എഴുപതു കഴിഞ്ഞ എല്ലാവര്ക്കും, വരുമാന പരിധി നോക്കാതെ, ചികിത്സാ സഹായം നല്കുന്ന പദ്ധതിയുമായി ആരോഗ്യ രംഗത്തു കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതു പുതിയ കൈത്താങ്ങാണ്. ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമായുള്ളതാണ് പദ്ധതി. നിലവില്‍, സ്വകാര്യ ഇന്ഷുറന് പദ്ധതികള്‍ അടക്കം, ഏതെങ്കിലും ചികിത്സാ സഹായ പദ്ധതിയില്‍ അംഗമായിരിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നതാണ് ഏറ്റവും ആകര്‍ഷകമായിട്ടുള്ളത്. കുറഞ്ഞ വരുമാന പരിധിയിലുള്ളവര്‍ക്ക്, ആയുഷ്മാന്‍ ഭാരതിന്റെ കീഴില്‍ നേരത്തേ നല്‍കിവരുന്ന സഹായ പദ്ധതി തുടരുകയും ചെയ്യും. മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഈ പദ്ധതി എഴുപതു കഴിഞ്ഞവര്‍ക്കേ ലഭിക്കൂ എന്നു മാത്രം. നാലരക്കോടി കുടുംബങ്ങളിലെ ആറു കോടിയോളം പേര്‍ക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണു കണക്ക്. ഇതിനായി കേന്ദ്രം വകയിരുത്തുന്നത് 3437 കോടി രൂപയാണ്. നിലവിലുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരം 12.34 കുടുംബങ്ങളിലായി 55 കോടി ആളുകള്‍ക്കു സഹായം ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബൃഹത് പദ്ധതികളില്‍ ഒന്നാണിത്. റോഡ് വികസനത്തിന് ആക്കംകൂട്ടാനും വൈദ്യുതി വാഹന രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിക്കാനും ഇ-ബസ്സുകള്‍ വാങ്ങാനും പദ്ധതിയുണ്ട്. കാലാവസ്ഥാ ശാസ്ത്രത്തിലെ ഗവേഷണമാണ് മറ്റൊരു പദ്ധതി. കാലത്തിനൊത്ത് രാഷ്ട്രത്തേ മാറ്റാനുള്ള നൂതനവും ദീര്‍ഘവീക്ഷണവുമുള്ള പദ്ധതികളാണ് എല്ലാം. ആഗോളതാപനത്തിന്റെയും പരിസ്ഥിതി മലിനീകരണത്തിന്റെയും ജീവിത ശൈലീ രോഗങ്ങളുടേയും മറ്റും പിടിയില്‍പ്പെട്ടു ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് ഭാരതം വ്യക്തമായ കാഴ്ചപ്പാടോടെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ മുന്നിട്ടിറങ്ങുന്നത്. വായൂ മലിനീകരണംകൊണ്ട് വാഹന ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുന്ന നിലയില്‍നിന്ന് ഭാവിയെ രക്ഷിക്കാനുള്ള ഉത്തമ മര്‍ഗമാണ് ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള വിപ്ളവകരമായ മാറ്റം.
പറഞ്ഞ വാക്കു പാലിക്കുന്നതു പ്രവര്‍ത്തന ശൈലിയാക്കിയ ബിജെപി സര്‍ക്കാരിന്റെ, ആ നിലയ്ക്കുള്ള ഏറ്റവും പുതിയ നടപടിയാണിത്. ആരോഗ്യമുള്ള ജനതയാണല്ലോ ഏതൊരു രാഷ്ട്രത്തിന്റെയും നട്ടെല്ല്. അതില്‍ ഊന്നിയാണ് ഈ കേന്ദ്ര സര്‍ക്കാരിന്റെ ആദ്യമുതലേയുള്ള പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. ആരോഗ്യം എന്നതു ശാരീരികം മാത്രമല്ല. മാനസികവും ബൗദ്ധികവും കൂടിയാണ്. ശരിയായ ആരോഗ്യമുള്ള ജനത ആത്മവിശ്വാസവും സ്വത്വബോധവും രാഷ്ട്രബോധവും ചിന്താശക്തിയുമുള്ളവരായിരിക്കണം. ആ നിലയ്ക്ക് അതിനെ കാണാന്‍ ഇതുവരെയുള്ള സര്‍ക്കാരുകളൊന്നും ശ്രമിച്ചു കണ്ടിട്ടില്ല. പക്ഷേ, മോദി സര്ക്കാന് ആ നിലയ്ക്കു തന്നെ നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് ആരോഗ്യ രംഗത്തിനൊപ്പം കാര്‍ഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ശാസ്ത്രരംഗത്തും സാംസ്കാരിക രംഗത്തും നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍. പ്രത്യക്ഷത്തില്‍ പരസ്പര ബന്ധമില്ലാത്ത ഇവയെ ഒരേ ദിശയില്‍ കൃത്യമായി സംയോജിപ്പിക്കുന്ന, ദീര്‍ഘ വീക്ഷണമുള്ള പദ്ധതികളാണ് എല്ലാം. കടന്നു പോന്ന വഴികളിലെ അപാകതകള്‍ താണ്ടി അടിത്തറ ഉറപ്പിക്കുന്ന പ്രക്രിയയിലൂടെ കൃത്യമായ പദ്ധതികളാണ് നടത്തിവരുന്നത്.
സര്‍ക്കാര്‍ സഹായങ്ങള്‍ നടപ്പില്‍ വരുത്തുക മാത്രമല്ല, അവ അര്‍ഹതപ്പെട്ടവരില്‍ കൃത്യസമയത്തു കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാണ്. അധികാരമേറ്റ ഉടന്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ച ഈ നടപടിയിലേയ്ക്കുള്ള വഴി, ഏറെ വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്ത ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ സര്‍ക്കാര്‍ നേരത്തേ തുറന്നിടുകയും ചെയ്തു. ഇത്തരം ദീര്‍ഘ വീക്ഷണമാണ് സര്‍ക്കാരുകളുടെ യഥാര്‍ഥ ശക്തി. ആനുകൂല്യങ്ങള്‍ ജനങ്ങളുടെ സ്വന്തം അക്കൗണ്ടില്‍ നേരിട്ട് എത്തിത്തുടങ്ങിയതോടെ ഇടത്തട്ടിലെ അഴിമതിയും നടപ്പാക്കുന്നതിലെ കാലതാമസവും ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: