Education

കീം-2024: എംബിബിഎസ്/ബിഡിഎസ് രണ്ടാംഘട്ട അലോട്ട്‌മെന്റ്; ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ സെപ്തംബര്‍ 18 വരെ

Published by
  • വിജ്ഞാപനം www.cee.kerala.gov.in- ല്‍
  • ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദുചെയ്യുന്നതിനും അവസരം
  • ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയില്ലെങ്കില്‍ ഒന്നാം ഘട്ടം ലഭിച്ച അഡ്മിഷന്‍ നിലനില്‍ക്കും
  • രണ്ടാംഘട്ട താല്‍ക്കാലിക അലോട്ട്‌മെന്റ് 19 നും അന്തിമ അലോട്ട്‌മെന്റ് 20 നും പ്രസിദ്ധപ്പെടുത്തും
  • സെപ്തംബര്‍ 21-26 വൈകിട്ട് 4 മണിവരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ 2024 വര്‍ഷത്തെ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ‘കണ്‍ഫര്‍മേഷന്‍’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്. തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുനക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവക്കുള്ള സൗകര്യം സെപ്തംബര്‍ 18 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ ലഭിക്കും.

ഒന്നാം ഘട്ടത്തില്‍ അഡ്മിഷന്‍ ലഭിച്ചവരും ഓപ്ഷന്‍ നല്‍കിയിട്ടും അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവരും രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയിരിക്കണം. അല്ലാത്തവരുടെ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കുമെന്നതിനാല്‍ ഭാവിയിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതല്ല.

ആദ്യഘട്ട അലോട്ട്‌മെന്റിലൂടെ ഏതെങ്കിലും മെഡിക്കല്‍/ദന്തല്‍ കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്ക് പ്രസ്തുത സീറ്റില്‍ താല്‍പര്യമില്ലാത്തപക്ഷം സെപ്തംബര്‍ 18 വൈകിട്ട് 5 മണിക്ക് മുമ്പ് വിടുതല്‍ നേടാവുന്നതാണ്. ഇവരെ തുടര്‍ന്നുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റുകളില്‍ പങ്കെടുപ്പിക്കില്ല.

പാലക്കാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാളയാര്‍ കോളേജിലേക്ക് രണ്ടാംഘട്ടത്തില്‍ ഒാപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. ജനറല്‍ വിഭാഗത്തിലുള്ളവര്‍ 7,05,805 രൂപയും എന്‍ആര്‍ഐ വിഭാഗത്തിന് കോര്‍പ്പസ് ഫണ്ട് 5 ലക്ഷം രൂപ ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ ഒടുക്കേണ്ടതില്ല. 2086400 രൂപയായിരിക്കും വാര്‍ഷിക ഫീസായി താല്‍ക്കാലികമായി നല്‍കേണ്ടിവരിക.

സെപ്തംബര്‍ 18 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അലോട്ട്‌മെന്റ് 19 നും അന്തിമ അലോട്ട്‌മെന്റ് 20 നും പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 21 മുതല്‍ 26 വൈകിട്ട് 4 മണിവരെ കോളേജില്‍ പ്രവേശനം നേടാം.

ഫീസ്: എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകള്‍ക്ക് വിവിധ കോളേജുകളിലെ ഫീസ് നിരക്ക് വെബ്‌സൈറ്റിലുണ്ട്. സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളേജുകളിലെ 2024-25 വര്‍ഷത്തെ ഫീസ് നിശ്ചയിട്ടില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷത്തെ ഫീസ് താല്‍ക്കാലികമായി അടയ്‌ക്കേണ്ടതാണ്.

ടോക്കണ്‍ ഫീസ്: സ്വാശ്രയ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ള തുക പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കി പ്രവേശനം നേടാം. ഗവണ്‍മെന്റ് മെഡിക്കല്‍/ദന്തല്‍ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസ് തുകയും അടയ്‌ക്കണം.

എസ്‌സി/എസ്ടി/ഒഇസി/മത്‌സ്യത്തൊഴിലാളിഷകളുടെ മക്കള്‍, ശ്രീചിത്രാ ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം വിദ്യാര്‍ത്ഥികള്‍ ടോക്കണ്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. എന്നാല്‍ മെഡിക്കല്‍/ദന്തല്‍ സ്വാശ്രയ കോളേജുകളിലെ മൈനോറിറ്റി/എന്‍ആര്‍ഐ സീറ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ടോക്കണ്‍ ഫീസ് അടയ്‌ക്കണം. ഫീസിളവിന് അര്‍ഹതയുണ്ടാവില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അലോട്ട്‌മെന്റ് ലഭിച്ചാല്‍ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള കോളേജുകളിലേക്കും കോഴ്‌സുകളിലേക്കും മാത്രം ഓപ്ഷന്‍ നല്‍കാവുന്നതാണ്. എന്‍ആര്‍ഐ ക്വാട്ടാ പ്രവേശനത്തിനായി കാലാവധി കഴിഞ്ഞതോ കഴിയാത്തതോ ആയ വിസ ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ളവരില്‍ സ്‌പോണ്‍സറില്‍നിന്നുമുള്ള സത്യവാങ്മൂലം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ സമര്‍പ്പിക്കാം. എന്നാല്‍ മൂന്നാംഘട്ട അലോട്ട്‌മെന്റിനുള്ള ഓപ്ഷന്‍ സമര്‍പ്പണത്തിന്റെ അവസാന തീയതിക്ക് മുന്‍പായി കാലാവധിയുള്ള വിസ/അക്‌നോളഡ്ജ്‌മെന്റ് നല്‍കാത്തപക്ഷം എന്‍ആര്‍ഐ അലോട്ട്‌മെന്റ്/ലഭിച്ച അഡ്മിഷന്‍ റദ്ദാക്കുന്നതായിരിക്കും.

ഇതു സംബന്ധിച്ച വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. ഹെല്‍പ്പ്‌ലൈന്‍ 0471-2525300.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by