ഹുലുന്ബുയിര്(ചൈന): ഏഷ്യന് ചാമ്പ്യന്സ് ട്രോഫി ഹോക്കി ഗ്രൂപ്പ് ഘട്ടത്തില് തുടര്ച്ചയായ മൂന്നാം ജയം നേടി ഭാരതം. ഇന്നലത്തെ പോരാട്ടത്തില് മലേഷ്യയെ ഒന്നിനെതിരെ എട്ട് ഗോളുകള്ക്ക് തകര്ത്താണ് ഭാരതത്തിന്റെ ഗംഭീര വിജയം. ഇതോടെ ടീം സെമിബെര്ത്ത് ഉറപ്പിച്ചു. ഇനി രണ്ട് മത്സരങ്ങള് മാത്രമാണ് ബാക്കിയുള്ളത്.
ഇന്നലെ മൂന്ന്, 25, 33 മിനിറ്റുകളില് ഗോള് നേടിയ രാജ് കുമാര് ഹാട്രിക് തികച്ച് താരമായി. അരയ്ജീത്ത് സിങ് ഹുന്ഡാല് ഇരട്ട ഗോള് നേടി(ആറ്, 39 മിനിറ്റുകളില്). ജുഗ്രാജ് സിങ്(ഏഴ്), നായകന് ഹര്മന്പ്രീത് സിങ്(22), ഉത്തം സിങ് എന്നിവര് ഭാരതത്തിന്റെ ഗോളുകള് നേടി.
മലേഷ്യയുടെ ആശ്വാസ ഗോള് മൂന്നാം ക്വാര്ട്ടറില് കളിക്ക് 34 മിനിറ്റെത്തിയപ്പോള് അഖിമുല്ല അനുവാര് നേടി.
മൂന്ന് ജയത്തെ തുടര്ന്ന് പോയിന്റ് പട്ടികയില് ഒന്നാമതാണ് ഭാരതം. ഇനിയുള്ള രണ്ട് മത്സരങ്ങള് തോറ്റാലും ഭാരതത്തിന്റെ മുന്നേറ്റത്തെ ബാധിക്കില്ല. ആറ് ടീമുകള് റൗണ്ട് റോബിന് പ്രകാരം ഏറ്റുമുട്ടുന്ന ആദ്യ റൗണ്ട് ടൂര്ണമെന്റില് മുന്നിലെത്തുന്ന നാല് ടീമുകള് സെമിയിലേക്ക് യോഗ്യത നേടും. തിങ്കളാഴ്ച സെമി മത്സരങ്ങള് നടക്കും. ചൊവ്വാഴ്ച്ചയാണ് ഫൈനല്.
ആദ്യ മത്സരത്തില് ഭാരതം ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് തോല്പ്പിച്ചു. രണ്ടാം മത്സരത്തില് ജപ്പാനെ 5-1ന് തകര്ത്തു. ഇന്ന് നാലാം മത്സരത്തിനിറങ്ങുന്ന ഭാരതത്തിന്റെ എതിരാളികള് കൊറിയയാണ്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില് ശനിയാഴ്ച ഭാരതം ചിരവൈരികളായ പാകിസ്ഥാനെ നേരിടും.
ഭാരതം ഇന്ന് നേടിയവയില് അഞ്ചെണ്ണം ഫീല്ഡ് ഗോളും മൂന്നെണ്ണം പെനല്റ്റി കോര്ണറില് നിന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: