ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭീകരരുമായി ചര്‍ച്ച നടത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് ബിജെപി എംപി തേജസ്വി സൂര്യ. രാജ്യ വിരുദ്ധ നിലപാടുകളാണ് രാഹുലിന്റേതെന്ന് പ്രവൃത്തിയില്‍ നിന്ന് മനസിലാകുന്നുണ്ട്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് തേജസ്വി സൂര്യ രൂക്ഷമായി വിമര്‍ശിച്ചത്.
യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ഭാരത വിരുദ്ധത മാത്രം പറയുന്ന തീവ്ര ഇസ്ലാമികവാദിയും കശ്മീര്‍ സ്വതന്ത്രമാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുമാണ് ഇല്‍ഹാന്‍ ഒമര്‍. ഇതില്‍ നിന്ന് രാഹുലിന്റെ ഭാരത വിരുദ്ധ നിലപാടുകള്‍ മനസിലാകുന്നുണ്ട്.
രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് വിദേശ യാത്രയ്ക്കിടെ ഖാലിസ്ഥാന്‍, പാകിസ്ഥാന്, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ എജന്റുകളുമായി ചര്‍ച്ച നടത്തുകയാണ്. ഇത്തരത്തിലൊരു പ്രതിപക്ഷ നേതാവ് നാളെ ഭീകരരുമായി ചര്‍ച്ചകള്‍ നടത്തിയാലും അത്ഭുതപ്പെടാനൊന്നുമില്ല. യുഎസ് സന്ദര്‍ശന വേളയില്‍ ഭാരതത്തിനെതിരെയുള്ള പ്രസംഗങ്ങളാണ് രാഹുല്‍ നടത്തിയത്. പാകിസ്ഥാനെ അനുകൂലിക്കുന്ന നിരവധി പ്രസ്താവനകളും രാഹുല്‍ നടത്തി.
രാജ്യത്തിനെതിരെ പ്രസ്താവനകള്‍ നടത്തി പാകിസ്ഥാനെ ഉയര്‍ത്തിക്കാട്ടുന്ന വിധത്തിലായിരുന്നു ഇവ. ഇതില്‍ നിന്ന് രാഹുലിന്റെ രാജ്യസ്നേഹം എത്രയെന്ന് മനസിലാക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നും തേജസ്വി സൂര്യ പറഞ്ഞു. യുഎസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ഭാരതത്തിനെതിരെ രാഹുല്‍ പ്രസ്താവനകള്‍ നടത്തുകയും, അത് വിവാദമാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: