ബംഗളൂരു: വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച ഗണേശോത്സവത്തിന്റെ ഭാഗമായി പൂജിച്ച ശേഷം നിമജ്ജനം ചെയ്ത വിഗ്രഹത്തില്‍ നിന്ന് നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണം എടുത്ത് മാറ്റാന്‍ മറന്നു. ദസറഹള്ളിയിലെ രാമയ്യ- ഉമാദേവി ദമ്പതികള്‍ക്കാണ് അബദ്ധം പിണഞ്ഞത്. ഇതേ തുടര്‍ന്ന് രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ 60 ഗ്രാം തൂക്കമുളള സ്വര്‍ണമാല ജലസംഭരണി വറ്റിച്ച് വിഗ്രഹത്തില്‍ നിന്ന് വീണ്ടെടുത്തു.
വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി ദമ്പതികള്‍ വീട്ടല്‍ ഗണേശ വിഗ്രഹം വെച്ചിരുന്നു. വിഗ്രഹത്തില്‍ പൂമാലകള്‍ക്കൊപ്പം സ്വര്‍ണ മാലയും അണിയിച്ചിരുന്നു. വിഗ്രഹ നിമജ്ജനത്തോടനുബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു മൊബൈല്‍ ടാങ്കില്‍ ഇവര്‍ വിഗ്രഹം നിമജ്ജനം ചെയ്തത്. ഈ ടാങ്കില്‍ വേറെയും വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തിരുന്നു.
ഒരു മണിക്കൂറിന് ശേഷം ഇതേ സ്ഥലത്ത് തിരിച്ചെത്തിയ കുടുംബം മാല നഷ്ടപ്പെട്ട കാര്യം സംഘാടകരോട് പറഞ്ഞു. തങ്ങള്‍ മാല ശ്രദ്ധിച്ചിരുന്നുവെന്നും എന്നാല്‍ സ്വര്‍ണം പൂശിയ മാലയാകുമെന്നാണ് കരുതിയതെന്നും അറിയിച്ച സംഘാടകര്‍ കുടുംബത്തെ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു.
മഗഡി റോഡ് പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബം പരാതി നല്കി. വിവരം എംഎല്‍എയെയും അറിയിച്ചു. എംഎല്‍എ നിര്‍ദ്ദേശിച്ച പ്രകാരം ടാങ്ക് സ്ഥാപിച്ച കോണ്‍ട്രാക്ടറോട് മാല തിരയാന്‍ ആവശ്യപ്പെട്ടു. പത്തോളം പേര് ഏറെ നേരം പരിശ്രമിച്ചിട്ടും മാല കണ്ടെത്താനായില്ല.
ഇതേത്തുടര്‍ന്ന് 10000 ലിറ്റര്‍ വെള്ളം കൊള്ളുന്ന ജല സംഭരണി വറ്റിക്കാന്‍ കുടുംബത്തിന് അനുമതി നല്കി. തുടര്‍ന്ന് ജലസംഭരണി വറ്റിച്ച് ഓരോ വിഗ്രഹങ്ങളായെടുത്ത് പരിശോധിച്ചതില്‍ നിന്ന് മാല കണ്ടെത്തി കുടുംബത്തിന് തിരികെ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: