Kerala

ആശാകിരണം സഹായം അടിയന്തരമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Published by

ആലപ്പുഴ: എണ്‍പത്തഞ്ച് ശതമാനം അംഗവൈകല്യമുള്ള കുട്ടിയെ പരിപാലിക്കുന്ന അന്‍പതു ശതമാനം വൈകല്യമുള്ള അമ്മയ്‌ക്ക് കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്ക് ആശാകിരണം പദ്ധതി വഴി നല്‍കുന്ന സര്‍ക്കാര്‍ സഹായം കുടിശിക സഹിതം അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി.

കേരള സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ക്കാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥനത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മിഷനെ അറിയിക്കണം.

ചേര്‍ത്തല മായിത്തറ സ്വദേശിനി ജി. അനിത സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. അനിതയുടെ കുട്ടിക്ക് സഹായം ചോദിച്ചാണ് അപേക്ഷ നല്‍കിയത്. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് കുട്ടിക്കുള്ളത്.

പരാതിക്കാരിയുടെ ഭര്‍ത്താവിനും സുഖമില്ല. കഴിഞ്ഞ ഫെബ്രു. 17 ന് ശിശുവികസന ഓഫീസര്‍ കേരള സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയ കത്തില്‍ ഇവരുടെ അപേക്ഷ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കമ്മിഷനില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇങ്ങനെ ഒരു അപേക്ഷ ലഭിച്ചിട്ടില്ലെന്ന് പറയുന്നു.

പരാതിക്കാരിയുടെ ദൂരിതം ഉദ്യോഗസ്ഥര്‍ മനസിലാക്കുന്നതിന് പകരം അപേക്ഷ കിട്ടിയിട്ടില്ലെന്ന് പറയുന്നത് ശരിയായ നടപടിയല്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. 2016 ലാണ് പരാതിക്കാരി അപേക്ഷ നല്‍കിയതെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.

പരാതിക്കാരിയോട് വീണ്ടും അപേക്ഷ നല്‍കാന്‍ പറയുന്നത് മനുഷ്യത്വപരമല്ലെന്നും ഉത്തരവില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക