ഗുരുവായൂര്‍: പൊന്നുണ്ണിക്കണ്ണന്റെ തിരുമുന്നില്‍ ഭക്തരുടെ തിരുമുല്‍കാഴ്ചയായി ഉത്രാടക്കുലകള്‍ ഭഗവാന് സമര്‍പ്പിച്ച്, കൊടിമരത്തറ സ്വര്ണവര്ണക്കൂമ്പാരമാക്കി ഭക്തര്‍.
പൊന്നോണ വരവറിയിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ നടന്ന കാഴ്ചക്കുല സമര്‍പ്പണം ഭക്തിസാന്ദ്രമായി. വിപണിയില്‍ ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും തിളക്കമാര്‍ന്ന കുലകളാണ് ഭക്തര്‍ ഇന്നലെ ഭഗവാനായി സമര്‍പ്പിച്ച് ധന്യരായത്. രാവിലെ ശീവേലിക്കുശേഷം സ്വര്‍ണ കൊടിമര ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലയും, വിഘ്നേശ്വരന് നാളികേരവും വെച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മനയ്ക്കല്‍ മധുസൂദനന് നമ്പൂതിരി ആദ്യകാഴ്ച ഭഗവാന് സമര്‍പ്പിച്ചു. മേല്‍ശാന്തിയുടെ കാഴ്ചക്കുല സമര്‍പ്പണത്തിനുശേഷം, ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് തുടങ്ങിയവര്‍ കാഴ്ചക്കുല സമര്‍പ്പിച്ചു.
തുടര്‍ന്ന് ഭക്തരുടെ സമര്‍പ്പണം ആരംഭിച്ചതോടെ കൊടിമരച്ചുവട് കാഴ്ചക്കുലകളുടെ കൂമ്പാരമായി മാറി. ഇന്നലെ രാത്രി അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുന്നതുവരെ ഭക്തര്‍ കാഴ്ചക്കുലകളുമായി കണ്ണനരികിലെത്തി. കാഴ്ചക്കുല സമര്‍പ്പിക്കാനെത്തിയ ഭക്തര്‍ക്ക് ഇരിപ്പിട സൗകര്യംവരെ ഒരുക്കിയിരുന്നു. കാഴ്ചക്കുലകളായി ലഭിച്ചതില്‍ മൂന്നിലൊരുഭാഗം ദേവസ്വത്തിലെ ആനകള്‍ക്ക് നല്കി. ബാക്കി ഒരു ഭാഗം ഇന്ന് നടക്കുന്ന തിരുവോണ സദ്യക്ക് പഴപ്രഥമനായും ബാക്കിയുള്ള കുലകള്‍ ഭക്തര്‍ക്കായി ലേലവും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: