വയനാട്: മുണ്ടക്കെ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ആയിരുന്ന ജെന്‍സന്റെ മൃതദേഹം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. തുടര്‍ന്ന് അമ്പലവയല്‍ ആണ്ടൂരില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇതിന് ശേഷം സംസ്‌കാരം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍ നടക്കും.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി, പ്രതിശ്രുത വരന്‍ ജെന്‍സന്റെ തണലില്‍ ജീവിതത്തിലേക്ക് മടങ്ങവെയാണ് മറ്റൊരു ദുരന്തം കൂടി തേടിയെത്തിയിരിക്കുന്നത്. വാഹനാപകടത്തിന്റെ രൂപത്തില്‍ ജെന്‍സനേയും മരണം കവരുമ്പോള്‍ ശ്രുതിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ആര്‍ക്കുമറിയില്ല. സന്തോഷങ്ങള്‍ക്ക് മീതെ ആദ്യം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തം വന്നുവീണപ്പോള്‍ ശ്രുതിയുടേയും ജെന്‍സന്റേയും വിവാഹം ഉറപ്പിച്ചിട്ട് ഒരുമാസമേ കഴിഞ്ഞിരുന്നുള്ളൂ. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെയാണ് ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് നഷ്ടമായത്.
ഉറ്റവരുടെ വേര്‍പാടില്‍ സങ്കടത്തിന്റെ നിലയില്ലാ കയത്തിലേക്ക് വീണുപോകുമായിരുന്ന ശ്രുതിയെ ജെന്‍സന്‍ അന്ന് ചേര്‍ത്തുപിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് വീണ്ടുമൊരു ദുരന്തം. തലക്ക് ഗുരുതരമായി പരുക്കേറ്റ ജെന്‍സനെയും മരണം കവര്‍ന്നു. വേദനകളെ ഉള്‍ക്കൊണ്ട് ജീവിതത്തിലേക്ക് ശ്രുതി തിരിച്ചു കയറുമ്പോഴാണ് ജെന്‍സന്റെ വിയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: