തിരുവനന്തപുരം: ചെയ്ത ജോലിയുടെ ശമ്പളം പോലും കൃത്യമായി ജീവനക്കാര്‍ക്ക് നല്കാത്ത കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ മാസത്തെ ശമ്പളത്തിനൊപ്പം ഓണാനുകൂല്യങ്ങളും നിഷേധിച്ചതിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) നേതൃത്വത്തില്‍ സെക്രേട്ടറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് സെക്രട്ടേറിയറ്റ് നടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതിമാസം 250 കോടിയോളം രൂപ വരുമാനമുണ്ടായിട്ടും മാസശമ്പളം മുടക്കിയും ഗഡുക്കളാക്കിയും ജീവനക്കാരെ പട്ടിണിക്കിട്ട് പരുവപ്പെടുത്തുന്ന നയമാണ് ഇടത് സര്‍ക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും കെഎസ്ആര്‍ടിസി ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം ഒഴിവാക്കി. ജീവനക്കാരെ മനപ്പൂര്‍വ്വം പണിമുടക്കിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ചേര്‍ന്ന് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫില്‍ നിന്ന് രാജിവച്ച് കെഎസ്ടി എംപ്ലോയീസ് സംഘില്‍ ചേര്‍ന്ന ടി.കെ. സുരേഷ്‌കുമാറിനെ അംഗത്വം നല്കി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ സ്വീകരിച്ചു.
തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് വി.ആര്‍. ആദര്‍ശ് അധ്യക്ഷത വഹിച്ചു. ഡെ. ജനറല്‍ സെക്രട്ടറി പ്രദീപ് വി നായര്‍, ട്രഷറര്‍ ആര്‍.എല്‍. ബിജുകുമാര്‍, വൈസ് പ്രസിഡന്റുമാരായ ജി.എസ്. ഗോപകല, സുരേഷ്‌കുമാര്‍, സെക്രട്ടറിമാരായ എസ്.വി. ഷാജി, എന്‍.എസ്. രണജിത്ത്, ജില്ലാ ഭാരവാഹികളായ പത്മകുമാര്‍, ഡി. ബിജു, വി.ആര്‍. അജിത്ത്, കവിരാജ്, സുരേഷ്, ജീവന്‍ സി. നായര്‍, ശരത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: