തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ സെമിയില്‍ കടന്ന ആദ്യടീം ഏരീസ് കൊല്ലം സെയ്ലേഴ്സ്. കളിച്ച എട്ടുകളിയില്‍ ഏഴിലും ജയിച്ചാണ് സെമി ഉറപ്പിച്ചത്. മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് മെന്ററും ഐപിഎല്‍ താരം സച്ചിന് ബേബി ഐക്കണ്‍ പ്ലെയറുമായ ടീമാണ് കെസിഎല്ലിലെ ഏറ്റവും മികച്ചടീം എന്ന് അടിവരയിടുന്നതാണ് നേടിയ ആധികാരിക വിജയങ്ങള്‍. തന്റെ ടീം മികച്ച പ്രകടനം നടത്തുന്നതില്‍ അതീവ സന്തോഷവാനാണെങ്കിലും കളികാണാന്‍ ആളില്ലാത്തതില്‍ നിരാശനാണ് ഉടമ ഡോ. സോഹന്‍ റോയി.
‘കോടിക്കണക്കിന് രൂപമുടക്കി മികച്ച രീതിയില്‍ മത്സരം സംഘടിപ്പിക്കാന്‍ എളുപ്പമാണ്. കാണികളെ എത്തിക്കുക എന്നതാണ് പ്രധാനം, അടുത്ത ഐപിഎല്‍ നിറഞ്ഞ ഗാലറികളെ സാക്ഷിയാക്കിയാകണം നടക്കേണ്ടത്’ ജന്മഭൂമിക്ക് നല്കിയ അഭമുഖത്തില്‍ സോഹന്‍ റോയി പറഞ്ഞു.
‘ക്രിക്കറ്റ് സംസ്ക്കാരം വളര്‍ത്തുകയാണ് വേണ്ടത്. സ്ക്കൂളുകളിലെല്ലാം ക്രിക്കറ്റ് ക്ളബ്ബുകള്‍ ഉണ്ടാകണം. എല്ലാവരും കോഹ്ലിയും സഞ്ജുവും ആകണം എന്നാഗ്രഹിക്കരുത്. കളിക്കാരാകുക മാത്രമല്ല ക്രിക്കറ്റുകൊണ്ട് ലക്ഷ്യമിടേണ്ടത്. ക്രിക്കറ്റ് മറ്റ് നിരവധി അവസരങ്ങളാണ് തുറന്നിടുന്നത്. 22 പേര് കളിക്കുന്ന ഒരു മത്സരം നടക്കുമ്പോള്‍ 22,000 ത്തിലധികം പേരാണ് ക്രിക്കറ്റ് അധിഷ്ടിത ജോലികള്‍ ചെയ്യുന്നത്.’സോഹന്‍ റോയി പറഞ്ഞു.
വ്യവസായവുമായി ഏറ്റവും അധികം യോജിച്ചുപോകുന്ന കളിയാണ് ക്രിക്കറ്റ് എന്നതുകൊണ്ടാണ് താന്‍ കെസിഎല്‍ ടീമിനെ ഏറ്റെടുത്തത് എന്നതാണ് പ്രമുഖ വ്യവസായിയും ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒ യുമായ സോഹന്‍ റോയി പറയുന്നത്.
”വ്യവസായം വിജയിക്കാന്‍ വേണ്ട 25 ഗുണങ്ങളെങ്കിലും ക്രിക്കറ്റിലുമുണ്ട്. സൂക്ഷ്മത, സമയനിഷ്ട, തീരുമാനം എടുക്കുന്നതിലെ വേഗത, മികവ് അളക്കല്‍, ഡേറ്റാ വിലയിരുത്തല്‍…….. തുടങ്ങി പലതും ക്രിക്കറ്റിലും വ്യവസായത്തിലും വിജയത്തിന് പ്രധാനമാണ്. ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഒരാളെ കമ്പനിയില്‍ ജോലിക്കെടുത്താല്‍ ഏതെങ്കിലും വിഭാഗത്തിന്റെ തലവനാക്കുന്നതില്‍ അധികം ആലോചിക്കേണ്ടി വരില്ല. മറ്റുള്ളവരെക്കാള്‍ നല്ല ഫലം അവര്‍ നല്‍കും എന്നാണ് അനുഭവം’ സോഹന്‍ റോയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: