ശ്രീതിരുമാന്ധാം കുന്നില്‍ വച്ച് മാന്ധാതാവ് മഹര്‍ഷിക്ക് ദേവീദര്‍ശനമുണ്ടായ അതേ കാലത്തു തന്നെ മാണിക്യ പുരത്തും ഭഗവത് ചൈതന്യം പരിലസിച്ചിരുന്നു എന്ന് ദേവപ്രശ്ന വിധി അനുസരിച്ച് മനസ്സിലാക്കുവാന്‍ കഴിഞ്ഞു, മറഞ്ഞും തെളിഞ്ഞും നിലനിന്നിരുന്ന ആ ചൈതന്യത്തിന്റെ പ്രസരണം ആദ്യമായി അനുഭവപ്പെട്ടത് ഒരു സ്ത്രീക്കാണ്. ഈ ചൈതന്യ പൂരകങ്ങള്‍ ഒരു മാണിക്യം തിളങ്ങുന്ന പ്രതീതിയാണവരിലുണ്ടാക്കിയത്. അക്കാരണം കൊണ്ടാണ് ഇവിടെ മാണിക്യപുരം എന്നു പ്രസിദ്ധമായത്. തിരുമാന്ധാം കുന്നുമായി ഈ ക്ഷേത്രത്തിന് അഭേദ്യമായ ബന്ധമുണ്ട്. ദേവീരൂപം കളമെഴുതിയാണ് ഇവിടെ കളംപാട്ടു നടത്തുന്നത്. ഒപ്പം അയ്യപ്പന് പാട്ടു മുണ്ടാകും. സ്വവാഹനമായ കുതിരമേല്‍ എഴുന്നെള്ളി ഇഷ്ടഭുവില് വന്നിറങ്ങി ഭക്തര്‍ക്ക് ഇഷ്ടങ്ങള്‍ അനസ്യൂതമായി നല്കുന്ന മാണിക്യ പുരം ശാസ്താ ക്ഷേത്രനടയിലാണ് കലികാലദോഷ നിവൃത്തിക്കായി ശിരസു നമിക്കേണ്ടത്.
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പട്ടണത്തിലാണ് വിശേഷതകളാര്ന്ന ഈ ശാസ്താ ക്ഷേത്രം നിലകൊള്ളുന്നത്. മാണിക്യപുരം ശാസ്താ ക്ഷേത്രം വള്ളുവനാട്ടിലെ ശബരിമല എന്നാണ് അറിയപ്പെടുന്നത്. ശബരിമല ശാസ്താവിനെ തൊഴുതു മാറുമ്പോഴുണ്ടാകുന്ന മനോബലത്തിനും സുഖത്തിനും സമാന്തരമായ ദര്‍ശനാനുഭവം മാണിക്യപുരത്തെ സന്നിധാനത്തിലും ലഭിക്കുന്നു. ഭക്തിയുടെ വൈകാരികത അനുഭവസ്ഥര്ക്ക് പറയാനുണ്ടാകും പ്രാര്‍ത്ഥനയിലെ ആത്മാര്‍ത്ഥതയ്ക്ക് അത്രമേല്‍ അഭിഷ്ടവരദായകനായ അയ്യപ്പനിലുളള ദൃഢവിശ്വാസമാണ് നിത്യമുള്ള തിരക്കിന്റെ അടിസ്ഥാനം. ഏകാന്തവാസിയായ അയ്യപ്പനെ ഓര്‍മ്മപ്പെടുത്തുന്ന പ്രശാന്ത പ്രകൃതിയാണ് ക്ഷേത്രത്തിലേത്. അശ്വമാണ് വാഹനം എന്ന അപൂര്‍വ്വ വിശേഷമാണ് പ്രതിഷ്ഠയുടെ വൈശിഷ്ട്യം. ശക്തിയും വേഗവുമാര്ന്ന് തടസ്സങ്ങളെ ഉല്ലംഘിച്ചുള്ള അശ്വസഞ്ചാരത്തെ ഓര്‍മ്മപ്പെടുത്തുന്ന കാര്യസാദ്ധ്യ പുഷ്പാഞ്ജലിയുടെ ഫലശ്രുതി. ഇച്ഛിച്ച ഫലം അനുഭവസ്ഥ മാക്കുന്നതിന്റെ ആവര്‍ത്തനങ്ങള്‍.
കാര്യസാദ്ധ്യ പുഷ്പാഞ്ജലി
ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്ത്വത്തില്‍ ഏകദേശം മൂന്നു മണിക്കൂര്‍ നീളുന്ന അര്‍ച്ചനയാണ് കാര്യസാദ്ധ്യ പുഷ്പാഞ്ജലി. പേരും നാളും നോക്കി പ്രത്യേകം പൂജ നടത്തുന്നു. ഉച്ചപൂജക്ക് ശേഷം 11 മണിക്ക് അര്‍ച്ചനാ പ്രസാദം നല്കുന്നു. ശ്രീലകത്ത് തന്ത്രി നടത്തുന്ന വേദാര്ച്ചനയെ ഭക്തര്‍ കാര്യസാദ്ധ്യ പുഷ്പാഞ്ജലി എന്നു പറയുന്നു. ഈ പുഷ്പാഞ്ജലിയില്‍ പങ്കുചേര്‍ന്നാല്‍ സര്വ്വകാര്യസാധ്യമാണ് ലഭിക്കുക എന്ന വിശ്വാസം ഭക്തരുടെ അനുഭവത്തിന്റെ പ്രതിഫലനമാണ്.
കന്നിമൂല ഗണപതി
ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ മഹാഗണപതി പ്രതിഷ്ഠയുണ്ട്. മിഥുനമാസത്തിലെ പൂയ്യം നക്ഷത്രം പ്രതിഷ്ഠാദിനമായി കൊണ്ടാടുന്നു. അന്നേ ദിവസം നവകം, പഞ്ചഗവ്യം, പ്രത്യേക പൂജകള്‍ എന്നിവ നടത്തുന്നു.
സര്‍പ്പപ്രതിഷ്ഠ
നാഗദൈവങ്ങള്‍ പ്രകൃതീശ്വരന്മാര് കൂടിയാണ്. ക്ഷേത്രത്തിന്റെ ധനുരാശി പദത്തില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും പ്രതിഷ്ഠയുണ്ട്. ഇവിടെ എല്ലാ ആയില്യത്തിനും പ്രത്യേക പൂജയും ശിവരാത്രിക്കു മുമ്പുള്ള ആയില്യത്തിന് പായസഹോമവും സര്‍പ്പബലിയും നടത്തുന്നു.
അഖണ്ഡനാമയജ്ഞം
വൃശ്ചികമാസത്തിലെ മൂന്നാം ശനിയാഴ്ച അഖണ്ഡനാമയജ്ഞം. മണ്ഡലക്കാലത്ത് മലപ്പുറം ജില്ലയിലും, കോഴിക്കോട് പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളിലും മാത്രം കണ്ടു വരുന്ന ഒരു ആചാരമാണ് അഖണ്ഡനാമയജ്ഞം. അഖണ്ഡനാമം നടക്കുന്ന ക്ഷേത്രത്തിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര് സംഘമായി എത്തും. വ്രതശുദ്ധിയില്‍ മനസ്സിനെ പാകപ്പെടുത്തുന്നതോടൊപ്പം മലകയറും മുമ്പ് ശരീരത്തെ സജ്ജമാക്കുക എന്ന ലക്ഷ്യവും ഈ ആചാരത്തിനുണ്ട്. ദുഷ്ട ചിന്തകളായ കരിമലയെ ചവിട്ടി മന്ത്രോച്ചാരണത്തോടെ നീങ്ങുമ്പോള്‍ തെളിനീരൊഴുകുന്ന പമ്പയായി മനസ്സിനെ മാറ്റുന്നതിനുള്ള പ്രയത്നം കൂടിയാണിത്. മഹിഷീ നിഗ്രഹത്തെക്കുറിച്ച് നാരദമഹര്‍ഷി ദേവന്ന്മാരോട് വര്ണിക്കുമ്പോള് ചുറ്റും നിന്ന് ദേവന്മാര് അനന്ദ നൃത്തം ചെയ്തതായുള്ള ഐതിഹ്യത്തിന്റെ തുടര്‍ച്ച കൂടിയാണിത്. 2000 ല്‍ അധികം സ്വാമിമാര്‍ ഉദയത്തില്‍ തുടങ്ങി പിറ്റേദിവസം ഉദയം വരെ ഇടമുറിയാതെയാണ് നാമജപം.
കളംപാട്ട്
വൃശ്ചികമാസത്തില്‍ തുടങ്ങുന്ന കളംപാട്ട് മറ്റൊരു പ്രത്യേക തയാണ് ‘ തിരുമാന്ധാം കുന്നിലമ്മക്കും മാണിക്യ പുരത്തപ്പനും ഇവിടെ കളംപാട്ട് നടത്തുന്നു എന്ന പ്രത്യേക തകൂടി ഈ ക്ഷേത്രത്തിനുണ്ട്. ഒരു ക്ഷേത്രമുണ്ടാക്കി അതിലൊരു ദേവനെ പ്രതിഷ്ഠിച്ച് ഉപാസിച്ചാലുണ്ടാകുന്ന പുണ്യം ഒരൊറ്റ കളംപാട്ടിലൂടെ നേടാമത്രെ. മകരവിളക്കിനു മുമ്പുള്ള ശനിയാഴ്ച അയ്യപ്പന് താലപ്പൊലി നടത്തുന്നു. മുല്ലക്കന്‍പാട്ട്, ഈടും കൂറും ,കള പ്രദക്ഷിണം, കളത്തിലാട്ടം, കളംപൂജ, നാളികേര മേറ് എന്നിവ വിപുലമായി നടത്തുന്നു.ഈ ക്ഷേത്രത്തിലെ കളംപാട്ട് നടത്തുന്നത് കല്ലാറ്റുകുറുപ്പന്മാരാണ്. മകരവിളക്കിന്റെ തലേദിവസം ഭഗവതിയുടെ താലപ്പൊലിയും വിപുലമായി നടത്താറുണ്ട്. വാതില്‍മാടത്തിലെ പാട്ടു കൊട്ടിലില്‍ ചൂടിക്കയര്‍ കെട്ടി ഒരുക്കിയ പാട്ടു പന്തലിനു മുകളില്‍ ചുവന്ന കൂറപ്പട്ട് വിതാനിക്കും. കുരുത്തോല കെട്ടി അലങ്കരിക്കും. പഞ്ചവര്‍ണപ്പൊടി കൊണ്ട് കളമെഴുതും. മഞ്ചാടി ഇലയോ, വാകയിലയോ ഉണക്കിപ്പൊടിച്ച് പച്ച, ഉണക്കല്ലരി പൊടിച്ച് വെള്ളപ്പൊടി, മഞ്ഞ ക്ക് മഞ്ഞപ്പൊടി, മഞ്ഞപ്പൊടിയും ചുണ്ണാമ്പും ചേര്‍ത്ത് ചുവപ്പ്, ഉമിക്കരി പൊടിച്ച് കൃഷ്ണപ്പൊടി കൊണ്ട് കറുപ്പ്. 5 പ്രകൃതി വര്‍ണം കൊണ്ട് 8 കയ്യുള്ള ഭദ്രകാളി രൂപവും, അശ്വത്തോടു കൂടിയ ശാസ്താവും കളത്തില്‍ നിറയും.ജീവിതത്തിലെ മൂന്നു ഘട്ടങ്ങളായി സൃഷ്ടി, സ്ഥിതി, സംഹാരം, ഈ മൂന്നു ഭാവങ്ങള്‍ കളംപാട്ടില്‍ വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക ,പിന്നീട് കളംപൂജ, കളംപാട്ട്, തുടങ്ങിയവ അവസാനം വെളിച്ചപ്പാടോടുകൂടി സംഹാര താണ്ഡവം.
കളഭാഭിഷേകം
കൊല്ലത്തില്‍ രണ്ടു പ്രാവശ്യമാണ് കളഭാഭിഷേകം. വൃശ്ചികം ഒന്നു മുതല്‍ ആരംഭിക്കുന്ന നെയ്യഭിഷേകത്തിന്റെ ഫലമായി വിഗ്രഹം തണുപ്പിക്കുവാന്‍ മകരവിളക്കിന് പ്രത്യേക കളഭാഭിഷേകം നടത്തുന്നു. രണ്ടാമത്തെ പ്രത്യേക കളഭാഭിഷേകം ദേവന്റെ പ്രതിഷ്ഠാദിനമായ മിഥുനമാസത്തിലെ അവിട്ടം നക്ഷത്രത്തിലാണ്. ഈ വര്‍ഷത്തെ പ്രതിഷ്ഠാദിനം 2024 ജൂണ്‍ 26 ബുധനാഴ്ചയാണ്.
മകരവിളക്ക്
ശബരിമലയില്‍ തൊഴാന്‍ സാധിയ്ക്കാത്തവര്‍ക്ക് ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതി എന്ന അന്തരീക്ഷമാണ് ക്ഷേത്രത്തില്‍ ഒരുക്കുന്നത്. രാവിലെ 4 മണിക്ക് ഗണപതി ഹോമത്തോടെ തുടങ്ങി രാത്രി 11 മണിക്ക് ഹരിവരാസനാ ലാപനത്തോടെ നട അടയ്ക്കുന്നതിനിടക്ക് ക്ഷേത്രത്തിനകത്ത് ആചാരാനുഷ്ടാന ചടങ്ങുകള്‍ ചിട്ടയില്‍ പുലരുകയും പുറത്ത് വാദ്യ ദൃശ്യങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു മകരവിളക്ക് ദിവസം മുഴുവന്‍ മാണിക്യ പുരം ഉത്സവ പ്രതീതിയായി മാറുന്നു. മകരവിളക്ക് സന്ധ്യയില്‍ മാണിക്യ പുരത്തെത്തുന്നവര്ക്ക് ശബരിമലയില്‍ പോകാന്‍ സാധിയ്ക്കാത്തതിന്റെ ഖേദം തീരുന്ന രീതിയിലാണ് അന്നത്തെ സംവിധാനം
പ്രധാന വഴിപാടുകള്‍
അത്താഴപ്പൂജ വേളയില്‍ എല്ലാ മുപ്പട്ടു ശനിയാഴ്ചയും അപ്പം വഴിപാടും ബുധനാഴ്ച അടവഴിപാടും നടത്തുന്നു. അത്താഴപ്പൂജ വേളയില്‍ ഉഗമൂര്ത്തി ഭാവം ധരിക്കുന്ന ശാസ്താവിന് അപ്പവും അടയും നിവേദിക്കുന്നത് കൗളാ ചാരപ്രകാരമുള്ള സ്വാതി ക ആചാരരീതിയാണ്. മകരവിളക്കു ദിവസം അത്താഴപ്പൂജക്ക് അപ്പം, അട, എന്നിവക്കു പുറമെ പാനകവും നിവേദിക്കാറുണ്ട്. ഉദ്ദിഷ്ട കാര്യം സാധിച്ചാല്‍ ഭക്തര്‍ നടത്തുന്ന പ്രധാന വഴിപാടുകളാണ് ഉദയാസ്തമന പൂജയും കളഭാഭിഷേകവും. കൂട്ടുപായസം, കഠിന പായസം, നക്ഷത്ര പൂജ, തൃകാല പൂജ, പ്രഭാ മണ്ഡലവും ഗോള ക യും ചാര്‍ത്തല്‍, വലിയ വിളക്ക്, ചന്ദനം ചാര്‍ത്തല്‍, തുലാഭാരം, ഒറ്റ, കൂട്ടു ഗണപതി ഹോമം എന്നിവയും പ്രധാനമാണ്.
ക്ഷേത്രത്തിലെത്താന്‍: കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ ശ്രീ തിരുമാന്ധാംകുന്നു ക്ഷേത്രഗോപുരത്തിന് മുന്‍വശത്തുള്ള പരിയാപുരം റോഡില്‍ ഉദ്ദേശം 300 മീററര്‍ ദൂരത്തില്‍ മാണിക്യ പുരത്തപ്പന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തീവണ്ടിയില്‍ വരുന്നവര്‍ക്ക് ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ പ്രധാന സ്റ്റേഷനായ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: