ഓണം മലയാളിക്ക് നല്ല ഇന്നലകളെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. മനുഷ്യരെല്ലാവരും ഒന്നുപോലെ പരിഗണിക്കപ്പെട്ടിരുന്ന സമത്വ സുന്ദരമായ ആ നല്ല കാലം വീണ്ടും വരുമെന്നുള്ള പ്രതീക്ഷയാണ് ഓരോ ഓണക്കാലവും പങ്കുവയ്‌ക്കുന്നത്.
ദുരിതകാലത്തിന്റെ കര്‍ക്കടകപെയ്‌ത്തിനൊടുവില്‍ മഴനൂലുകള്‍ക്കിടയിലൂടെ ചിരി തൂകിയെത്തുന്ന പ്രതീക്ഷയുടെ ചിങ്ങപ്പൊന്‍ വെയില്‍നാളമാണ് ഓണത്തിന്റെ അടയാളം.
ഓണപ്പൂക്കളങ്ങളിലെ പൂക്കള്‍ പോലെ വ്യത്യസ്ത ആഘോഷ രീതികള്‍ കൊണ്ടും സവിശേഷമാണ് ഓണാഘോഷം. ഓരോ നാടിനുമുണ്ട് ഓരോ ഓണം.
മാവേലി നാടുവാണ കാലത്തെക്കുറിച്ചുള്ള ഓര്‍മകളാണല്ലോ ഓണം. സര്‍വ്വം തന്റെ കാല്‍ക്കീഴിലാണെന്ന് അഹങ്കരിച്ചിരുന്ന മഹാബലിയുടെ ദര്‍പ്പം തീര്‍ക്കാനാണ് വാമനന്‍ അവതരിക്കുന്നത്. മൂന്നടി കൊണ്ട് വാമനന്‍ ആ അധികാര ദര്‍പ്പം തീര്‍ക്കുകയും ചെയ്തു. തൃക്കാക്കരയപ്പന്‍ എന്ന പേരില്‍ ഓണത്തിന് നായകത്വം വഹിക്കുന്നത് വാമനമൂര്‍ത്തിയാണ്. അത്തം മുതല്‍ പത്തുനാള്‍ മുറ്റത്ത് പൂക്കളമിട്ട് തൃക്കാക്കരയപ്പനെ പൂജിക്കും. മഹാബലിയെ വരവേല്‍ക്കും. കേരളത്തില്‍ എല്ലായിടത്തും ഈയൊരു ചടങ്ങ് സമാനമാണ്. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് പ്രസിദ്ധമായ വാമനമൂര്‍ത്തി ക്ഷേത്രം. തൃക്കാല്‍ക്കരൈ പിന്നീട് തൃക്കാക്കരയായെന്ന് ഐതിഹ്യം. തിരുവോണത്തിനാണ് ഇവിടെ ഉത്സവം നടക്കുന്നത്. തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തില്‍ ഓണാഘോഷത്തിന് തുടക്കമാവുക.
അത്തം മുതല്‍ പത്ത് നാളാണ് മലയാളികള്‍ തൃക്കാക്കരത്തേവരെ പൂജിക്കുന്നത്. പൂവിടുമ്പോള്‍ പണ്ടൊക്കെ വായ്‌ക്കുരവയും ഓണപ്പാട്ടുകളും ആര്‍പ്പുവിളികളുമൊക്കെ പതിവുണ്ടായിരുന്നു. പൂവേ പൊലി, പൂവേ പൊലി പാടിയാണ് പൂവട്ടി നിറയ്‌ക്കുക. നാട്ടിന്‍പുറങ്ങളില്‍ കിട്ടുന്ന സാധാരണ പൂക്കളാണ് പണ്ടൊക്കെ പൂക്കളം തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് പൂക്കളത്തില്‍ നിറയുന്നത് അയല്‍നാട്ടില്‍ നിന്നെത്തുന്ന വരവ് പൂക്കളാണ്. ഗുണ്ടല്‍പേട്ട്, ഡിണ്ടിഗല്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് ഇപ്പോള്‍ പൂവ് എത്തുന്നത്.
പൂക്കളം തീര്‍ക്കുന്നതിലും തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിലും രീതികളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിലെല്ലായിടത്തും ഈ ചടങ്ങ് നടക്കുന്നു.
ഓണക്കാലത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നിറയുന്ന പാട്ടുകള്‍ മലയാളിക്ക് സുപരിചിതങ്ങളാണ്. മാവേലി നാടുവാണീടും കാലം എന്ന വരികള്‍ പാടാത്ത ഒരു മലയാളിയുമുണ്ടാകില്ല. എന്‍.എന്‍.കക്കാടും വൈലോപ്പിള്ളിയും തീര്‍ത്ത കവിതപ്പൂക്കളം മലയാളത്തിന്റെ അഹങ്കാരമാണ്.
ഓണക്കോടിയും ഓണസദ്യയും ഇല്ലാതെ മലയാളിക്ക് ഓണാഘോഷമില്ല. ഇന്നും കൈത്തറി വസ്ത്രങ്ങള്‍ക്ക് പ്രിയമേറെ. മുണ്ടും സാരിയും സെറ്റ് മുണ്ടുമൊക്കെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നതും ഓണക്കാലത്താണ്.
തൃശ്ശൂര്‍-പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തുള്ള കുത്താമ്പുള്ളി ഗ്രാമം കൈത്തറി വസ്ത്രനിര്‍മാണത്തിന് പേരുകേട്ട സ്ഥലമാണ്.
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിയ ദേവാംഗ സമുദായത്തില്‍പ്പെട്ടവരാണിവിടെയുള്ള നെയ്‌ത്തുകാര്‍. പാരമ്പര്യത്തിന്റെ തനതു രീതികള്‍ കൈവെടിയാതെ, കൈത്തറിയില്‍ ആധുനിക സങ്കല്പങ്ങളും ഒരുമിച്ചു ചേര്‍ക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. കുത്താമ്പുള്ളി സാരികള്‍ക്കും മുണ്ടുകള്‍ക്കും ഇന്ന് കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിദേശത്തും ആവശ്യക്കാരേറെയാണ്.
ഓണസദ്യക്കൊപ്പം പ്രധാനമാണ് നേന്ത്രപ്പഴം നുറുക്ക്. നേന്ത്രക്കായക്കും പഴത്തിനും ഓണക്കാലത്ത് വിലയേറും. കാഴ്‌ച്ചക്കുലകളിലെ രാജാവെന്നാണ് ചെങ്ങാലിക്കോടന്‍ അറിയപ്പെടുന്നത്. ഓണവിപണിയില്‍ ചെങ്ങാലിക്കോടന്‍ കഴിഞ്ഞേ മറ്റിനങ്ങള്‍ക്കു സ്ഥാനമുള്ളൂ. 2014ല്‍ ഭൗമസൂചിക പദവി കുടി ലഭിച്ചതോടെ ചെങ്ങാലിക്കോടന്റെ പ്രാധാന്യമേറി. തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണ് ചെങ്ങാലിക്കോടന്റെ ഉത്ഭവം.
രാജഭരണകാലത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള കാഴ്‌ച്ചക്കുലകള്‍ കൊണ്ടുപോയിരുന്നത് ഇവിടെനിന്നായിരുന്നു. ഇപ്പോള്‍ ഉത്രാടനാളില്‍ ഗുരുവായൂരപ്പനു കാഴ്‌ച്ചക്കുലകളായി സമര്‍പ്പിക്കപ്പെടുന്നതും ചെങ്ങാലിക്കോടന്‍ തന്നെ. വേലൂര്‍, എരുമപ്പെട്ടി, വരവൂര്‍, മുള്ളൂര്‍ക്കര, തെക്കുംകര, കടങ്ങോട്, മുണ്ടത്തിക്കോട് കൈപ്പറമ്പ്, മുണ്ടൂര്‍, ചൂണ്ടല്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് ചെങ്ങാലിക്കോടന്‍ നേന്ത്രവാഴക്കൃഷി വ്യാപകമായുള്ളത്.
ഓണക്കാലം എത്തിയാല്‍ തൃശ്ശൂരിലെ നാട്ടിട വഴികളില്‍ ആട്ടവും പാട്ടുമായി കുമ്മാട്ടികളെത്തും.
ശിവന്റെ ഭൂതഗണങ്ങളാണ് കുമ്മാട്ടികള്‍. കുമിള്‍ മരത്തില്‍ തീര്‍ത്ത മുഖംമൂടികള്‍ക്കൊപ്പം ദേഹമാസകലം പര്‍പ്പടകപ്പുല്ലും കെട്ടിയാണ് കലാകാരന്മാര്‍ കുമ്മാട്ടികളായി കെട്ടിയാടുക. ഈ മുഖംമൂടികളില്‍ നിന്നാണ് മരമോന്ത എന്ന പ്രയോഗം ഉണ്ടായത്.
ഘോര തപസ്സ് ചെയ്ത അര്‍ജ്ജുനന് മുന്നില്‍ പാശുപതാസ്ത്രം നല്കുന്നതിനായി, കിരാത വേഷത്തിലാണ് ശിവ പാര്‍വ്വതിമാരും ഭൂതഗണങ്ങളും പ്രത്യക്ഷപ്പെട്ടത്. ശിവഭക്തനായ മഹാബലി ഓണത്തിന് പ്രജകളെ കാണാനെത്തുമ്പോള്‍ ഭൂതഗണങ്ങള്‍ വീണ്ടും കിരാത വേഷമണിഞ്ഞ് വരവേല്‍ക്കുന്നു എന്നാണ് കുമ്മാട്ടിക്ക് പിന്നിലെ ഐതിഹ്യം.
ദുരിതകാലമായ കര്‍ക്കടകം വിട്ട് വിളവെടുപ്പിന് ശേഷമുള്ള സമൃദ്ധിയുടെ ചിങ്ങനാളുകളില്‍ സന്തോഷം പങ്കിടുകയാണ് കുമ്മാട്ടികള്‍ എന്നതാണ് കുമ്മാട്ടിക്കളിയിലെ കാര്‍ഷിക ബന്ധം.
ശ്രീകൃഷ്ണന്‍, തള്ള, ഹനുമാന്‍, നാരദന്‍, കുംഭന്‍, കുംഭോദരന്‍, നരസിംഹം എന്നിങ്ങനെ വേഷങ്ങള്‍ നീളുന്നു. ചെറു സംഘങ്ങളായി ആട്ടവും പാട്ടുമായാണ് കുമ്മാട്ടികള്‍ നാട്ടിട വഴികളിലിറങ്ങുക.
വലിയ ജലോത്സവങ്ങള്‍ മുതല്‍ വീട്ടുമുറ്റത്തെ തിരുവാതിരക്കളിയും തുമ്പിതുള്ളലും വരെ ഓണത്തെ സമ്പന്നമാക്കുന്നു. പുന്നമട കായലിലും ആറന്മുളയിലും കണ്ടശാങ്കടവിലും തൃപ്രയാറും കോട്ടപ്പുറത്തുമെല്ലാം ജലരാജാക്കന്മാര്‍ മത്സരവേഗത്തില്‍ മാറ്റുരയ്‌ക്കും. തൃശ്ശൂര്‍ നഗരം വിറപ്പിച്ച് പുലികള്‍ ചുവടുവച്ചെത്തും. ലോകത്ത് കുടവയര്‍ അലങ്കാരമായി കാണുന്ന ഒരേയൊരു കലാരൂപമാണ് തൃശ്ശൂരിലെ പുലിക്കളി. രൗദ്രഭാവത്തില്‍ നൂറുകണക്കിന് പുലികള്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ട് കീഴടക്കാനിറങ്ങുമ്പോള്‍ നഗരം ഒരു പുലിമടയായി മാറും. ങ്ങളൊരു പുലിയാട്ടാ എന്ന പ്രയോഗം തന്നെയുണ്ട് തൃശ്ശൂരില്‍.
ഒരുകാലത്ത് ഓണത്തല്ല് കേരളത്തില്‍ പലയിടത്തും നടന്നിരുന്നു. ഇന്ന് കുന്നംകുളത്ത് മാത്രമാണ് ഓണത്തല്ല് അതിന്റെ ചിട്ടവട്ടങ്ങളോടെ നടക്കുന്നത്. വായ്‌ത്താരിയും കൈപ്പയറ്റും ചേര്‍ന്ന കലയാണ് ഓണത്തല്ല്. ഓണക്കാലത്ത് തല്ല് ധാരാളം നടക്കുന്നുണ്ടെങ്കിലും ശരിയായ ഓണത്തല്ല് കാണണമെങ്കില്‍ കുന്നംകുളത്ത് തന്നെ എത്തണം.
മലബാറില്‍ ഓണപ്പൊട്ടന്‍ ഓണത്തിന്റെ ഐശ്വര്യവുമായി വീടുകള്‍ കയറാനെത്തും. വള്ളുവനാട്, ഏറനാട് പ്രദേശങ്ങളില്‍ ഓണപ്പൊട്ടന്‍ വരുന്നത് അനുഗ്രഹമായാണ് വീട്ടുകാര്‍ കരുതുന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിലും ഓണപ്പൊട്ടന്‍ വീടുകളിലെത്തും. അനുഗ്രഹം ചൊരിഞ്ഞെത്തുന്ന ഓണപ്പൊട്ടന് വീട്ടുകാര്‍ സമ്മാനങ്ങളും ദക്ഷിണകളും നല്‍കി സ്വീകരിക്കും. കുട്ടനാട്ടില്‍ ഓണത്തിന്റെ സവിശേഷത വള്ളംകളികളാണ്. ചെറുതും വലുതുമായ അനേകം വള്ളംകളികള്‍ ഓണക്കാലത്ത് കുട്ടനാടിനെ ആര്‍പ്പുവിളികളാല്‍ നിറയ്‌ക്കും. മലബാറില്‍ ഒരു കാലത്ത് ഓണവില്ലും അതിന്റെ താളപ്പെരുക്കങ്ങളും നാടന്‍ ശീലുകളുമെല്ലാം ഓണത്തെ സമ്പന്നമാക്കിയിരുന്നു. അന്യം നിന്നുപോയ ഈ കലാരൂപത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നു.
അവധിക്കാലമായതിനാല്‍ കുട്ടികളും മുതിര്‍ന്നവരും എല്ലാം വീട്ടിലുണ്ടാകുമെന്നതാണ് ഓണത്തിന്റെ മറ്റൊരു സന്തോഷം. പുറത്ത് പലവിധ കളികള്‍ നടക്കുമ്പോള്‍ വീടിനകത്തും കുറേപ്പേര്‍ ചതുരംഗം, ചീട്ടുകളി തുടങ്ങിയ വിനോദങ്ങളില്‍ മുഴുകും.
ഇടക്കാലത്ത് മലയാളിയുടെ ഓണത്തിന്റെ സവിശേഷത സിനിമകളായിരുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടേയുമൊക്കെ പുതിയ റിലീസുകള്‍ ഓണക്കാലം കാത്ത് തിയറ്ററുകളില്‍ എത്തുമായിരുന്നു. ഇന്ന് ഒടിടിയും ഹോം തിയറ്ററുമൊക്കെ വന്നതോടെ തിയേറ്റര്‍ റിലീസുകളുടെ പ്രാധാന്യം കുറഞ്ഞു. മുന്‍പ് ഓണക്കാലത്താണ് തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെത്തിയിരുന്നത്. ഓണത്തിന് റിലീസ് ചെയ്യാന്‍ വേണ്ടി മാത്രം ഡസന്‍ കണക്കിന് സിനിമകള്‍ മലയാളത്തില്‍ ഒരുകാലത്ത് ഒരുങ്ങിയിരുന്നു.
ഓണം എല്ലാവരുടെയും ഉത്സവമാണ്. അതുകൊണ്ടാണ് കേരളത്തിന്റെ ദേശീയോത്സവമായത്. ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും ലിംഗ വ്യത്യാസവുമില്ലാതെ മലയാളികള്‍ ഓണം ആഘോഷിക്കുന്നു. എല്ലാ വൈവിധ്യങ്ങള്‍ക്കുമുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ഏകതയാണ് മലയാളിക്ക് ഓണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: