ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് മാംസം പാകം ചെയ്തതായി പരാതി. ക്ഷേത്രത്തില്‍ എത്തിയ ഭക്തരാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയത്. ക്ഷേത്രപരിസരത്ത് കോഴിമാംസം പചകം ചെയ്യുന്ന ദൃശ്യങ്ങള്‍ ഭക്തര്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയിട്ടുണ്ട്. മത്സ്യ മാംസാദികള്‍ക്ക് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയ പരിപാവനമായ ഗുരുവായൂര്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിര്‍മ്മാണം നടക്കുന്ന ദേവസ്വം പാഞ്ചജന്യം അനക്സ് കെട്ടിടത്തിലാണ് തൊഴിലാളികള്‍ മാംസം പാചകം ചെയ്തതായി പരാതി ഉയര്‍ന്നത്.ദേവസ്വത്തിന്റെ പാഞ്ചജന്യം അനക്സിലെ കരാര്‍ തൊഴിലാളികളാണ് കോഴിമാംസം പാകം ചെയ്തത്.
സ്ഥിരമായി ഇവിടെ നിന്നും മാംസത്തിന്റെ ഗന്ധം ഭക്തര്‍ക്ക് അനുഭവപ്പെട്ടിരുന്നു. ഇതോടെ ഭക്തര്‍ നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തൊഴിലാളികള്‍ കോഴിമാംസം പാകംചെയ്യുന്നതായി കണ്ടത്. ഉടനെ വിവരം ദേവസ്വം ബോര്‍ഡ് അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാല്‍ പരാതി കിട്ടിയിട്ടും ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചില്ലെന്നാണ് ഭക്തര്‍ പറയുന്നത്. സംഭവത്തില്‍ ഭക്തരില്‍ നിന്നും ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയരുന്നുണ്ട്. അനക്സിലെ ഗ്രൗണ്ട് ഫ്ളോറിലാണ് തൊഴിലാളികള്‍ക്കായി കോഴിമാംസവും ഉരുളക്കിഴങ്ങും ചേര്‍ത്ത് കറിയുണ്ടാക്കിയത്.
സംഭവത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു.സംഭവത്തില്‍ ദേവസ്വത്തിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയില്‍ ദുരൂഹതയുണ്ടെന്നും, സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഭക്തജനങ്ങള്‍ നിര്ബ്ബന്ധിതരാകുമെന്നും ക്ഷേത്ര സംരക്ഷണ സമിതി യോഗം മുന്നറിയിപ്പ് നല്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനേയും, ദേവസ്വം അഡ്മിനിസ്ട്രേറ്ററേയും വഴിയില്‍ തടയുമെന്നും യോഗം മുന്നറിയിപ്പ് നല്കി. താലൂക്ക് യൂണിയന് പ്രസിഡന്റ് ടി.പി. മുരളി അധ്യക്ഷനായി. ടി.പി. പവിത്രന്, സൂര്യന്, രഘു ഇരിങ്ങപ്പുറം, സുന്ദരരാജ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: