സപ്തംബര്‍ 11 ഒരു ഓര്‍മപ്പെടുത്തലാണ്. 1893 സപ്തംബര്‍ 11 ലെ സ്വാമി വിവേകാനന്ദന്റെ ചരിത്ര പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ ദീപ്തസ്മരണ ലോക മനസ്സാക്ഷിയെ സ്‌നേഹത്തിന്റെയും, സഹവര്‍ത്തിത്വത്തിന്റെയും സര്‍വ്വമത സമഭാവനയുടെയും സന്ദേശം ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. പ്രത്യേകിച്ച്, മതസ്പര്‍ദ്ധയും രാഷ്‌ട്രീയ അസ്ഥിരതയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍. സ്വാമി വിവേകാനന്ദന്റെ ആത്മീയ തീര്‍ത്ഥയാത്രയിലെ നാഴികക്കല്ലായിരുന്നു അമേരിക്കന്‍ നഗരമായ ചിക്കാഗോയിലെ സര്‍വ്വമത സമ്മേളനത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം. വിദേശ പര്യടനത്തിന്റെ ഭാഗമായാണ് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഈ മത സമ്മേളനത്തില്‍ പ്രാസംഗികനാകുന്നത്. ശിഷ്യനായ ഖേത്രി മഹാരാജാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം വിദേശയാത്രയ്‌ക്ക് ഒരുങ്ങുന്നത്. എസ്എസ് പെനില്‍സുലാര്‍ എന്ന ഇന്ത്യന്‍ കപ്പലിലാണ് സ്വാമിജി ബോംബെ തുറമുഖത്ത് നിന്ന് വിദേശയാത്രക്ക് തുടക്കം കുറിച്ചത്.
സിംഗപ്പൂര്‍, ഹോങ്കോങ്, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് സ്വാമിജി കാനഡയിലെ വാങ്കുവറില്‍ നിന്ന് തീവണ്ടി മാര്‍ഗം ചിക്കാഗോയിലെത്തിയത്. കൈയില്‍ വേണ്ടത്ര പണമില്ലാതെ വിഷമിച്ച വിവേകാനന്ദനെ ധനികയായ ഒരു അമേരിക്കന്‍ വനിതയാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗ്രീക്ക് പ്രൊഫസര്‍ ജെ.എച്ച്.റൈറ്റിനെ പരിചയപ്പെടുത്തുന്നത്. മത സമ്മേളനത്തില്‍ പ്രസംഗിക്കാനുള്ള അനുവാദത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോഴാണ് സ്വാമിജി ഷിക്കാഗോയിലെത്തുന്നത്. എന്നാല്‍ ഈ ഭാരതീയ സംന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പണ്ഡിതന്മാരേയും ചേര്‍ത്തുവച്ചാല്‍ അവരെക്കാളൊക്കെ മികച്ചതാണെന്ന് ജെ.എച്ച്.റൈറ്റ് മതമഹാസമ്മേളനം നടത്തിപ്പുകാര്‍ക്ക് കത്തു നല്കി. അങ്ങനെയാണ് വിവേകാനന്ദന് പ്രസംഗിക്കാന്‍ അവസരം കൈവന്നത്.
കൊളമ്പസ് അമേരിക്ക കണ്ടെത്തിയതിന്റെ നാനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാര്‍വ്വ ലൗകിക പ്രദര്‍ശനമായ ഷിക്കാഗോ വിശ്വമേളയുടെ ഭാഗമായിരുന്നു ചരിത്രത്താളുകളില്‍ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ഈ മത മഹാസമ്മേളനവും അതിലെ സ്വാമി വിവേകാനന്ദന്റെ ലോകപ്രസിദ്ധമായ പ്രഭാഷണവും. വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്തു അറുപതോളം മതപ്രഭാഷകര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ഏഴായിരത്തോളം വരുന്ന സദസ്സിനെ സാക്ഷിയാക്കിയാണ് സ്വാമി വിവേകാനന്ദന്‍ എല്ലാമതങ്ങളും സത്യമാണെന്ന് ഉറക്കെ ഉദ്‌ഘോഷിച്ചത്. സരസ്വതീ വന്ദനത്തോടെയായിരുന്നു തുടക്കം.
പ്രൗഢ ഗംഭീരമായ സദസ്സിനെ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴുണ്ടായ പരിഭ്രമത്തെ പിടിച്ചു നിര്‍ത്താന്‍ സരസ്വതിയെ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് പ്രസംഗം തുടങ്ങിയത്. സ്വാമി വിവേകാനന്ദന്‍ എന്ന ഹിന്ദു സംന്യാസിയുടെ ആത്മീയമ ഔന്നത്യം വ്യക്തമാക്കുന്നതായിരുന്നു അമേരിക്കയിലെ എന്റെ സഹോദരീ സഹോദന്മാരെ എന്ന ചരിത്ര പ്രസിദ്ധമായ അഭിസംബോധന. നിങ്ങള്‍ നല്‍കിയ സ്‌നേഹോഷ്മളമായ സ്വീകരണത്താല്‍ എന്റെ ഹൃദയം അതിയായ സന്തോഷത്താല്‍ തുളുമ്പിനില്‍ക്കുന്നു എന്നു തുടങ്ങി, ലോകത്തിലെ ഏറ്റവും പുരാതനമായ സംന്യാസ സമൂഹത്തിന്റെ പേരിലും എല്ലാമതങ്ങളുടേയും മാതാവായ ഹിന്ദുമതത്തിന്റെ പേരിലും നന്ദി പ്രകാശിപ്പിച്ചപ്പോള്‍ പ്രകടമായത് ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവുമായിരുന്നു. അണമുറിയാത്ത ആത്മീയതയുടെ ഗംഗാ പ്രവാഹമായിരുന്നു സ്വാമിജിയുടെ പ്രസംഗം. ലോകത്തിന് സഹിഷ്ണുതയും സര്‍വ്വമത സമഭാവനയും സര്‍വ്വമത സ്വീകാര്യതയും പഠിപ്പിച്ച ഒരു രാജ്യത്തിന്റെ പ്രതിനിധിയായ സ്വാമി വിവേകാനന്ദന് സദസിനോട് പറയാനുണ്ടായിരുന്നത് ഏകം സത് വിപ്രാ ബഹുധാ വദന്തി(സത്യം(ഈശ്വരന്‍) ഒന്നേയുള്ളൂ. ജ്ഞാനികള്‍ പല പേരുകളില്‍ വിശേഷിപ്പിക്കുന്നു) എന്ന ഭാരതത്തിന്റെ സന്ദേശമായിരുന്നു. സകല മതത്തേയും സ്വാഗതം ചെയ്ത ഒരു രാജ്യത്തിന്റെ പ്രതിനിധിയായിരുന്നു സ്വാമി വിവേകാനന്ദന്‍. ഭാരതത്തിലെ പരശ്ശതം ജനങ്ങള്‍ ഉരുവിടുന്നതും കുട്ടിക്കാലത്ത് താന്‍ ചൊല്ലിപ്പഠിച്ചതുമായ മന്ത്രത്തിലെ ചില വരികളാണ് ആ സമയത്ത് വിവേകാനന്ദന്റെ മനസ്സില്‍ തെളിഞ്ഞത്. പല സ്രോതസ്സുകളില്‍നിന്ന് പല വഴികളിലൂടെ നദികളില്‍ ഒഴുകിയെത്തുന്ന ജലം ഒടുവില്‍ മഹാസാഗരത്തില്‍ ചെന്നു ചേരുന്നു എന്നാണ് ആ വരികളുടെ അര്‍ത്ഥം. അതുപോലെ വിവിധ മത ചിന്തകളും പ്രത്യയ ശാസ്ത്രങ്ങളും ഏകമായ സത്യത്തില്‍ വിലയം പ്രാപിക്കുന്നു എന്ന ഭാരതീയ ചിന്തയും സ്വാമി വിവേകാനന്ദന്‍ സദസ്സുമായി പങ്കുവച്ചു. മതം മനുഷ്യസ്‌നേഹമാണ്. ഭാരതത്തിലെ ആത്മീയ ഗ്രന്ഥമായ ഭഗവദ് ഗീതയില്‍ പരാമര്‍ശിക്കുന്നതു പോലെ ആരൊക്കെ ഏതൊക്കെ രൂപത്തില്‍ എന്നെ സമീപിക്കുന്നുവോ ഞാന്‍ അവരിലെത്തിച്ചേരുന്നു. ഏത് ദുര്‍ഘട വഴിയിലൂടെയായാലും അവരെല്ലാവരും ഒടുവില്‍ എന്നിലേയ്‌ക്കു തന്നെ നയിക്കപ്പെടുന്നു. മതങ്ങളെല്ലാം സത്യമായ ഒന്നിലേയ്‌ക്കുള്ള വിവിധ വഴികളാണെന്നറിയാതെ നാം മത സ്പര്‍ദ്ധയുടെയും വിഭാഗീയതയുടേയും പിടിയിലകപ്പെട്ടിരിക്കുന്നു. ഈ മനോഹരതീരം മതവൈരത്തിന്റെ കാര്‍മേഘത്താല്‍ ആവൃതമായിരിക്കുന്നു. മതമാത്സര്യങ്ങള്‍ ഈ നാടിനെ നിണമണിയിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് കളങ്കം ചാര്‍ത്തുന്നു. മതങ്ങളുടെ ഈ രൗദ്രഭാവം ഒഴിവാക്കിയിരുന്നെങ്കില്‍ മനുഷ്യവര്‍ഗ്ഗം കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയിലാകുമായിരുന്നു എന്ന് സ്വാമിജി ചൂണ്ടിക്കാട്ടി. മത സംഘര്‍ഷങ്ങളും ഹിംസയും അവസാനിച്ചു കാണാനാണ് ഏവരും ആഗ്രഹിക്കുന്നത്. ഇന്ന് പ്രഭാതത്തില്‍ ഈ സമ്മേളന നഗരിയില്‍ മുഴങ്ങിയ മണിനാദം മതഭ്രാന്തന്മാര്‍ക്കും അക്രമകാരികള്‍ക്കുമുള്ള മരണമണിയായിട്ട് മാറട്ടെ എന്നാണ് ചിക്കാഗോ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ ആഗ്രഹിച്ചത്. ഹിന്ദു മതത്തിന്റെ യശസ്സ് പാശ്ചാത്യ വിഹായസ്സില്‍ സൂര്യതേജസ്സായി ഉയര്‍ത്തിക്കാണിക്കാന്‍ ചിക്കാഗോ പ്രസംഗത്തിലൂടെ സ്വാമി വിവേകാനന്ദന് സാധിച്ചു.
വിവിധ മതങ്ങളെകുറിച്ച് നാം കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു, ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു. നാം കൂപ മണ്ഡൂപങ്ങളെ പോലെ കിണറ്റിലെ തവളയായി ഇരിക്കരുത്. മഹാസാഗരമെന്ന വിശാലവും വിസ്തൃതവുമായ ഒരിടം ഈ ഭൂമുഖത്തുണ്ട് എന്ന സത്യം മനസ്സിലാകാത്ത കിണറ്റിലെ തവളകളെപ്പോലെയാണ് സ്വന്തം മതത്തിന്റെ മഹത്വത്തെ ക്കുറിച്ച് പലരും മനസ്സിലാക്കിയിരിക്കുന്നത്. സ്വന്തം മതങ്ങളുടെ മഹത്വം മാത്രം പറഞ്ഞിരിക്കാതെ മറ്റു മതങ്ങളുടെ സാരാംശം മനസ്സിലാക്കുമ്പോഴാണ് എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കുള്ള വിവിധ വഴികളാണെന്ന് നാം തിരിച്ചറിയുക. ഈ തിരിച്ചറിവാണ് ഭാരതീയ ദാര്‍ശനികന്മാര്‍ ആത്മീയ പ്രഭാഷണങ്ങളിലൂടെ ലോകത്തിന് പകര്‍ന്നു നല്‍കിയത്. ഈ പരമ്പരയുടെ പ്രതിനിധിയായിട്ടാണ് സ്വാമി വിവേകാനന്ദന്‍ ലോകമതമഹാസമ്മേളനത്തില്‍ പങ്കെടുത്ത് സ0സാരിച്ചത്.
ഉത്തിഷ്ഠത ജാഗ്രത-എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കൂ, ലക്ഷ്യം പ്രാപിക്കും വരെ വിശ്രമിക്കാതിരിക്കൂ എന്ന സിംഹഗര്‍ജ്ജനം കേട്ടാണ് ഭാരതം നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ആലസ്യത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റത്. ഇന്ന് ഭാരതം ഉണര്‍ന്നിരിക്കുന്നു. സാംസ്‌കാരിക ഉന്നതിയില്‍ ലോകത്തിന്റെ നെറുകയില്‍ സ്ഥാനം പിടിച്ച ഭാരതം ഇന്ന് ഏറെ വേഗത്തില്‍ വളരുന്ന രാജ്യങ്ങളുടെ മുന്‍ നിരയിലാണ്. ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അനന്യ സാധാരണമായ ഇച്ഛാശക്തിയുമുള്ള യുവതലമുറയെ പ്രത്യാശയോടെ നോക്കിക്കണ്ട സ്വാമി വിവേകാനന്ദന്റെ ആഗ്രഹത്തിനനുസൃതമായി ഇന്ന് ഭാരതം അത്തരം മനുഷ്യമൂലധനത്തിന്റെ ആഗോള ലക്ഷ്യകേന്ദ്രമായി മാറിയിരിക്കുന്നു.
സത്യത്തിലും സഹിഷ്ണുതയിലും സര്‍വമത സമഭാവനയിലും വിശ്വസിക്കുന്ന ഹിന്ദുജനത ആത്മവിശ്വാസത്തോടെ, യജമാനഭാവത്തോടെയാണ് രാഷ്‌ട്രപുരോഗതിക്കു വേണ്ടി അനവരതം പ്രവര്‍ത്തിക്കുന്നത്. അടിമയാക്കാന്‍ പരിശ്രമിച്ച രാജ്യങ്ങള്‍ ഇന്ന് ഭാരതത്തെ ആരാധനയോടെയാണ് വീക്ഷിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ പൂര്‍ണതയും മതവിശ്വാസത്തിലൂടെ ദൈവികതയും നേടാന്‍ പരിശ്രമിച്ച വിവേകാനന്ദന്റെ പിന്‍ തലമുറക്കാര്‍ ഇന്ന് വര്‍ധിച്ച പുരോഗതിയുടെ പാതയിലാണ്. നിക്ഷേപ സൗഹൃദമായി മാറിയ ഈ രാജ്യമിന്ന് ലോകത്തിനു മുമ്പില്‍ സരളവും സുഗമവും സത്യസന്ധവുമായി വ്യാപാരം ചെയ്യാനുള്ള ഒരിടമായി മാറിയിരിക്കുന്നു. മികവുറ്റ മനുഷ്യമൂലധനത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു. ശ്രീരാമകൃഷ്ണ പരമഹംസനും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ വിവേകാനന്ദനും അദ്ദേഹത്തില്‍ നിന്ന് തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കുള്ള ഊര്‍ജം സംഭരിച്ച മഹാത്മാ ഗാന്ധിയും പുതുതലമുറയെ ആത്മീയ വഴികളിലൂടെ മുന്നോട്ടുനയിക്കുന്ന ചാലക ശക്തിയും മാതൃകാ പുരുഷന്മാരുമാണ്. സ്വന്തം മത വിശ്വാസങ്ങളില്‍ ഉറച്ചുനിന്ന് ഇതര മതങ്ങളെ ആദരിക്കാന്‍ പഠിപ്പിച്ച മഹാത്മാക്കളാണ് മൂവരും. ഇതുപോലുള്ള മഹാപുരുഷന്മാര്‍ ഭാരതത്തില്‍ പിറവിയെടുത്തു എന്നതില്‍ നമുക്കും അഭിമാനിക്കാം. ശങ്കരന് ശേഷം പന്ത്രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഹിന്ദു മതത്തേയും ഭാരതത്തിന്റെ ആത്മീയതയേയും കുറിച്ച് ഇത്രമാത്രം അഗാധമായി പഠിച്ചതും പഠിച്ചവ ശ്രുതി മധുരമായി മറ്റുള്ളവരുമായി പങ്കിടുവാനും കഴിവുള്ള സംഗീതജ്ഞന്‍ കൂടിയായ ഒരു സംന്യാസി നമുക്കുണ്ടായത്. 1902 ല്‍ തന്റെ 39-ാമത്തെ വയസ്സില്‍ ഒരു മിന്നല്‍ പിണറെന്ന പോലെ മറഞ്ഞു പോയ വിവേകാനന്ദന്‍, ഭാരതത്തിന്റെ തെക്കേയറ്റത്ത് കന്യകുമാരിയിലെ പാറയില്‍ സാഗരങ്ങളെ സാക്ഷിയാക്കി ആത്മീയതയുടെ ഇടിമുഴക്കമായി തലയുയര്‍ത്തി നില്‍ക്കുന്നത് വരും തലമുറയ്‌ക്കും പ്രചോദനമാകട്ടെ.
(ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: