കൊട്ടാരക്കര: കിടപ്പുരോഗിയായ വയോധികയുടെ മൂന്നുവര്‍ഷത്തെ പെന്‍ഷന്‍ തട്ടിയെടുത്ത കേസില്‍ ബാങ്കിലെ താത്കാലിക ജീവനക്കാരി അറസ്റ്റില്‍. കൊട്ടാരക്കര പുലമണ്‍ ഇടക്കുന്നില്‍ രജനി(35)യെയാണ് അറസ്റ്റ് ചെയ്തത്..ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പുലമണ്‍ സ്വദേശിയായ വയോധികയുടെ പേരിലുള്ള സേവിങ്‌സ് അക്കൗണ്ടില്‍നിന്ന് 2021 മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ 28 തവണകളായി 2,40,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി.കശുവണ്ടിവികസന കോര്‍പ്പറേഷനില്‍നിന്ന് പ്രതിമാസം അനുവദിക്കുന്ന പെന്‍ഷന്‍ തുകയാണ് തട്ടിയെടുത്തത്.
വയോധികയുടേതെന്ന പേരില്‍ വ്യാജ വിരലടയാളം പതിച്ചായിരുന്നു തട്ടിപ്പ്.ബന്ധുവായ വയോധിക പുറത്ത് വാഹനത്തില്‍ ഇരിപ്പുണ്ടെന്ന് അധികൃതരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. എല്ലാ മാസവും വിരലടയാളം പതിപ്പിക്കാനെന്ന പേരില്‍ പണം പിന്‍വലിക്കല്‍ ഫോം കൊണ്ടുപോയി സ്വന്തം വിരലടയാളം പതിച്ചുനല്‍കുകയായിരുന്നു.
വയോധികയുടെ ബന്ധു അടുത്തിടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പിന്‍വലിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: