കൊച്ചി: പ്രശസ്ത സംഗീത സംവിധായകന് ജെറി അമല്‍ദേവിനെ കബളിപ്പിച്ച് ഓണ്‍ലൈന്‍ വഴി പണം തട്ടാന്‍ ശ്രമം. രക്ഷകയായി പച്ചാളത്തെ ഫെഡറല്‍ ബാങ്ക് മാനേജര്‍ സജീനാമോള്. ജെറി അമല്‍ദേവിനെ ഫോണില്‍ വിളിച്ച തട്ടിപ്പുസംഘം സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ താങ്കള്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 1,70,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പണം അവര്‍ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് അയക്കാനായി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നതും പിന്നീട് പോലീസിനെ വിവരം അറിയിക്കുന്നതും.
മുബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയാണെന്നാണ് തട്ടിപ്പ് സംഘം പറഞ്ഞത്. പിന്നാലെ അക്കൗണ്ടിലുള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സന്ദേശം വന്നു. ഇതുപ്രകാരം ബാങ്കിലേക്ക് എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം, ധൃതിയിലാണ് ജെറി അമല്‍ദേവ് തന്റെ ക്യാബിനിലെത്തിയതെന്നും സംസാരത്തില്‍ ഭയം നിഴലിച്ചിരുന്നു. അദ്ദേഹത്തോട് സീറ്റില്‍ ഇരിക്കാനും ശാന്തമാകാനും നിര്‍ദേശിച്ചു. എന്നാല്‍ ധൃതിയില്‍ ഒരു അക്കൗണ്ട് നമ്പര്‍ തന്ന് അതിലേക്ക് 1.7 ലക്ഷം അയക്കാന്‍ ആവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോള്‍ വ്യക്തിപരമായ ആവശ്യമെന്നാണ് പറഞ്ഞത്. അക്കൗണ്ട് നമ്പര്‍ പരിശോധിച്ചപ്പോള്‍ മുബൈ കേന്ദ്രീകരിച്ചുള്ള ജനതാ സേവ എന്ന പേരിലുള്ളതാണെന്നും വ്യക്തിഗത അക്കൗണ്ടല്ലെന്നും ഇത് ഫ്രോഡുലന്റ് അക്കൗണ്ടാണെന്നും മനസിലായി.
സമാന രീതിയിലുള്ള തട്ടിപ്പുകള്‍ സ്ഥിരമായി കേള്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യമൊന്നും സമ്മതിച്ചില്ല. വന്നപ്പോള്‍ മുതല്‍ ജെറി അമല്‍ദേവ് ഫോണ്‍ കോളിലായിരുന്നതായും അവിടെ നിന്ന് പറയുന്നത് കേട്ടാണ് സംസാരിച്ചിരുന്നതെന്നും വ്യക്തമായി. പിന്നാലെ തന്റെ സുഹൃത്ത് കൂടിയായ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കൂടി ഇടപെട്ട് സംസാരിച്ചാണ് അദ്ദേഹത്തെ തട്ടിപ്പ് പറഞ്ഞ് വിശ്വസിപ്പിക്കാനായത്. പേപ്പറില്‍ കാര്യങ്ങള്‍ എഴുതി താന്‍ അദ്ദേഹത്തിന് വായിക്കാന്‍ നല്കി. എങ്കിലും ഏറെസമയമെടുത്താണ് അദ്ദേഹം പഴയ അവസ്ഥയിലേക്ക് എത്തിയതെന്നും സജീനാമോള് പറയുന്നു.
ജെറി അമല്‍ദേവ് പിന്നീട് ബന്ധപ്പെടുകയും തട്ടിപ്പില്‍ നിന്ന് കൃത്യ സമയത്ത് ഇടപെട്ട് രക്ഷിച്ചതിന് നന്ദി അറിയിച്ചതായും അവര്‍ പറഞ്ഞു. വാര്‍ത്ത അറിഞ്ഞ ശേഷം ധാരാളം പേര് വിളിക്കുന്നുണ്ട്. ഇതിനൊപ്പം എല്ലാവരും ഇത്തരം തട്ടിപ്പുകളില്‍ ശ്രദ്ധപാലിക്കണം. ഇത്തരത്തില്‍ ദിവസവും നൂറുകണക്കിന് പേരെയാണ് തട്ടിപ്പ് സംഘങ്ങള്‍ കബളിപ്പിക്കുന്നത്. ഇതില്‍ പലരും നാണക്കേട് ഭയന്ന് വിവരം പുറത്ത് പറയുന്നില്ലെന്നും ബാങ്ക് ട്രാന്‍സാക്ഷനുകളില്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: