മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉടന്‍ ഭാരതം സന്ദര്‍ശിക്കും. ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ മാലദ്വീപ് സര്‍ക്കാരിലെ രണ്ടുമന്ത്രിമാര്‍ രാജിവച്ചതിനു പിന്നാലെ അതേ ദിവസമാണ്, മുയിസുവിന്റെ ഭാരത സന്ദര്‍ശന പ്രഖ്യാപനവുമുണ്ടായത്. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഔദ്യോഗികവിവരം ലഭിക്കുന്നത്.
ഇരുരാജ്യങ്ങള്‍ക്കും അനുയോജ്യമായ സമയത്ത് മുയിസു ഭാരതത്തിലെത്തുമെന്നാണ് അറിയിപ്പ്. ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധിക്ഷേപിച്ച പരാമര്‍ശങ്ങള്‍ക്കു പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധം വഷളായിരുന്നു. 2023 നവംബറില്‍ പ്രസിഡന്റായ ശേഷം മാലദ്വീപിലെ ഭാരത സൈന്യത്തെ പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതും പ്രശ്‌നങ്ങളുടെ ആക്കം കൂട്ടി.
തുടര്‍ന്ന് മുഴുവന്‍ സൈനികരെയും പിന്‍വലിച്ച് ഭാരതം മാലദ്വീപില്‍ സിവിലിയന്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. വിനോദ സഞ്ചാര മേഖലയിലുള്‍പ്പെടെ മാലദ്വീപിന് വലിയ തിരിച്ചടികളുണ്ടായി.
തുടര്‍ന്ന്, ജനുവരിയില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഭാരതവുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മാലദ്വീപ് അറിയിച്ചു. ഇവരില്‍
രണ്ടു മന്ത്രിമാരാണ് ഇപ്പോള്‍ രാജിവച്ചത്. ജൂണില്‍ മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞയില്‍ മുയിസു പങ്കെടുത്തു.
കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മാലദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ ഉഭയകക്ഷി ബന്ധമുള്‍പ്പെടെ ചര്‍ച്ചയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മുയിസുവിന്റെ ഭാരത സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: