തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖംമിനുക്കാനായി കോടികള്‍ ചെലവിട്ട് സംഘടിപ്പിച്ച നവകേരള സദസ്, എന്റെ കേരളം പദ്ധതികളുടെ നടത്തിപ്പില്‍ വലിയ തട്ടിപ്പ് നടന്നതായും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി മുഖ്യപങ്കുവഹിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഐപിആര്‍ഡി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി. വകുപ്പിലെ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്ത്തിക്കൊടുക്കുന്നുവെന്നാരോപിച്ച് അഡീഷനല്‍ ഡയറക്ടറക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ സിപിഎം ഫ്രാക്ഷന് പ്രധാനിയായ ഡപ്യൂട്ടി ഡയറക്ടറും സംഘവുമാണ് പിന്നില്‍. മുന്‍ എസ്എഫ്ഐ നേതാവായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കോടികളുടെ അഴിമതി നടന്നത്.
പി ആര്‍ഡിയുടെ വര്‍ക്കുകള്‍ വന്‍ തോതില്‍ ഔട്ട് സോഴ്സ് ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ എതിര്‍പ്പുണ്ട്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ ബിനാമി സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടികളില്ലാതെ കരാര്‍ നല്‍കുന്നത് പതിവു പരിപാടിയാണ്. ഇക്കാര്യത്തില്‍ ചില പരാതികള്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിനു പോയിട്ടുണ്ട്. എജി അന്വേഷണം നടന്നാല്‍ പിആര്‍ഡിയില്‍ നടക്കുന്ന കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുകള്‍ പുറത്തു വരും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന കരാറുകളില്‍ വര്‍ക്ക് നടന്നുവെന്നു പോലും പരിശോധിക്കാതെയാണ് ബില്ലുകള്‍ പാസാക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ മകന്റെ കടലാസു കമ്പനിക്കു നവകേരള സദസ് , കേരളീയം ലൈവ് സ്ട്രീമിങ് കരാറുകള്‍ ടെന്‍ഡര്‍ ഇല്ലാതെയാണ് നല്‍കിയത്. ടെന്‍ഡര്‍ ഇല്ലാതെ നല്കിയ കരാറുകളുടെ ബില്ലുകള്‍ പാസാക്കാനാകില്ലെന്നു പിആര്‍ഡി ഡയറക്ടര്‍ തീര്‍ത്തു പറഞ്ഞതോടെ വിഷയം പുറത്തറഞ്ഞിത്. ഓഡിറ്റ് ഒബ്ജക്ഷനുള്ള ഫയലുകളുടെ വിവരങ്ങള്‍ വിവരങ്ങള്‍ ഒന്നിനു പിറകേ ഒന്നായി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുകയാണെന്ന് പറഞ്ഞാണ് ‘തട്ടിപ്പ് സംഘം’ അഡീഷനല്‍ ഡയറക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
സര്‍ക്കാര്‍ 23 കോടി രൂപ നല്കിയ എന്റെ കേരളം പദ്ധതി, കണക്കുകള്‍ വെളിപ്പെടുത്താതെ നടത്തിയ നവകേരള സദസ് എന്നീ പരിപാടികള്‍ സജീവ സംപ്രേഷണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ മകന്റെ സ്ഥാപനത്തിന് നല്‍കിയതിലെ ക്രമക്കേടാണ് അവസാനം പുറത്തുവന്നത്. നവകേരള സദസിനോട് അനുബന്ധിച്ചു നടത്തിയ പരിപാടികള്‍ക്ക് പൊതുജനങ്ങളില്‍നിന്നു സമാഹരിച്ച ഫണ്ട് പിആര്‍ഡി ഡയറക്ടറുടെ അക്കൗണ്ടിലാണ് വന്നത്. ഈ തുക എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഏറെക്കാലമായി പിആര്‍ഡി അടക്കി വാഴുന്ന സി പി എം ഫ്രാക്ഷനില്‍ പ്രധാനിയായ ഡപ്യൂട്ടി ഡയറക്ടറോടു മേലുദ്യോസ്ഥര്‍ വരെ വിധേയപ്പെട്ടാണ് നില്‍ക്കാറ്. പി ആര്‍ഡി യിലെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇദ്ദേഹം ഇടപെട്ടിരുന്നു. തീരുമാനങ്ങള്‍ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ സി പി എം വിരുദ്ധരെന്നു മുദ്ര കുത്തി വടക്കന്‍ ജില്ലകളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
ഡപ്യൂട്ടി ഡയറക്ടറുടെ തേര്‍വാഴ്ചയില്‍ മനസു മടുത്ത വകുപ്പ് ഉദ്യാഗസ്ഥരാണ് അഴിമതി ഫയലുകള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: