Cricket

കൊച്ചി ബ്ല്യൂ ടൈഗേഴ്‌സിന് 25 റണ്‍സ് ജയം: ആനന്ദ് കൃഷ്ണന് സെഞ്ചുറി

Published by

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍  കൊച്ചി ബ്ല്യൂ ടൈഗേഴ്‌സ് 25 റണ്‍സിന് ആലപ്പി റിപ്പിള്‍സിനെ പരാജപ്പെടുത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ചെയ്ത കൊച്ചി ബ്ല്യൂ ടൈഗേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. 194 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. കൊച്ചിക്ക് 25 റണ്‍സ് ജയം. സെഞ്ചുറി നേടിയ കൊച്ചിയുടെ ആനന്ദ് കൃഷ്ണനാണ് പ്ലയര്‍ ഓഫ് ദ മാച്ച്

ആദ്യം ബാറ്റ് ചെയ്ത കൊച്ചി ആനന്ദ് കൃഷ്ണന്റെ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. 66 പന്തില്‍ നിന്ന് 11 സിക്‌സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടെ പുറത്താകാതെ ആനന്ദ് കൃഷ്ണന്‍ 138 നേടി. ആനന്ദ് കൃഷ്ണന്‍ -ജോബിന്‍ ജോബി കൂട്ടുകെട്ടാണ് കൊച്ചിക്കായി ഓപ്പണിംഗിനിറങ്ങിയത്. ആറാം ഓവറിലെ അവസാനപന്തില്‍ കൊച്ചിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 14 പന്തില്‍ 11 റണ്‍സ് നേടിയ ജോബിന്‍ ജോബിയെ വിശ്വേശ്വര്‍ സുരേഷ് പുറത്താക്കി. തുടര്‍ന്നെത്തിയ ഷോണ്‍ റോജറുമായി ചേര്‍ന്ന് ആനന്ദ് കൃഷ്ണന്‍ സ്‌കോര്‍ 95 ലെത്തിച്ചു. ഓപ്പണറായി ഇറങ്ങിയ ആനന്ദ് കൃഷ്ണന്‍ ഒരറ്റത്ത് കൂറ്റനടികളോടെ ടീം സ്‌കോര്‍ അതിവേഗം ഉയര്‍ത്തിക്കൊണ്ടിരുന്നു. കെ.ബി അനന്തുവുമായി ചേര്‍ന്ന് അവസാന ഓവറുകളില്‍ അതിവേഗം സ്‌കോറിംഗ് നടത്തി .ടീം സ്‌കോര്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 193 എന്ന നിലയില്‍ അവസാനിച്ചു. ഏഴു പന്തില്‍ നിന്നും 13 റണ്‍സെടുത്ത കെ.ബി അനന്തു പുറത്താകാതെ നിന്നു.

194 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിനായി മുഹമ്മദ് അസ്ഹറുദീന്‍ കൃഷ്ണപ്രസാദ് സഖ്യമാണ് ഓപ്പണിംഗിനിറങ്ങിയത് . പ്രസാദിനെ കീപ്പര്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. 33 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയാണ് പുറത്തായത്. 13-ാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് അസ്ഹറുദീനെ എന്‍.എസ് അജയഘോഷ് ഷോണ്‍ റോജറിന്റെ കൈകളിലെത്തിച്ചു. 42 പന്തില്‍ നാലു സിക്‌സും നാലും ഫോറും ഉള്‍പ്പെടെ 65 റണ്‍സുമായാണ് അസ്ഹറുദീന്‍ മടങ്ങിയത്.തുടർച്ചയായി വിക്കറ്റ് വീണത് ആലപ്പുഴയ്‌ക്ക് തിരിച്ചടിയായി. അവസാന ഓവറില്‍ ആറു റണ്‍സ് മാത്രമാണ് ആലപ്പി റിപ്പിള്‍സിന് നേടാനായത്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by