വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനായിരുന്ന ജെന്‍സണിനെയും നഷ്‌ടപ്പെട്ട ശ്രുതി ആശുപത്രിയിൽ തുടരുന്നു. കാലിന് ശസ്‌ത്രക്രിയ കഴിഞ്ഞ ശ്രുതിയെ വാര്‍ഡിലേക്ക് മാറ്റി. ചൊവ്വാഴ്‌ച കൽപ്പറ്റയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു.
അപകടത്തിൽ പരുക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രുതിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. വാഹനാപകടത്തിൽ മരിച്ച ജെൻസണിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.
കൽപ്പറ്റയിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൺ ബുധനാഴ്‌ച (സെപ്‌റ്റംബർ 11) രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ജെൻസണിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. ഉറ്റവരെയെല്ലാം നഷ്‌ടമായ ശ്രുതിയെ തനിച്ചാക്കി ജെൻസണും വിടവാങ്ങിയതിന്റെ വേദനയിലാണ് കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: