ലഖ്നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ അഭിഭാഷകയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് അഭിഭാഷകരടക്കം ആറുപേര്‍ അറസ്റ്റില്‍. അഭിഭാഷകയായ മോഹിനി തോമറിനെ (40)കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയ കേസിലാണ് നടപടി.
അഭിഭാഷകനായ മുസ്തഫ കാമില്‍ (60) ഇയാളുടെ മക്കളായ അസദ് മുസ്തഫ (25), ഹൈദര്‍ മുസ്തഫ (27), സല്മാന് മുസ്തഫ (26), അഭിഭാഷകരായ മുനാജിര്‍ റാഫി (45), കേശവ് മിശ്ര (46), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുനാജിര്‍ റാഫിയും കേശവ് മിശ്രയും അഭിഭാഷകരാണെന്നും ഇരുവരും മുസ്തഫയുടെ കൂട്ടാളികളാണെന്നും പോലീസ്
പറഞ്ഞു.
സപ്തംബര്‍ മൂന്നിയായിരുന്നു സംഭവം. മോഹിനിയെ കോടതിക്ക് പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയെന്നുമാണ് കേസ്. സംഭവത്തില്‍ മോഹിനിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് മുസ്തഫ കാമില്‍ അടക്കമുള്ളവരെ പോലീസ് പിടികൂടിയത്.
മുസ്തഫ കാമിലിന്റെ മക്കള്‍ പ്രതികളായ കേസില്‍ മോഹിനി ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പരാതി. കസ്ഗഞ്ചിലെ കോടതിവളപ്പിന് പുറത്തുനിന്ന് മോഹിനിയെ തട്ടിക്കൊണ്ടുപോയ സംഘം അജ്ഞാതകേന്ദ്രത്തിലെത്തിച്ച് അഭിഭാഷകയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: