ബെയ്ജിംഗ്: ചൈനയിൽ ബെബിങ്ക ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ഷാങ്ഹായിൽ ജാഗ്രതാ നിർദേശം നൽകി. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിൽ ചുഴലിക്കാറ്റിന്റെ ആഘാതം നേരിടാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ് . ഷാങ്ഹായ് അധികൃതർ ഞായറാഴ്ച നിരവധി വിമാനത്താവളങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കി.
പ്രാദേശിക സമയം രാത്രി 8 മണിക്ക് ശേഷം ഷാങ്ഹായിലെ ഹോങ്ക്യാവോ, പുഡോംഗ് വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. 600ലധികം വിമാനങ്ങളെ ഈ തീരുമാനം ബാധിക്കും. ചില പാലങ്ങളിലും ഹൈവേകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
നിലവിൽ ഷാങ്ഹായ് തീരത്ത് നിന്ന് 400 കിലോമീറ്റർ അകലെയാണ് ബെബിങ്ക ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം പ്രദേശത്ത് വീശുന്ന കാറ്റിന്റെ വേഗത പല മടങ്ങ് വർധിക്കാൻ സാധ്യതയുണ്ടെന്ന് ചൈന മെറ്റീരിയോളജിക്കൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 151 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇക്കാരണത്താൽ, ബെബിങ്കയെ തീവ്ര ചുഴലിക്കാറ്റായി തരംതിരിച്ചിട്ടുണ്ട്.
അതേസമയം, ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണിപ്പോൾ. ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഷാങ്ഹായിലെ ഒരു ജില്ലയിൽ നിന്ന് 9,318 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമീപത്തെ ഷൗഷാൻ നഗരത്തിലെ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കടകൾ എന്നിവ രാവിലെ തന്നെ അടച്ചു.ചുഴലിക്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് പലയിടത്തും പൊതുഗതാഗത സേവനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. പലയിടത്തും ഇതുമൂലം മഴയ്‌ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ 15 ദിവസത്തിനിടെ ചൈനയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ കൊടുങ്കാറ്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: