ഓണക്കാലത്ത്, ആഘോഷത്തിലാഴുന്ന മലയാളിയുടെ നര്‍മബോധത്തില്‍ കഥാപാത്രങ്ങളാണ് വാമനനും മഹാബലിയും. അവിടെ കഥയറിയാതെ ആട്ടം കാണുന്നവരുടെ കഥയില്ലായ്മകളാണതിലധികവും. നര്‍മം മലയാളിയുടെ മഹാസ്വത്താണ്. നര്‍മം വേണ്ടതുമാണ്. നര്‍മത്തോടെ നിര്‍മ്മമമായി ആസ്വദിച്ചു ജീവിക്കുന്നതാണ് ഏറ്റവും സുഖകരം, പക്ഷേ സുകരമല്ല. നര്‍മ്മത്തെ ഹാസം, ഹാസ്യം ഒക്കെയായി തിരിച്ച് വ്യാഖ്യാനിച്ച് അതിലെ പരിഹാസത്തെവരെ താത്ത്വികമായി ഉള്‍ക്കൊണ്ടിട്ടുള്ളതാണ് ഭാരതീയ സാംസ്‌കാരിക ചരിത്രം. അത് കേരളത്തില്‍ കുറേയേറെ ഉണ്ടെന്ന് തോന്നിപ്പോകും. ഒരുപക്ഷേ സൂക്ഷ്മമായി പഠിച്ചാല്‍ ഈ നര്‍മ്മത്തിന്റെ ഫലിതചരിത്രം (ഫലിച്ചതാണ് ഫലിതം) ഭാരതത്തില്‍ വ്യാപകമാണ്. ലോകത്ത് എമ്പാടുമുണ്ട് എന്ന് വ്യാഖ്യാനിക്കുന്നവര്‍ തല്‍ക്കാലം ക്ഷമിക്കണം, കേരളത്തിലാണ് ഇന്നത്തെ ഫോക്കസ്.
വാമനന്‍ അസാധാരണ രൂപിയാണ്. സങ്കല്‍പ്പത്തിലും സാക്ഷാത്ക്കാരത്തിലും. മഹാബലിയും അങ്ങനെതന്നെ. ദശാവതാരത്തിലെ അഞ്ചാമത്തെ ഈശ്വരാംശമാണ് വാമനന്റേത്. ദുഷ്ടനിഗ്രഹത്തിന് അതത് കാലത്ത് അവതരിക്കുന്ന ഈശ്വരചൈതന്യമാണ് ദശാവതാര സങ്കല്‍പ്പം. അതായത് മഹാബലിയുണ്ടാക്കിയ ദുഷ്ടഭാരം തീര്‍ക്കാനാണ് വാമനന്‍ അവതരിച്ചത്. മഹാബലി അസുരരാജാവായിരുന്നു. ബലിയുടെ ചരിത്രം വളരെ വിചിത്രമാണ്. ദേവാസുരയുദ്ധത്തില്‍ മഹാബലി ചെയ്ത കൃത്യങ്ങള്‍ കേരളത്തിലെ ‘മാവേലിപ്പാട്ടു’പോലെയല്ല, അതാണ് മലയാളിയുടെ നര്‍മ്മത്തിലെ ചില ‘ദുഷ്‌കര്‍മ്മങ്ങള്‍,’ അതവിടെ നില്‍ക്കട്ടെ.
കേരളത്തില്‍ മഹാബലി, ‘മാവേലിപ്പാട്ടി’ലേതുപോലെ വീരനും വിശിഷ്ടനുമാണെന്ന് വാദിക്കുന്നവരുണ്ട്. ആ ‘സര്‍വസമത്വസുന്ദര സമാധാന ഭരണത്തിലായിരുന്ന മഹാബലിയെ, വന്‍ ചതിയിലൂടെ വാമനന്‍ ചെന്ന്, പാതാളത്തിലേക്ക് തലയില്‍ ചവിട്ടി, താഴ്‌ത്തിയെന്നാണല്ലോ അപരാധം. വാമനന്‍ ‘വരേണ്യ-സവര്‍ണ വര്‍ഗ്ഗത്തിന്റെ പ്രതിനിധി’യും മഹാബലി, ‘അതിസാധാരണക്കാരായ അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതീക’വുമായാണ് വിപ്ലവ വ്യാഖ്യാനങ്ങള്‍ ഒരുകാലത്ത് കളം നിറഞ്ഞുനിന്നിരുന്നത്. പിന്നീട് മഹാബലിയെ ‘മതപരിവര്‍ത്തനം’ ചെയ്യിച്ചെടുത്ത്, മതശക്തികളുടെ ആധിപത്യവും പീഡനവുമായി മാവേലിക്കഥ വ്യാഖ്യാനിച്ചു. മഹാബലി അസുര രാജാവായിരുന്നുവെന്നും ദുഷ്ടനിഗ്രഹത്തിനാണ് വാമനന്‍ അവതരിച്ചതെന്നും മറ്റും മറ്റുമുള്ള ഇതിഹാസ- പുരാണ വര്‍ത്തമാനങ്ങളെ ചരിത്രവും കെട്ടുകഥയും നാട്ടുകഥയും നാടന്‍ പാട്ടും മിമിക്രിയും മോണോ ആക്ടും പ്രച്ഛന്ന വേഷവുമൊക്കെയാക്കി, എന്തിനും വഴങ്ങുന്ന മലയാളിയുടെ വിശാല- ഉദാര- സഹിഷ്ണുത ബോധത്തില്‍ പ്രതിഷ്ഠിച്ചു. അതതുകാലത്തെ കല്‍പ്പനകള്‍ക്കനുസരിച്ച് കലാകാരന്മാര്‍ ഇവരെ ചിത്രീകരിച്ചു, ചായം പുരട്ടി, വേഷം കെട്ടിച്ചു. കുറുകിയ പൊക്കത്തിലാക്കി, വാമനന് ‘പൂണുനൂലും’ ‘ഓലക്കുട’യും ‘മെതിയടി’യും ‘കൗപീന’വും ‘ഓട്ടുകമണ്ഡലു’വും ചാര്‍ത്തിച്ചു. മഹാബലിയെ ‘കപ്പടാമീശ’യും ‘കുടവയ’റുമുള്ളയാളാക്കി, മുണ്ടും നേര്യതും രത്നം പതിച്ച സ്വര്‍ണ മോതിരവും കടുക്കനും കിരീടവും കൊണ്ടലങ്കരിച്ചു. അങ്ങനെ ഓണക്കാലത്തെ രണ്ടു ‘കോമാളി വേഷ’ങ്ങളായി ഈ രണ്ട് ഉദാത്ത സങ്കല്‍പ്പങ്ങളെ തരംതാഴ്‌ത്തി. നമ്മുടെ, മലയാളിയുടെ നര്‍മ്മബോധം, ധര്‍മ്മബോധമില്ലാതെ അതൊക്കെ ആസ്വദിച്ചു, ആസ്വദിക്കുന്നു; കലയുടെ, സര്‍ഗ്ഗക്രിയയുടെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആകാശവലുപ്പത്തില്‍- അതിനെതിരെ കാര്യമായ ശബ്ദമൊന്നും ഉയര്‍ന്നില്ല.
മഹാബലി, വാമനദര്‍ശനത്തെ തുടര്‍ന്ന് അഹംഭാവം അടിയറവച്ച് പില്‍ക്കാലത്ത് ഭരിച്ച ”സ്വര്‍ഗ്ഗത്തേക്കാള്‍ വിശിഷ്ടമായ സുതല”മെന്ന പ്രദേശത്തുനിന്ന് ആണ്ടുതോറും സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുമെന്ന സങ്കല്‍പ്പത്തിന് എത്ര മനോഹരമായ സാംസ്‌കാരിക ഭാവനയാണുള്ളതെന്ന് ചിന്തിക്കുമ്പോഴാണ് ഭാരതീയ ഇതിഹാസ- പുരാണങ്ങളുടെ മഹനീയത മനസ്സിലാകുന്നത്. അവയ്‌ക്ക് അതത് പ്രദേശത്തെ നാട്ടുസാംസ്‌കാരികതയില്‍ കിട്ടിപ്പോരുന്ന അതിപരിചിതമായ അലങ്കാരങ്ങള്‍ കൂടിയാകുമ്പോള്‍ അവ പ്രാദേശിക ജനതയുടെ വിശ്വാസത്തിന്റെ ജനിതക ഘടനയില്‍ ലയിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ചില കുബുദ്ധികള്‍, അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് ആ സാംസ്‌കാരികത വിഘാതമാകുമെന്ന് മനസ്സിലാക്കി അത്തരം അസ്മിതയുടെ അടിത്തറകള്‍ തന്നെ തകര്‍ത്തു കളയാന്‍ പരിശ്രമിച്ചു. അത് പലകാലത്തും പലയിടങ്ങളിലും ചരിത്രമാണ്. അത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയിലാണ് വാമനനും മഹാബലിയും കോമാളിയായി മാറുന്നത്; ചിലര്‍ അങ്ങനെ മാറ്റിക്കളയുന്നത്.
മാവേലി ‘പാതാള’ത്തില്‍നിന്ന് വരുന്നുവെന്നാണ് ‘കഥപറച്ചില്‍.”പാതാളം’എന്നൊരു സ്ഥലം എറണാകുളത്തുണ്ട്. എറണാകുളം ജില്ലയില്‍ത്തന്നെയാണ് തൃക്കാക്കര. അവിടെ തൃക്കാക്കര ക്ഷേത്രത്തില്‍ വാമനമൂര്‍ത്തിക്ക് പ്രതിഷ്ഠയും പൂജയുമുണ്ട്. തൃപ്പൂണിത്തുറയില്‍ നിന്നുള്ള അത്തച്ചമയാഘോഷ യാത്രയും തൃക്കാക്കരയിലെ ഓണോത്സവവുമാണ് അനുഷ്ഠാനപരമായി ഏറ്റവും പ്രസിദ്ധം. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയാണ് ‘മാവേലി’യുടെ വേരുള്ള സ്ഥലം. ഓണത്തപ്പനും ഓണക്കളിയും ഓണപ്പൊട്ടനും ഓണപ്പാട്ടും ഓണത്തല്ലും ഓണവില്ലും ഓണവള്ളംകളിയും ഓണ വില്‍പ്പാട്ടുമൊക്കെയായി കേരളമെമ്പാടും ഓണം നിറഞ്ഞുനില്‍ക്കുന്നു.
ഓണക്കാലത്ത് കേരളം തലങ്ങും വിലങ്ങും സഞ്ചരിക്കും ജനങ്ങള്‍. കിഴക്ക് പടിഞ്ഞാട്ടേക്കും പടിഞ്ഞാറ് കിഴക്കേക്കും തെക്ക് വടക്കോട്ടേക്കും വടക്ക് തെക്കോട്ടുമായി ദിശകള്‍ക്കും ദിക്കുകള്‍ക്കുമപ്പുറം യാത്ര ചെയ്യും. കേരളം ഏറ്റവും കൂടുതല്‍ പണം വ്യവഹാരം ചെയ്യുന്ന കച്ചവട-വ്യാപാര കാലവും ഓണത്തിന്റേതാണ്. അതുകൊണ്ടാണ് സ്ഥാപനങ്ങളും സര്‍ക്കാരും ബോണസ് എന്ന ലാഭവിഹിതം (ഇപ്പോള്‍ അത് ഫെസ്റ്റിവല്‍ അലവന്‍സ് എന്ന ഓമനപ്പേരിലാണ്) ജീവനക്കാര്‍ക്ക് ഓണത്തിന് നല്‍കുന്നത്. കൃത്യമായ മേല്‍നോട്ടവും സൂക്ഷ്മമായ നിര്‍വഹണവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ബോണസ്ത്തുകയുടെ പലമടങ്ങ് ഖജനാവിലേക്ക് നികുതിയിനത്തില്‍ തിരികെ വരും. ‘മാവേലിക്കാല’ത്ത് ഇല്ലായിരുന്നുവെന്ന് മാവേലിപ്പാട്ടില്‍ പാടുന്നതുപോലെ ”കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ പലതും”ഇല്ലാതിരുന്നാല്‍.
മാവേലി ‘പാതാള’ത്തില്‍നിന്ന് വരുന്നത് ഏതു വഴിയാണെന്ന് അറിയാമോ എന്ന് കേരളത്തില്‍ പരസ്യമായി ആദ്യം ചോദിച്ചത് ഏതെങ്കിലും നര്‍മ്മ പ്രകടന കലയിലൂടെയായിരുന്നിരിക്കുമെന്ന് തോന്നുന്നു- ഒരുപക്ഷേ ഓണക്കാലത്തിറങ്ങിയിരുന്ന ”മാവേലിക്കാസറ്റു”കളിലൂടെയാവണം. അങ്ങനെയാണ് റോഡുകളിലെ കുഴി ഓണക്കാലത്തെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായത്. മഴ കഴിഞ്ഞെത്തുന്ന, കര്‍ക്കടകം കഴിഞ്ഞുള്ള, ചിങ്ങത്തിലെ ഓണത്തിന് കേരളത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍ ഉണ്ടാകുന്നത് പതിവാണുതാനും. അങ്ങനെയുണ്ടാകുന്ന ‘അഗാധഗര്‍ത്ത’ങ്ങളുടെ ആധിക്യത്തിലാണ് മാവേലി പാതാളത്തില്‍നിന്ന് ആ കുഴികളിലൂടെ വരുന്നുവെന്ന് നര്‍മ്മം വഴിഞ്ഞത്. നമ്മുടെ ഒരു മന്ത്രി, ജി. സുധാകരന്‍, കേരളത്തിലെ റോഡുകളിലെ കുഴി എണ്ണിയത് ഓര്‍മ്മയില്ലേ. ഇപ്പോഴത്തെ പൊതമരാമത്ത് വകുപ്പ് മന്ത്രിക്ക് അതിനുള്ള ധൈര്യമില്ല; കാരണം എണ്ണുന്നതിനൊക്കെ ഒരു പരിധിയില്ലേ.
കേരളം ഓണക്കാലത്ത് വ്യാപകമായി സഞ്ചരിക്കുന്ന കാര്യം വിവരിച്ചല്ലോ. കേരളമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡ് യാത്ര സംവിധാനമുള്ള സംസ്ഥാനം. ഈ കൊച്ചു സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുള്ളത് എന്ന് പറയുന്നതുപോലൊരു കണക്കാണ് കേരളത്തിലെ റോഡുകള്‍ക്ക്. ചുരുക്കിപ്പറഞ്ഞാല്‍ അതിങ്ങനെ: കേരളത്തില്‍ നാഷണല്‍ ഹൈവേയുടെ നീളം 1781.57 കിലോമീറ്ററാണ്. അതില്‍ 1339 കി.മീ. കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നു, 408കി.മീ. കേരളവും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഹൈവേകള്‍ പ്രധാനമായി മൂന്നെണ്ണമാണ്, 350 കി.മീ. വരും അവ മാത്രം. നമുക്ക് 72 സംസ്ഥാന പാതകളുണ്ട്!! ജില്ലാ ഭരണ സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ 27470 കി.മീ. റോഡുണ്ട്. 33,201 കി.മീ. നഗരസഭകളുടെ സംരക്ഷണത്തിലും. 1,58,775 കി.മീ. റോഡ് ഗ്രാമീണ ഭരണകൂടങ്ങളുടെ സംരക്ഷണത്തിലുണ്ട്. ഇതില്‍ ഏത് റോഡിലെ ഏത് കുഴിയിലൂടെ മഹാബലി ഓണത്തിന് പ്രജകളെ സംരക്ഷിക്കാന്‍ വരും എന്ന് ‘നര്‍മ്മം’പറയാനല്ല തുനിയുന്നത്. മറിച്ച് ഈ കുഴികള്‍ ഉണ്ടാക്കുന്ന അതിഗൗരവതരമായ ചിലത് പറയാനാണ്.
ഓണക്കാലത്ത്, എന്നും ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍നിന്ന് വിവിധ ഉല്‍പ്പന്നങ്ങള്‍ വിറ്റ് കമ്പനികള്‍ നേടുന്ന ലാഭത്തിന്റെ കണക്ക് അമ്പരപ്പിക്കുന്നതാണ്. ഗൃഹോപകരണങ്ങള്‍ മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍വരെ ഓണക്കാലത്ത് കേരളത്തില്‍ വില്‍ക്കുന്നതിന്റെ കണക്കുകള്‍ ശേഖരിച്ച് പഠിച്ചാല്‍ കാര്യം വ്യക്തമാകും. ആ ഉല്‍പ്പന്നത്തില്‍ എത്രയെണ്ണം കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് സംസ്ഥാനത്തിന്റെ വരുമാന നഷ്ടം അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ ലഭിക്കുന്നത് വില്‍പ്പന നികുതിയുടെ ഒരു വിഹിതം മാത്രമാണ്. ആ വില്‍പ്പന നികുതി മുഴുവന്‍ സംസ്ഥാനത്തിനു കിട്ടണമെന്ന സാമ്പത്തിക ശാസ്ത്രവാദം തല്‍ക്കാല നേട്ടത്തിനേ ഉതകൂ.
ശരി, ഉല്‍പ്പാദനത്തിനും നിര്‍മാണത്തിനും താല്‍പ്പര്യമില്ല, നയമില്ല, നിലപാടില്ല എന്നതിരിക്കട്ടെ. മറ്റൊരു വഴിക്ക് ചോര്‍ന്നുപോകുന്ന, പലവിധത്തില്‍ വന്നുചേരുന്ന നഷ്ടത്തെക്കുറിച്ച് പറയാനാണ് റോഡുകളുടെ കാര്യവും ഓണക്കാല യാത്രയും വിവരിച്ചത്. 50 കിലോമീറ്റര്‍ കേരളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക്, ആ ദൂരം കടക്കാന്‍ യഥാര്‍ത്ഥ ത്തില്‍ വേണ്ടതിനേക്കാള്‍ മുക്കാല്‍ മണിക്കൂര്‍ അധികം നഷ്ടമാകുന്നു. സ്വന്തം വാഹനത്തിലാണെങ്കില്‍ അതുണ്ടാക്കുന്ന നഷ്ടം സമയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അധിക ഇന്ധന ഉപയോഗത്തിന്റെ, യന്ത്രങ്ങളുടെ അധിക കേടുപാടിന്റെ, അപകട സാധ്യതയുടെ, ആത്മസംഘര്‍ഷത്തിന്റെ സാമൂഹ്യബന്ധത്തിന്റെ, നഷ്ടക്കണക്കുകള്‍ വലുതാണ്. 50 കിലോമീറ്റര്‍ എന്നത് 200 കിലോമീറ്ററായാല്‍ നാലിരട്ടിയായി. ശരിയാണ്, മേല്‍പ്പറഞ്ഞ വ്യക്തികളുടെ നഷ്ടത്തില്‍നിന്ന് ഭരണകൂടത്തിന് കിട്ടുന്ന ചെറിയ ലാഭവിഹിതമുണ്ട്. അത് പക്ഷേ ഒരുതരത്തിലും ആര്‍ക്കും ലാഭമാകുന്നില്ല എന്നതാണ് വാസ്തവം. ഓണക്കാലത്ത് യാത്രയിലെ ഈ നഷ്ടക്കണക്ക് മാത്രം മതി ഒരു സംസ്ഥാനത്തിന്റെ വമ്പന്‍ പതനത്തിന്റെ തോതും ഗതിയും അറിയാന്‍. അടിസ്ഥാന സൗകര്യ വികസനത്തിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സെമിനാറുകള്‍ക്ക് കുറവില്ല, വിദഗ്ദധര്‍ക്ക് ക്ഷാമമില്ല, വകുപ്പ് മന്ത്രിമാരുടെ പ്രസംഗത്തിന് പഞ്ഞമില്ല. പക്ഷേ…
അതിഗൗരവ കവിതകളിലും മലയാളിയുടെ സ്വാഭാവികമായ നര്‍മ്മം ഒളിപ്പിച്ചും സൂചിപ്പിച്ചും എഴുതിയിട്ടുള്ള മഹാകവി അക്കിത്തത്തിന്റെ ഒരു ഓണക്കവിത അവസാനിക്കുന്നതിങ്ങനെയാണ്: ”മാവേലി! നിന്റെ വരവു മൂലം/പാവങ്ങള്‍, കഷ്ടത്തിലായി ഞങ്ങള്‍” (ഓണം വന്നപ്പോള്‍) കവിത ആകെ നോക്കുമ്പോള്‍ അതൊരു ദാര്‍ശനികതയില്‍ നര്‍മ്മത്തിന്റെ മുനവെച്ച ചാട്ടുളിയാണ്. എങ്കിലും ഈ വരികള്‍ക്ക് പ്രസക്തി ഇപ്പോള്‍ ഏറെ.
പിന്‍കുറിപ്പ്: മാവേലിയേയും ഓണത്തപ്പനേയും തമ്മിലറിയാത്ത വിധം തെറ്റിപ്പിക്കുന്നതിന് വിപണിയുടെ വഴികള്‍ വഹിക്കുന്ന പങ്ക് വലുതാണ്. മാവേലി സ്റ്റോറുകള്‍ക്കെതിരെ വാമന സ്റ്റോറുകള്‍ വന്ന നാടാണല്ലോ നമ്മുടേത്!!
പ്രതികരിക്കാൻ ഇവിടെ എഴുതുക