ആറ്റൂര്‍ ശരച്ചന്ദ്രന്‍
സംസ്ഥാന പ്രസിഡന്റ്, അഖില കേരള വിശ്വകര്‍മ്മ മഹാസഭ
ഇന്ന് സപ്തംബര്‍ 17, വിശ്വകര്‍മ്മദിനം. ഭാരതം ഇന്നു ദേശീയതൊഴില്‍ ദിനമായി ആചരിക്കുന്നു. വിശ്വകര്‍മ്മാവിനെ തൊഴിലിന്റെ ദേവതയായി പുരാണങ്ങള്‍ സങ്കല്‍പ്പിക്കുമ്പോള്‍ പഞ്ചവേദങ്ങള്‍ ബ്രഹ്മാണ്ഡ നിര്‍മ്മാതാവും ദേവാധിദേവനുമായി സ്തുതിക്കുന്നു.
യജുര്‍വേദത്തില്‍ വായുരൂപത്തില്‍ വിശ്വകര്‍മ്മാവിനെ അന്തരീക്ഷത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാനുള്ള പ്രാര്‍ത്ഥന കാണാം. വിശ്വകര്‍മ്മാവ് വേദങ്ങളിലെ പ്രജാപതിയാകുന്നു. വിശ്വമാകെ തേജോമയമായി നില്‍ക്കുന്ന ഭഗവാന്‍ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളായി ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരായി വിരാജിക്കുന്നു. ഭാരതീയ സനാതനധര്‍മ്മം വിശ്വകര്‍മ്മാവിന്റെ അദൈ്വത ഭാവത്തെ വാഴ്‌ത്തുന്നു. അഗ്‌നിയും വായുവും വരുണനും ഇന്ദ്രനും വിരാട്ടുമൊക്കെയായി പ്രപഞ്ചം നിറയുന്ന വിശ്വകര്‍മ്മ പരബ്രഹ്മം സര്‍വ്വത്തിന്റെയും ദേവതയായ ഓങ്കാര ശബ്ദബ്രഹ്മമാകുന്നു.
സ്വയംഭൂവായ വിശ്വകര്‍മ്മാവിന് ജയന്തിയില്ല. സാമവേദം വിശ്വകര്‍മ്മാവിനെ ഇങ്ങനെ പുകഴ്‌ത്തുന്നു.
”ഹോതാ ദേവാ അമര്‍ത്യ പുരസ്താദേതി മായയാ വിദഥാനി പ്രയോദയന്‍.” ജനന മരണരഹിതനായ വിശ്വകര്‍മ്മ പരമേശ്വരന്‍ എല്ലാ കര്‍മ്മങ്ങളുടെയും ജ്ഞാനം നല്‍കുവാന്‍ വിവിധ രൂപത്തില്‍ ഉപാസകന്റെ മുന്നില്‍ എത്തുന്നു.
സൂര്യനെ ഉള്ളം കൈയ്യില്‍ വയ്‌ക്കുന്ന വിശ്വകര്‍മ്മാവ് ഒരംഗുലം വലുപ്പത്തില്‍ സര്‍വ്വ ജീവജാലങ്ങളിലും വസിക്കുന്നു. ഭഗവാനെ വിശ്വസിച്ചു ഉപാസിക്കുന്ന ഭക്തനു സര്‍വ്വജ്ഞാനവും സമ്പത്തും ലഭ്യമാകുമെന്നും ശത്രുസംഹാരകനായി പരബ്രഹ്മം കൂടെ വസിക്കുമെന്നും വേദമന്ത്രങ്ങള്‍ ദൃഷ്ടാന്തമാക്കുന്നു.
അരയന്ന വാഹനനും പഞ്ചാനനുമായ അദ്ദേഹം സൂര്യതേജസ്സായി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. വിശ്വാമിത്രനും മേധാതിഥിയും അഥര്‍വ്വനും വസിഷ്ഠനും സപ്തര്‍ഷിമാരും അടങ്ങുന്ന വേദമന്ത്രദൃഷ്ടാക്കള്‍ യജ്ഞ കര്‍മ്മങ്ങളില്‍ പുരോഡാശം സമര്‍പ്പിച്ച് എല്ലാ അനുഗ്രഹങ്ങളും വിശ്വകര്‍മ്മാവില്‍ നിന്നും ഏറ്റുവാങ്ങുന്നു.
വിശ്വകര്‍മ്മ ദിനം നിര്‍വ്യാജ ഭക്തിയിലൂടെ സര്‍വ്വേശ്വരനെ സാക്ഷാത്കരിക്കുന്ന സാമസംഗീതോപാസനയുടെ വേളകള്‍ പ്രദാനം ചെയ്യുന്നതിനൊപ്പം ജ്ഞാന,യജ്ഞങ്ങളിലൂടെ കര്‍മ്മനിരതമാകാനുള്ള വഴി തുറക്കല്‍ കൂടിയാണ്. ദേശീയ തൊഴില്‍ ദിനത്തിന്റെ പ്രസക്തി ഉള്‍ക്കൊണ്ട് ദേശസ്‌നേഹത്തിന്റെ അഖണ്ഡ പ്രതിജ്ഞ നിറവേറ്റുന്ന സുദിനം കൂടിയാണിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: