്. രാവിലെ മുതൽ മഴ കൊള്ളുന്നു. നമുക്ക് വേണ്ടി ഡ്യൂപ്പ് നിൽക്കില്ലല്ലോ. വൈകുന്നേരമായപ്പോഴാണ് ആ സീൻ തീർന്നത്. അപ്പോഴേക്കും ലൊക്കേഷനിൽ നിന്ന് എല്ലാവർക്കും ഇറങ്ങേണ്ടി വന്നു. പെർമിഷന്റെ സമയം കഴിഞ്ഞു. നനഞ്ഞ് കുതിർന്ന് നിൽക്കുകയാണ്. ഇരിക്കാൻ കസേരയില്ല. അപ്പോൾ അവിടെയുള്ള മാനേജർ കാരവാൻ തുറന്ന് ഇതിൽ പോയി വസ്ത്രം മാറിക്കോ എന്ന് പറഞ്ഞു. അയാൾക്ക് അയാളുടെ പെങ്ങൾമാരെ ഓർമ്മ വന്ന് കാണും.

ഞാൻ അതിനകത്തെ ബാത്ത് റൂമിൽ നിന്ന് വസ്ത്രം മാറി. അപ്പോഴാണ് കാരവാന്റെ ഡ്രെെവർ ഈ വിവരം അറിഞ്ഞത്. അയാൾ വന്ന് അന്ന് പറഞ്ഞ ചീത്ത എന്റെ ജന്മത്തിൽ മറക്കില്ല. കണ്ണുനീരല്ല വരുന്നത്. കണ്ണിൽ നിന്ന് ചോര പൊടിയും പോലുള്ള ഒരു അവസ്ഥ. തനിക്കും കാരവാനുണ്ടാകുന്ന കാലം വരുമെന്ന് അന്ന് ചിന്തിച്ചിരുന്നെന്ന് സുരഭി പറയുന്നു.

പ്രതിഫലം ചന്തയിലേത് പോലെ വില പേശി പരമാവധി കുറയ്‌ക്കും. എന്നിട്ട് ഈ പറഞ്ഞ പൈസ തരില്ല. ഡബ്ബിം​ഗ് സമയത്ത് പ്രാരാബ്ദം പറച്ചിലും. വനിതാ പ്രൊഡ്യൂസർമാരും അതിലുണ്ട്. ടിഎ ചോദിച്ചതിന് സുരഭിയൊന്നും സീരിയൽ നടിമാരെ പോലെ പെരുമാറരുതെന്ന് ഒരാൾ പറഞ്ഞു. സീരിയൽ നടിമാർക്ക് എന്താണ് പ്രശ്നം. ഞാൻ സീരിയലിൽ നിന്ന് വന്നയാളാണ്.

വണ്ടിക്കൂലി ചോദിക്കുന്നത് വലിയ വിഷയമാക്കി. അവർ ഇട്ട് തന്ന പൈസ ഞാൻ അതേ പോലെ തിരിച്ച് കൊടുത്തു. നിങ്ങളും ഒരു സ്ത്രീയാണ്, സെൽഫ് റെസ്പെക്ട് എന്നൊന്നുണ്ടെന്ന് പറഞ്ഞ് താനവർക്ക് പണം തിരികെ കാെടുക്കുകയായിരുന്നെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി. അതേസമയം ഇപ്പോൾ ചെയ്ത സിനിമകളുടെ സെറ്റിലെല്ലാം വലിയ മാറ്റങ്ങളുണ്ടെന്നും സമൂ​ഹത്തിൽ വന്ന മാറ്റങ്ങൾ സിനിമാ ലോകത്തുമുണ്ടെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ നല്ല മാറ്റങ്ങൾക്ക് കാരണമാകട്ടെയെന്നും സുരഭി ലക്ഷ്മി പറഞ്ഞു. അജയന്റെ രണ്ടാം മോഷണം ആണ് സുരഭിയുടെ പുതിയ സിനിമ. ചിത്രത്തിൽ നായികാ വേഷമാണ് സുരഭി ചെയ്തത്. ടൊവിനോ തോമസ് നായകനായ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by