പത്തനംതിട്ട: കാപ്പാ കേസ് പ്രതിയെയും ഒപ്പമുണ്ടായിരുന്ന ഗുണ്ടാ സംഘത്തെയും രക്തഹാരമണിയിച്ച് സ്വീകരിച്ച വിഷയത്തില്‍ വിവാദം കെട്ടടങ്ങും മുമ്പ് സിപിഎമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നത. മന്ത്രി വീണാ ജോര്‍ജ് മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിക്ക് ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിത്വം നല്‍കിയതാണ് പുതിയ വിവാദത്തിന് വഴിമരുന്നിട്ടത്.
കൊലക്കേസ് പ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരണ്‍ ചന്ദ്രനെയാണ് മലയാലപ്പുഴ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഇയാള്‍ക്ക് ഭാരവാഹിത്വം നല്‍കിയത്.
ഡിവൈഎഫ്ഐ കോന്നി ബ്ലോക്കില്‍ ശരണ്‍ ചന്ദ്രനെ ഉള്‍പ്പെടുത്താനായിരുന്നു പാര്‍ട്ടി ആദ്യം തീരുമാനിച്ചത്. എന്നാല്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മേഖലാ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.
നിരവധി കേസുകളിലെ പ്രതിയായ ശരണ്‍ ചന്ദ്രന് രണ്ട് മാസം മുമ്പാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍, യുവാവിന്റെ തലയടിച്ചുപൊട്ടിരുന്നു. മുണ്ടുക്കോട്ടയ്ക്കല്‍ സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. ബിയര്‍ ബോട്ടില്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തില്‍ ശരണ്‍ ചന്ദ്രന് ഉള്‍പ്പെടെ 60 പേരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സംഭവം വിവാദമായതോടെ ശരണ്‍ നിലവില്‍ കാപ്പാ കേസ് പ്രതിയല്ലെന്നും പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഇത്തരം കേസുകള്‍ സര്‍വസാധാരണമാണെന്നും ന്യായീകരിച്ച് ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. 25 വയസിനിടെ 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇഡ്ഡലിയെന്ന് വിളിപ്പേരുള്ള ശരണ്‍.
2023 നവംബറില്‍ ശരണ്‍ ചന്ദ്രനെതിരെ അടിപിടി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടൊപ്പം കാപ്പാ വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേസും എടുത്തിരുന്നു. ഒളിവില്‍ പോ
യ ശരണിനെ 2024 ഏപ്രില്‍ 16നാണ് പിടികൂടിയത്. എന്നാല്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ വീണ്ടും അറസ്റ്റിലായി. ഒടുവില്‍ കഴിഞ്ഞ ജൂണിലാണ് ജയില്‍മോചിതനായത്. ഈ കേസുകലെല്ലാം നിലനില്‍ക്കെയാണ് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ഭാരവാഹിയായി ശരണ്‍ ചന്ദ്രനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: