Entertainment

ചിലർക്ക് ഞാൻ സുരേഷ് ഗോപിയുടെ മകൻ , മറ്റ് ചിലർക്ക് ഞാൻ പൃഥ്വിരാജിനെക്കാൾ അഹങ്കാരി; ചിലർ എന്നെ നല്ല കുട്ടി എന്ന് വിളിക്കും, മാധവ്

Published by

ഈ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ്. മാധവിന്റെ ആദ്യ സിനിമ ‘കുമ്മാട്ടിക്കളി’ തിയേറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ നടന്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേയിരുന്നു. അത് പിന്നീട് ചർച്ചാ വിഷയമായി. ഇപ്പോൾ വീണ്ടും മാധവ് സുരേഷ് മനസ് തുറക്കുകയാണ്. സിനിമയിൽ വന്നപ്പോൾ അച്ഛൻ നൽകിയ ഉപദേശങ്ങളെ കുറിച്ചൊക്കെയാണ് മാധവ് സംസാരിക്കുന്നത്.

ഏതൊരു അച്ഛനും മകന് കൊടുക്കുന്ന ഉപദേശങ്ങൾ മാത്രമെ തനിക്ക് കിട്ടിയിട്ടുള്ളൂ എന്നാണ് മാധവ് പറഞ്ഞ് വെക്കുന്നത്. ഒരു സിനിമാകാരന്റെ ഉപദേശങ്ങൾ എനിക്ക് കിട്ടിയിട്ടില്ല. നന്നായി പ്രിപ്പേർഡ് ചെയ്യുക. സ്വന്തമായി ആത്മവിശ്വാസം ഉണ്ടാകുക. സുരേഷ് ദഗോപി എന്ന ടാ​ഗ് വഴിയാണ് താൻ വന്നതെങ്കിലും സംവിധായകനും നിർമാതാക്കളും ഒരു സിനിമയ്‌ക്കായി എന്നെ എടുത്തിട്ടുണ്ടെങ്കില്‍ അതെന്റെ വാല്യുവിന് വേണ്ടിയിട്ടാണെന്ന് താൻ വിശ്വസിക്കുന്നു എന്നും മാധവ് പറയുന്നു.

അങ്ങനെ ഉണ്ടെങ്കിലെ എനിക്ക് പെർഫോം ചെയ്യാൻ പറ്റൂ എന്നും അല്ലാതെ സുരേഷ് ​ഗോപിയുടെ മോനായി എനിക്ക് ക്യാമറയ്‌ക്ക് മുന്നിൽ നിൽക്കാൻ പറ്റത്തില്ലെന്നും മാധവ് പറയുന്നു. ഓൺലൈൻ യുട്യൂബ് ചാനലുകളോട് ആയിരുന്നു നടന്റെ പ്രതികരണം. അതേസമയം കുമ്മാട്ടിക്കളി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ ചർച്ചയായതിന് പിന്നാലെ പലരും തന്നെ അഹങ്കാരി എന്നൊക്കെയാണ് വിളിക്കുന്നതെന്നും മാധവ് പറയുന്നു.

ചോദ്യങ്ങൾക്ക് കൃത്യമായും വ്യക്തമായും മറുപടി പറഞ്ഞാണ് മാധവ് കയ്യടി നേടിയത്. ഇതിന് പിന്നാലെ അഹങ്കാരി, പൃഥ്വിരാജിനെ പോലെ എന്നൊക്കെയുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഈ പരാമർശങ്ങൾക്കും മാധവ് മറുപടി നൽകി. “നമ്മുടെ ജനറേഷനിലെ ഒരു സ്റ്റാർ തന്നെയാണ് രാജു ചേട്ടൻ(പൃഥ്വിരാജ്). അദ്ദേഹത്തെ പോലെ കാലിബറുള്ള, ഇരുപത് വർഷമായി ഇൻസ്ട്രിയിലുള്ള ഒരാളുമായി എന്നെ താതമ്യം ചെയ്യുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അതെനിക്ക് ഒളിപ്പിച്ച് വയ്‌ക്കാൻ പറ്റത്തില്ല.

സ്റ്റാർട്ടിം​ഗ് ലെവലിൽ നിൽക്കുന്ന എന്നെ താരതമ്യം ചെയ്യുന്നത് ഇരുപത് വർഷത്തിലധികം എക്സ്പീരിയൻസുള്ള സ്റ്റാറുമായിട്ടാണ്. അഹങ്കാരം, കോൺഫിഡൻസ് എന്ന് പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയത്തില്ല. ഞാൻ ഇങ്ങനെയാണ്. എന്നെ മനുഷ്യനായാണ് ഞാൻ കാണുന്നത്. എന്തെങ്കിലും ചോദ്യം ചോദിച്ചാൽ അതിന് വ്യക്തമായി ഉത്തരം കൊടുക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആണ്. അതു ഞാൻ ചെയ്യുന്നു. നമ്മൾ മനുഷ്യരാണ് ഓരോരുത്തർക്കും ഓരോ അഭിപ്രായമാണ്. ചിലർ നല്ല കുട്ടി, സ്പുടതയോടെ കാര്യങ്ങൾ പറയുന്നു എന്ന് പറയും. ചിലർ അഹങ്കാരി എന്ന് വിളിക്കും. ചിലരെന്നെ പൃഥ്വിരാജെന്നും സുരേഷ് ​ഗോപി എന്നും വിളിക്കും. ഇതൊന്നും എന്റെ കയ്യിലുള്ള കാര്യമല്ല. എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാൻ പറ്റൂ”, എന്നാണ് മാധവ് പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക