ബഹ്റൈച്ച് : ഉത്തർപ്രദേശിലെ ബഹ്റൈച്ച് പ്രദേശങ്ങളിൽ ജനങ്ങളുടെ ഉറക്കം കെടുത്തി വന്നിരുന്ന അഞ്ചാമത്തെ നരഭോജി ചെന്നായയെ ഉത്തർപ്രദേശ് വനംവകുപ്പ് ചൊവ്വാഴ്ച പിടികൂടി. ബഹ്‌റൈച്ചിലെ ഗ്രാമവാസികൾക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നിലുള്ള ചെന്നായ്‌ക്കളിലൊന്നിനെയും കൂടിയാണ് ഇപ്പോൾ വനം വകുപ്പ് അധികൃതർ പിടികൂടിയത്.
പിടികൂടിയ ചെന്നായയെ ഉത്തർപ്രദേശ് വനംവകുപ്പ് രക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. “ഞങ്ങൾ അഞ്ചാമത്തെ ചെന്നായയെ പിടികൂടി. ഒരെണ്ണം അവശേഷിക്കുന്നു, ഞങ്ങൾ ആ ചെന്നായയെയും ഉടൻ പിടിക്കും. ചെന്നായയെ പിടിക്കാൻ ഞങ്ങൾ എല്ലാ ദിവസവും പരമാവധി ശ്രമിക്കുന്നു,” -ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജീത് പ്രതാപ് സിംഗ് പറഞ്ഞു.
അതേ സമയം പിടികൂടിയ ചെന്നായ പെണ്ണാണെന്നും ഉത്തർപ്രദേശ് വനംവകുപ്പിന്റെ ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അവശേഷിക്കുന്ന മുഖ്യ നരഭോജി ചെന്നായയെ പിടികൂടാനുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്നും ഡിഎഫ്ഒ ഉറപ്പിച്ച് പറഞ്ഞു. ബഹ്‌റൈച്ച് ഫോറസ്റ്റ് ഡിവിഷനിലെ ബഹ്‌റൈച്ച് റേഞ്ചിലെ മഹ്‌സി തഹ്‌സിലിന് കീഴിലുള്ള 25-30 ഗ്രാമങ്ങളിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ഒരു കൂട്ടം ചെന്നായ്‌ക്കളെ പിടികൂടാൻ ഉത്തർപ്രദേശ് വനം വകുപ്പ് ” ഭേദിയ ” എന്ന പേരിൽ ഓപ്പറേഷൻ ആരംഭിച്ചിരുന്നു.
നേരത്തെ ബഹ്‌റൈച്ചിലെ വനം വകുപ്പ് ചെന്നായ്‌ക്കളുടെ ഏത് ആവാസ വ്യവസ്ഥയിലും സ്‌നാപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇത് ചെന്നായകളുടെ ഏത് ചലനവും നിരീക്ഷിക്കാൻ വനം വകുപ്പിനെ സഹായിക്കും. ചെന്നായ്‌ക്കളുടെ ആവാസകേന്ദ്രമെന്ന് പ്രാദേശിക ഗ്രാമവാസികൾ അവകാശപ്പെടുന്ന ആറ് ഗുഹകൾക്ക് ചുറ്റുമുള്ള സിക്കന്ദർപൂർ ഗ്രാമത്തിൽ മൂന്ന് സ്‌നാപ്പ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ബഹ്‌റൈച്ചിലെ വിവിധ ഗ്രാമങ്ങളിൽ നരഭോജി ചെന്നായ്‌ക്കളുടെ ആക്രമണത്തിൽ ഇതുവരെ 9 പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: