കോഴിക്കോട്: ജനാധിപത്യവ്യവസ്ഥയുടെ അടിത്തറയിളക്കുന്ന രാഷ്ട്രീയ അയിത്താചരണമാണ് കേരളത്തില്‍ ഉള്ളതെന്നും രാഷ്ട്രീയതൊട്ടുകൂടായ്മ കല്പ്പിക്കുന്നവര് ക്രിമിനലുകള്‍ ആണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയും.
പി.പി. മുകുന്ദന് അനുസ്മരണ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച വന്ദേമുകുന്ദം ശ്രദ്ധാഞ്ജലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. തൊട്ടുകൂടായ്മയില്‍ നിന്ന് കണ്ടുകൂടായ്മയിലേക്ക് കേരളത്തിലെ രാഷ്ട്രീയം മാറിയിരിക്കുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗോവ ഗവര്‍ണര്‍ ശ്രീധരന് പിള്ള പറഞ്ഞു. പ്രഥമ പി.പി. മുകുന്ദന് സേവാ പുരസ്കാരം ഗവര്‍ണറില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറ്റുവാങ്ങി.
ജനാധിപത്യ വ്യവസ്ഥയില്‍ അയിത്തത്തിന് സ്ഥാനമില്ല. അയിത്തം രാഷ്ട്രീയത്തിലും പാപമാണെന്നായിരുന്നു ജനസംഘം ദേശീയ സമ്മേളനം കോഴിക്കോട്ട് നടന്നപ്പോള്‍ ദീനദയാല്‍ ഉപാദ്ധ്യായ വ്യക്തമാക്കിയത്. 1967 ല്‍ സംയുക്ത വിധായക് ദളിന്റെ നേതൃത്വത്തില്‍ ഭാരതത്തിലെ എട്ട് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം വന്നിരുന്നു. ബീഹാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ജനസംഘവും ഒരേ മന്ത്രിസഭയിലെ അംഗങ്ങളായി. ഇതിനെ പരാമര്‍ശിച്ച് രാഷ്ട്രീയത്തിലെ വ്യത്യസ്തതകള്‍ വൈരുദ്ധ്യങ്ങളല്ലെന്നും വൈവിധ്യങ്ങളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഇന്ന് തൊട്ടുകൂടായ്മ മാത്രമല്ല. ദൃഷ്ടിയില് പെട്ടാലും ദോഷമുള്ളോരെന്ന അവസ്ഥയിലേക്ക് കേരളം തിരിച്ചു പോവുകയാണ്.
മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പങ്കെടുത്തതിനാല്‍ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍നിന്ന് വിട്ടുനിന്ന കേരളത്തിലെ ഇരുമുന്നണി നേതാക്കളും ഇന്ന് അദ്ദേഹത്തെ കാണാന്‍ ദില്ലിയില്‍ അപേക്ഷകൊടുത്ത് കാത്തിരിക്കുകയാണെന്ന് ഓര്‍മ്മിക്കണം. കേവലം കൂടിക്കാഴ്ചകളെ വിവാദമാക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും 1977 ലെയും 80 ലെയും തെരഞ്ഞെടുപ്പുകളില്‍ എടുത്ത നിലപാട് എന്താണെന്ന് ഓര്‍മ്മിക്കണം. ജാതി, മത അയിത്തത്തെ നിരാകരിക്കുന്ന ഭരണഘടന നിലവിലുള്ള ഭാരതത്തില്‍ രാഷ്ട്രീയ അയിത്തം പാലിക്കുന്നവര്‍ ഉപ്പുവെച്ച കലംപോലെയായിമാറും. തത്വദീക്ഷയില്ലാത്ത കപട നാടകമാണ് ഇരുമുന്നണികളും നടത്തുന്നത് ഗവര്‍ണര്‍ പറഞ്ഞു.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ഒരാളും കേരളത്തിലില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഒരാഴ്ചക്കാലമായി കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചയില്‍ പുച്ഛം തോന്നുന്നു. ഇന്ന് ചര്‍ച്ചയെ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഒന്ന് റിവേഴ്സ് ഗിയറില്‍ പോകണം. കണ്ണൂര്‍ കളക്ടറ്റേറില്‍ നായനാരും ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദനും സമാധാന പുനസ്ഥാപനത്തിനുള്ള ഇച്ഛയോടെ നടത്തിയ ചര്‍ച്ചകള്‍ തിരിച്ചറിയണം. ജനാധിപത്യം എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ളതാണ്. രാഷ്ട്രീയ തൊട്ടുകൂടായ്മ കുറ്റകരമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ ക്രിമിനലുകളാണ് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിനും സമൂഹത്തിനുമായി സമര്‍പ്പിക്കപ്പെട്ട സ്വാര്‍ത്ഥരഹിത ജീവിതമായിരുന്നു പി.പി. മുകുന്ദന്റേതെന്ന് അനുസ്മരണ സദസില്‍ സംസാരിച്ചവര്‍ പറഞ്ഞു.
ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആമുഖ പ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന് കുട്ടി മാസ്റ്റര്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്, കെ. നാരായണന്, അഡ്വ. വി.കെ. സജീവന്, പി. ഉണ്ണികൃഷ്ണന്, അഡ്വ. കെ.വി. സുധീര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: