പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ഒറ്റപ്പാലം ചിറ്റേനിപ്പാട്ട് പുത്തന്‍വീട്ടില്‍ ജാനകിയമ്മയുടെയും മണ്ണൂര്‍ ആലത്ത് കൃഷ്ണന് നായരുടെയും മകനായ സി.പി. രാമചന്ദ്രന്റെ ജന്മശതാബ്ദി ഇന്ന്. പത്രപ്രവര്‍ത്തനരംഗത്തെ അതികായന്മാരില് ഒരാളാണ് സിപിആര്‍. ആരുടെ മുമ്പിലും തലകുനിക്കാത്ത, നട്ടെല്ലു വളയ്ക്കാത്ത, ആര്‍ജ്ജവമുള്ള പത്രപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. ഇന്ത്യയിലെ പത്രപ്രവര്‍ത്തക കുലപതികളില്‍ ഒരാളായ ഇദ്ദേഹം ഇന്ന് വിസ്മൃതനായി. കാല് നൂറ്റാണ്ടോളം ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ ഓര്മ നിലനിര്‍ത്താന്‍ ഇന്നുള്ളത് ഒരുപക്ഷേ പാലക്കാട് പ്രസ് ക്ലബില്‍ ഒരു ഹാള്‍ മാത്രമാണ്.
കമ്മ്യൂണിസ്റ്റ് ആശയമാണ് മനസിലുണ്ടായിരുന്നതെങ്കിലും ഒരിക്കലും അതിനോടൊട്ടി നില്ക്കാന് അദ്ദേഹം തയ്യാറായിരുന്നില്ല. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും, എഴുതും. അതുകൊണ്ടാണല്ലോ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമെന്നു പറയാവുന്ന ക്രോസ് റോഡ്സ് വാരികയിലായിരിക്കെ ‘നിങ്ങളേക്കാള്‍ നല്ലൊരു കമ്മ്യൂണിസ്റ്റാണ് ഞാനെന്ന് എനിക്ക് തോന്നുന്നുവെന്ന്’ ഇഎംഎസിനോട് പറഞ്ഞ് വാരികയോട് വിട പറഞ്ഞത്. സിപിആര്‍ പൂര്‍ണ സമയ പത്രപ്രവര്‍ത്തകനായത്. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന കാലഘട്ടം കൊടുങ്കാറ്റിനു സമാനമായിരുന്നു.
ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനവും രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും അറിവും വേറിട്ട പത്രപ്രവര്‍ത്തകനാക്കി. അന്നത്തെ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരുമായി അദ്ദേഹത്തിന് വ്യക്തിപരമായ അടുപ്പവും അതിലുപരി സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും അദ്ദേഹമത് ദുരപയോഗപ്പെടുത്തിയില്ല. ശങ്കേഴ്സ് വീക്കിലിയില്‍ ചേരുന്നതോടെയാണ് സ്വതന്ത്ര പത്രപ്രവര്‍ത്തനമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞത്. മാന്‍ ഓഫ് ദ വീക്ക്, ഫ്രീ തിങ്കിങ്, ദിസ് വീക്ക് ഇന്‍ പാര്‍ലമെന്റ് എന്നീ പംക്തികളാണ് സിപി കൈകാര്യം ചെയ്തതും അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിച്ചതും. പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസിലെത്തി. തുടര്‍ന്ന് അദ്ദേഹം പാര്‍ലമെന്റ് റിപ്പോര്‍ട്ടറായി. അദ്ദേഹത്തിന്റെ പാര്‍ലമെന്റ് ഇന്‍ ലാസ്റ്റ്വീക്ക് എന്ന കോളത്തില്‍ പേരുവരാന്‍ പല എംപിമാരും മത്സരിക്കുകയായിരുന്നുവെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിലെ ഈ പംക്തിയിലാണ് പാര്‍ലമെന്റിലെ വാജ്പേയിയുടെ ആദ്യപ്രസംഗം കഴിഞ്ഞപ്പോള്‍ അദ്ദേഹം എഴുതിയത്, ‘ഇതാ ഭാരതത്തിന്റെ ഭാവിപ്രധാനമന്ത്രി’ എന്ന്. അന്ന് വിരലിലെണ്ണാവുന്ന എംപിമാരുള്ള ജനസംഘത്തിന്റെ ഒരു നേതാവിനെപ്പറ്റി ഇങ്ങനെ എഴുതണമെങ്കില്‍ അസാമാന്യ ധൈര്യംതന്നെ വേണം. തന്റെ ദീര്‍ഘദര്‍ശിത്വം കാണുവാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായി.
വാജ്പേയിയുടെ വാക്ധോരണിയാണ് അത്ഭുതപ്പെടുത്തിയത്. അദ്ദേഹത്തെപ്പറ്റി പറയുമ്പോള്‍ നൂറുനാവായിരുന്നു സിപിആറിന്. ബുദ്ധിമാനും മികച്ച പാര്‍ലമന്റേറിയനുമായിരുന്നു വാജ്പേയി. അദ്ദേഹത്തിന്റെ കവിത്വവും രാഷ്ട്രീയത്തിനതീതമായി വ്യക്തിത്വം കാത്തുസൂക്ഷിക്കാനും കഴിഞ്ഞ വ്യത്യസ്ത രാഷ്ട്രീയക്കാരനായിരുന്നു എന്നതാണ് വാജ്പേയിയെക്കുറിച്ച് സിപിആറിന്റെ കാഴ്ചപ്പാട്. ജവഹര്‍ലാല്‍ നെഹ്റു, ഗുല്‍സാരിലാല്‍ നന്ദ, ലാല്‍ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി തുടങ്ങിയ പ്രമുഖരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഏതുവിഷയത്തെക്കുറിച്ചും വിമര്‍ശനബുദ്ധിയോടെ കാണുകയും എഴുതുകയും ചെയ്തിരുന്നു സി.പി. രാമചന്ദ്രന്. അതുകൊണ്ടുതന്നെ പലരുടെയും ശത്രുതയും നേടി. എന്നാല്‍ അതൊന്നും കാര്യമാക്കിയില്ല. പത്രപ്രവര്‍ത്തനത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം വാചാലനാകും.
പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ചലപതി റാവുവിന്റെ അവസ്ഥ തനിക്കുണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയാണ് പറളിയില്‍ സഹോദരിയുടെ എടുത്ത് എത്തിച്ചേരുന്നത്. തുടര്‍ന്ന് പറളിക്കാരുടെ ഏട്ടമാമയായി. പറളിയില്‍ സാധാരണക്കാരില്‍ ഒരാളായി അദ്ദേഹം മാറി. പത്രപ്രവര്‍ത്തനരംഗത്തെ അനുഭവങ്ങളും ജീവചരിത്രവുമെഴുതാന്‍ പല മാധ്യമങ്ങളും സമീപിച്ചെങ്കിലും അദ്ദേഹമതിന് തയാറായില്ല. താന്‍ തുറന്നെഴുതിയാല്‍ പലരുടെയും മുഖംമൂടി പിച്ചിച്ചീന്തപ്പെടും. അവരുടെ വ്യക്തിത്വം അങ്ങനെത്തന്നെ നില്ക്കട്ടെ, എന്നതായിരുന്നു കാഴ്ചപ്പാട്. ചുരുക്കിപ്പറഞ്ഞാല്‍ തന്നെക്കുറിച്ച് ഓര്‍ക്കാന്‍ ഒരുവരിപോലും എഴുതിവയ്ക്കാതെയാണ് സി.പി. രാമചന്ദ്രന് ഈ ലോകത്തോടു വിടപറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: