തിരുവനന്തപുരം: എന്‍ജിനീയറിങ് അഡ്മിഷനിലെ മൂന്നാം അലോട്ട്മെന്റും സംവരണസീറ്റുകളും അട്ടിമറിച്ചത് പ്രതിഷേധാര്‍ഹവും വിദ്യാര്ത്ഥിവഞ്ചനയുമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്.
വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നടപടി അഴിമതിക്ക് വേണ്ടിയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. കീം പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്നത് മുതല്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുകയാണ്. ബഹുദൂരം യാത്ര ചെയ്ത് പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ടായി. ജൂണ്‍ ആറിനും ഒമ്പതിനും നടന്ന പരീക്ഷയില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുടെ ഓപ്ഷനില്‍ ശരിയുത്തരം ഇല്ലായിരുന്നു. സാധാരണ പരീക്ഷകളില്‍ നാല് ഓപ്ഷന് കൊടുക്കുമ്പോള്‍ ഇവിടെ അഞ്ച് ഓപ്ഷന് കൊടുക്കുകയും ശരിയുത്തരം നല്‍കാതിരിക്കുകയും ചെയ്യുന്നത് വിദ്യാര്‍ത്ഥികളെ മാനസികമായി തളര്‍ത്തുന്നതാണ്.
മൂന്നാം അലോട്ട്മെന്റ് റദ്ദാക്കി 2000 രൂപ വീതം ഫീസ് അടപ്പിച്ച് മറ്റൊരു രീതിയില്‍ അലോട്ട്മെന്റ് നടത്തുന്നത് അപാകതയാണ്. അലോട്ട്മെന്റ് സമയത്ത് സംവരണം അട്ടിമറിച്ചു. വേക്കന്റ് സീറ്റ് ഫില്ലിങ് എന്ന രീതിയില്‍ പ്രഖ്യാപിച്ച ലിസ്റ്റ് അര്‍ധരാത്രി റദ്ദാക്കിയും വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചു. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി അഡ്മിഷന് നടപടികള്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്കി. സംവരണം അട്ടിമറിക്കുന്നതും അനാവശ്യഫീസ് ഈടാക്കുന്നതും ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കാനുള്ള അവകാശം ഹനിക്കുന്നതുമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: