ന്യൂദൽഹി: ദൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ ദൽഹി റോസ് അവന്യൂ കോടതി സെപ്റ്റംബർ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെപ്തംബർ രണ്ടിന് ഇഡി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഓഖ്‌ലയിൽ 36 കോടിയുടെ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഇഡിയുടെയും പ്രതിഭാഗം അഭിഭാഷകന്റെയും വാദങ്ങൾ കേട്ട ശേഷം പ്രത്യേക ജഡ്ജി രാകേഷ് സിയാൽ ആണ് അമാനത്തുള്ള ഖാനെ സെപ്റ്റംബർ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. ഇഡി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സൈമൺ ബെഞ്ചമിൻ അമാനത്തുള്ള ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇയാളെ റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. സെപ്തംബർ 2 ന് അറസ്റ്റിലായ അമാനത്തുള്ള ഖാനെ ഏഴു ദിവസത്തേക്ക് ഇഡി ചോദ്യം ചെയ്തിരുന്നു.
അതേ സമയം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ടപ്പോൾ നാല് പേർക്കും ഒരു സ്ഥാപനത്തിനുമെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് ഇഡി പറഞ്ഞു. പ്രതിയായ അമാനത്തുള്ള ഖാനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
ഇപ്പോഴത്തെ പ്രതിയാണ് മുഖ്യപ്രതിയെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വാദിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചില്ലെങ്കിൽ അദ്ദേഹം തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇഡി കൂട്ടിച്ചേർത്തു.
അതേ സമയം വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിനും വിശുദ്ധ ഗ്രന്ഥത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ രണ്ട് അപേക്ഷകൾ വിചാരണയ്‌ക്കായി കോടതി മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: