ചേര്‍ത്തല: ഷാപ്പില്‍ നിന്നും കള്ളുവാങ്ങി കുടിച്ച വിദ്യാര്‍ത്ഥിയെ അത്യാസന്ന നിലയില്‍ ആശുപത്രിയിലാക്കി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ കുട്ടിയുടെ ആരോഗ്യനില പുരോഗമിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്കു മാറ്റി. കള്ള് നല്കിയതെന്നു കണ്ടെത്തിയ കള്ളുഷാപ്പിന്റെ ലൈസന്‍സ് എക്‌സൈസ് റദ്ദാക്കി.
തൈക്കാട്ടുശ്ശേരിയിലുള്ള യുപി സ്‌കൂളിലെ ഓണാഘോഷത്തിനു മുമ്പായിരുന്നു സംഭവം. ഏഴാം ക്ലാസുകാരായ നാലു കുട്ടുകളാണ് പള്ളിപ്പുറത്ത് മദ്യപിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. 13നായിരുന്നു സംഭവം. പള്ളിചന്ത ഷാപ്പിലെ ജീവനക്കാരാണ് ഇവര്‍ക്കു പണംവാങ്ങി കള്ളുനല്കിയത്. ഷാപ്പിലെ ജീവനക്കാരനായ മനോഹരനെയും മാനേജര്‍ മോഹനനെയും അറസ്റ്റുചെയ്തു. ലൈസന്‍സികളായ ചന്ദ്രപ്പന്‍, രമാദേവി, അശോകന്‍, എസ്. ശ്രീകുമാര്‍ എന്നിവരെ മൂന്നു മുതല്‍ ആറുവരെ പ്രതികളാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.
പള്ളിപ്പുറത്ത് ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഇരുന്നു ഒരുകുപ്പി കുടിച്ച ശേഷം ബാഗിലാക്കിയ ബാക്കി കള്ള് സ്‌കൂളിലെ ശൗചാലയത്തില്‍ വച്ചും കഴിച്ചിരുന്നു. അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: