മഹാബലി-വാമനന് കഥയിലൊരു തത്ത്വമുണ്ടോ? തിരുവോണ കഥയിലെന്നല്ല ഭാരതത്തിലെ എല്ലാ പുരാവൃത്തങ്ങളിലും ജീവിതം സുന്ദരവും സുഖകരവുമാക്കാന്‍ പോന്ന തത്ത്വരത്നങ്ങള്‍ സൂത്രരൂപത്തിലുണ്ടാവും. എങ്കില്‍ എന്താണ് തിരുവോണതത്ത്വം?
യാചനയുടേയും ദാനത്തിന്റേയും ദര്‍ശനമാണത്. എപ്പോള്‍ ഒരുവന് യാചിച്ചു തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ അവന് വാമനനാകുന്നു. തന്നെത്തന്നെ ദാനംചെയ്യാന് ഒരുവന് എപ്പോള്‍ സന്നദ്ധനാകുന്നുവോ അപ്പോള്‍ അവന് മഹാബലിയാകുന്നു.വാമനന് എന്നാല്‍ ഉയരം കുറഞ്ഞവന്(കുള്ളന്‍) എന്നാണ് നാം മനസിലാക്കിയിരിക്കുന്നത്. മഹാബലിക്കു മുന്നില്‍ ആകാരം കൊണ്ടാണ് വാമനന് കുറിയവന്. അഷ്ടൈശ്വര്യസിദ്ധിയുള്ള വാമനന് യഥാര്‍ത്ഥത്തില്‍ ബലിയേക്കാള്‍ എത്രയോ ബലശാലിയും വലിയവനുമാണ്. നിത്യജീവിതത്തില്‍ അപരനെ ശരിയായി അളക്കുന്നതില്‍ നമെത്ര ദുര്‍ബ്ബലര്‍! വമനേച്ഛ(ഛര്‍ദ്ദി) ഉണ്ടാക്കുന്നവന് എന്നാണ് വാമന പദത്തിന്റെ വാച്യാര്‍ത്ഥം. അതിതൃഷ്ണയാല് ദഹനക്കേടുണ്ടാക്കുന്ന ആന്തരിക മലങ്ങളും വിചാരവിഷങ്ങളും കര്‍മ്മഫലങ്ങളും പുറത്തേക്കു വമിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ വാമനന്. (അഹങ്കാര)വൃക്ഷത്തെ വേരോടെ ഉണക്കുന്നവന്‍ എന്ന വിശേഷാര്ത്ഥവും ഈ വാക്കിനുണ്ട്. മഹാബലിയുടെ അഹങ്കാരത്തെ നിശ്ശേഷം നശിപ്പിക്കുകയായിരുന്നല്ലോ വാമനന്.
ഭരണാധികാരിയായാലും പ്രജയായാലും നാം പ്രകൃതിയുടെ ദാനം സ്വീകരിക്കുന്നവരാണ്. അന്നമായും ജലമായും വെയിലായും വെള്ളമായും വായുവിലെ ഓക്സിജനായും നാം അനുനിമിഷം പ്രകൃതിയുടെ ദാനം സ്വീകരിക്കുന്നുണ്ട്. ദാനം സ്വീകരിക്കുന്നവന് ദാതാവിനെ വണങ്ങി നില്‍ക്കണം. പ്രകൃതിയുടെ ദാനത്താല്‍ പുലരുന്നവര്‍ പ്രകൃതിയെ വണങ്ങണം. ഓരോ ഉരുള കഴിക്കുമ്പോഴും സ്വയം തലകുനിക്കുന്നവരുടെ മട്ടുംഭാവവും ദൈവത്തിനു മുന്നിലും തലകുനിക്കില്ലെന്നതാണെന്ന വിരോധാഭാസം ആലോചനാമൃതം. അല്പം പണവും അധികാരവുമായാല്‍ ആരും സ്വയം മറക്കും. അനന്തശക്തിശായിയായ പ്രകൃതി തന്റെ ചൊല്പടിയിലെന്ന് നിനയ്ക്കും. എപ്പോള്‍ നാമിങ്ങനെ മദംകൊള്ളുന്നുവോ അപ്പോഴെല്ലാം പ്രകൃതി പ്രളയമായും വേനലായും അത്യുഗ്ര ചുഴലിയായും നമ്മുടെ നിസ്സാരതയെ ബോധ്യപ്പെടുത്തുംമനുജനെത്ര വളര്‍ന്നാലും മാനുഷികപരിമിതികളില് ബദ്ധനായിരിക്കും. എന്നാല്‍ നിബന്ധിതമല്ലാത്ത പ്രകൃതിക്ക് അപരിമേയവും അതിസൂക്ഷ്മവും ആയ ഏതു രൂപവുമെടുക്കാനാവും. ആവശ്യാനുസരണം വിശ്വപ്രകൃതിയെടുത്ത രൂപങ്ങളത്രേ ദശാവതാരം എന്നു നാമറിയണം.
പറഞ്ഞത് ആരെന്നറിഞ്ഞ് കേട്ടതിന്റെ ആന്തരാര്‍ത്ഥം ഗ്രഹിക്കണം. തപംചെയ്യാന് മൂന്നടി മണ്ണുചോദിക്കുന്നവ് ഒരടിതന്നെ(ഒറ്റക്കാലിലും തപസ്സാവാമല്ലോ) ധാരാളമെന്നിരിക്കേ എന്തിനീ ചോദ്യമെന്ന് ഉള്ളം തെളിയണം. അതിനു ഗുരുത്വമുണ്ടാവണം.
പതിന്മടങ്ങ് ശക്തനായവന് എള്ളോളം എളിയവനോടു സഹായം തേടുന്നുവെങ്കില്‍ അതിലൊരു കെണികാണണം. അതു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഗുരുവിനോട്, ‘ഞാന്‍ പറയുന്നത് കേട്ടാല്‍ മതി, അല്ലാതെ എന്നെ പഠിപ്പിക്കാന്‍ വരേണ്ട’ എന്ന് അപഹസിക്കാന്‍ തോന്നിപ്പിക്കുന്നത് അഹങ്കാരമാണ്. ബലഗര്വിതനായ ഒരുവനെ അവന്റെ വിധിയില്‍ നിന്നു ബലമായി തടുക്കാന്‍ ആരു ശ്രമിക്കുന്നുവോ അവന് ശുക്രാചാര്യരെപ്പോലെ അപഹസിതനും പീഡിതനുമാകുമെന്നും നാമറിയണം. വേണ്ടതെന്തന്നറിഞ്ഞാലും ചിലപ്പോഴൊക്കെ നമ്മള് വേണ്ടാത്തത് ചെയ്തുപോകും. അതാണ് വിധിയുടെ വിളയാട്ടം. ബോധമനസ്സിന്റെ തീരുമാനമല്ല, മറിച്ച് അബോധമനസ്സിലെ നിരന്തരാഗ്രഹമെന്തോ അതാണ് വിധിയായി പരിണമിക്കുന്നത്. വിഷ്ണുപദത്തില്‍ സായുജ്യമടയണം എന്ന ബലിയുടെ നിരന്തരാഗ്രഹമാണ് ശിരസ്സില്‍ വിധിരൂപേണ വാമനപാദമായി പതിഞ്ഞത്. അതിലൂടെ ബലിയിലെ ശിവത്വം ഭഗവാനില്‍ വിലയിതമായി. ശിവത്വം പോയാല്‍ ശരീരം ശവമാകും. ഇതത്രേ(ശാരീരികമായ) പാതാളഗമനം. മരണാനന്തരം യശസ്സ് നല്ലനിലയിലേക്ക് ഉയരും. ഇതിനാലത്രേ മഹാബലി ‘സു-തല’ത്തിലാണ് എത്തിയതെന്ന് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: