കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിവരുന്ന ഈ കാലത്ത് കാന്‍സര്‍ മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പൊതുജനത്തിനു കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്. പ്രധാന മരുന്നുകളുടെ ജിഎസ്ടി പകുതിയില്‍ താഴെയായി കുറയ്ക്കുന്നതോടെ മരുന്നു വിലയില്‍ കാര്യമായ കുറവു വരും. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം ആലോചനയിലുണ്ടുതാനും. ജനങ്ങളുടെ മനസ്സും വേദനയും മനസ്സിലാക്കിയുള്ള ഇത്തരം തീരുമാനങ്ങളും നടപടികളുമാണ് ജനകീയ സര്‍ക്കാരില്‍നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ച് ഉയരാന്‍ സര്‍ക്കാരിന് കഴിയുന്നു എന്നതാണ് ഏറെ സ്വാഗതാര്‍ഹം.
മുന്നറിയിപ്പില്ലാതെ കടന്നു വരുന്ന കൊലയാളിയായ കാന്‍സറിന്റെ ഭീകരമുഖം ദിവസംപ്രതി സമൂഹത്തെ പേടിപ്പെടുത്തിക്കൊണ്ടു വളര്‍ന്നു വരുന്ന കാലമാണിത്. അപൂര്‍വമായി കേട്ടിരുന്ന ഈ രോഗം സര്‍വ സാധാരണമായി മാറുന്നു. ആരും എപ്പോള്‍ വേണമെങ്കിലും അതിന്റെ പിടിയില്പ്പെടാമെന്നതാണ് അവസ്ഥ. പിടിച്ചാല്‍ പിടിവിടാത്ത ഈ രോഗത്തിന്റെ തീവ്രത ആരോഗ്യത്തേയും അതിനുള്ള ചികിത്സാ ചെലവ് കുടുംബങ്ങളേയും തകര്‍ക്കും. പ്രത്യേകിച്ച്, ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത കുടുംബങ്ങളെ. അത്തരക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമയത്തില്‍ വന്നേക്കാവുന്ന ഇളവ് സഹായകമാകും. ജീവിത ശൈലിയിലും ആഹാര രീതിയിലും മറ്റും വന്ന മാറ്റങ്ങളും ജല-വായു-പരിസര മലിനീകരണവും പുകവലിയും മദ്യപാനവും മറ്റും രോഗത്തിനു കാരണമായേക്കാമെന്ന യാഥാര്‍ഥ്യം നിലനില്ക്കുന്നു. അതിനൊക്കെ ഒരു പരിധിവരെ നാമൊക്കെ ഉത്തരവാദികളുമായിരിക്കാം. പക്ഷേ, രോഗം ആരുടേയും കുറ്റമല്ലല്ലോ. കാന്സറില്ത്തന്നെ ഏറ്റവും വ്യാപകമായതാണ് സ്തനാര്‍ബുദവും ശ്വാസകോശാര്‍ബുദവും. അവയ്ക്കുള്ള മരുന്നുകളുടെ വിലയില്‍ കാര്യമായ കുറവ്, ഈ നടപടിയോടെ ഉണ്ടാവും. കീമോ തെറാപ്പിക്കുള്ള മരുന്നുവിലയിലും മാറ്റം വരും.
ആരോഗ്യ-ചികിത്സാ മേഖല പൊതുവെ, സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാവാത്തവിധം വിലപിടിച്ചതായി മാറുകയാണിന്ന്. ആധുനിക സംവിധാനങ്ങളും ചികിത്സാ രീതികളും ഈ മേഖലയില്‍ കടന്നു വരുന്നുണ്ടെങ്കിലും അവയുടെ ചെലവു താങ്ങാനാവാത്തതാണ്. മരുന്നുകളുടേയും ചികിത്സാ ഉപകരണങ്ങളുടേയും അനുബന്ധ സാധനങ്ങളുടേയും വിലയും ഏറി നില്ക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാവുകയുമില്ല. ഈ സാഹചര്യങ്ങളുടെ ഗൗരവത്തിലേയ്ക്കു കണ്ണും മനസ്സും അര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നു എന്നത് ചാരിതാര്‍ഥ്യ ജനകം തന്നെ. ജനൗഷധി മരുന്നുകളും അവ ലഭ്യമാക്കുന്ന കടകളും പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും ഈ നിലയ്ക്കുള്ള സ്വാഗതാര്‍ഹമായ നടപടികളാണ്. ഇത്തരം നടപടികളുടെ ഗുണഭോക്താക്കളാകുന്നതിനൊപ്പം ആരോഗ്യപൂര്‍ണമായ ജീവിതത്തിനു വേണ്ട മുന്‍കരുതലെടുക്കാനും സമൂഹം തയ്യാറാകുമ്പോഴേ സര്‍ക്കാര്‍ നയങ്ങളുടെ യഥാര്‍ഥ ഗുണഫലം ജനങ്ങളിലെത്തുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: