കൊല്ലം: വിവിധങ്ങളായ കാരണങ്ങളാല്‍ സംസ്ഥാനത്ത് ആത്മഹത്യാ കേസുകള്‍ വര്‍ധിക്കുന്നു. അഞ്ച് വര്‍ഷത്തെ കണക്കനുസരിച്ച് 364 പോലീസ് സ്റ്റേഷന് പരിധികളിലായി 36,213 പേര് ജീവനൊടുക്കിയിട്ടുണ്ട്. ഇവരില്‍ 21,476 പേര് പുരുഷന്മാരും 600 പേര് കുട്ടികളുമാണെന്ന് വിവരാവകാശ കമ്മീഷന് രേഖകള്‍ വ്യക്തമാക്കുന്നു.
അഞ്ച് വര്‍ഷത്തെ സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ആത്മഹത്യകള്‍ വര്‍ധിച്ച് വരികയാണ്. 2020ല്‍ 8500 പേരാണ് കേരളത്തില്‍ ജീവനൊടുക്കിയത്. ഇതില്‍ 25 പേര് കൂട്ട ആത്മഹത്യയിലൂടെ ജീവന് നഷ്ടപ്പെട്ടവരാണ്. 2021ല്‍ 9549 കേസുകളും 2022ല്‍ 10,162 ആത്മഹത്യ കേസുകളുമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2023ല്‍ 10843 ആയി കണക്കുകള്‍ ഉയര്‍ന്നിട്ടുണ്ട്. യുവജനങ്ങള്‍, മധ്യവയസ്കന്, മുതിര്‍ന്ന പൗരന്മാര് എന്നിവരില്‍ ആത്മഹത്യക്കുള്ള പ്രേരണ വ്യത്യസ്തമാണെന്ന് വിദഗ്ധര്‍ പറയുന്നു. 18- 45 വയസ് പ്രായമുള്ളവരുടെ ആത്മഹത്യയെ കുറിച്ച് നടത്തിയ പഠനത്തില്‍ 36- 40 പ്രായമുള്ളവരുടെ ആത്മഹത്യകളുടെ ശതമാനം 27.9 ആണ്.
അഞ്ച് വര്‍ഷം മുമ്പ് കേരളം ആത്മഹത്യാ നിരക്കില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്തായിരുന്നു. പിന്നീട് ഇത് മൂന്നാംസ്ഥാനത്തേക്ക് എത്തിയിരുന്നു. കുടുംബങ്ങളില്‍ കൂട്ട ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നതായും കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുന്നതായും കണക്കുകള്‍ പറയുന്നു. സ്ത്രീകളില്‍ ആത്മഹത്യ ചെയ്യുന്നതില്‍ 60 ശതമാനവും വീട്ടമ്മമാരാണ്. സാമ്പത്തിക പ്രശ്നങ്ങള്‍, ദാമ്പത്യകലഹം, കുടുംബപ്രശ്നങ്ങള്‍, വാര്‍ധക്യ പ്രശ്നങ്ങള്‍ എന്നിവയാണ് ആത്മഹത്യകള്‍ക്ക് കൂടുതല്‍ കാരണമാകുതെന്നാണ് മനോരോഗ വിദഗ്ധര്‍ പറയുന്നത്. മറ്റുള്ളവര്‍ അജ്ഞാതമായ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യുന്നവരാണ്. ഒരു ആത്മഹത്യ നടന്നാല്‍ അതിന്റെ 20 ഇരട്ടി ആത്മഹതാ ശ്രമങ്ങള്‍ നടക്കുന്നതായാണ് ശാസ്ത്രീയ പഠനങ്ങളിലൂടെയുള്ള കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: