ശ്രീനഗര്‍: ജനാധിപത്യത്തിലേക്ക് മടങ്ങുന്ന ജമ്മു കശ്മീരില്‍ മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായി പണ്ഡിറ്റുകളില്‍ പെടുന്ന ഒരു വനിത മത്സര രംഗത്ത്. എന്‍ഡിഎ ഘടകകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഏക സ്ഥാനാര്‍ത്ഥി ഡെയ്സി റെയ്നയാണ് ചരിത്രത്തിലിടം നേടുന്നത്. വെടിയുണ്ടകളില്‍ ജീവിതം തുടങ്ങേണ്ടിവന്ന ഒരു തലമുറയ്ക്ക് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്ന് ഡെയ്സി റെയ്ന പറഞ്ഞു. പുല്‍വാമയിലെ രാജ്പോര മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്.
ദല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഡെയ്സി റെയ്ന, പുല്‍വാമയിലെ ഫ്രിസല്‍ ഗ്രാമത്തിലെ സര്‍പഞ്ച് കൂടിയാണ്. ഗ്രാമത്തിലെ യുവാക്കള്‍ അവരുടെ പ്രതിനിധിയായി നിയമസഭയിലേക്ക് പോകണമെന്ന് എന്നോട് ആവശ്യപ്പെടുന്നു. 1990കളില്‍ പിറന്ന തലമുറയാണത്. വെടിയൊച്ചകള്‍ക്കിടയില്‍ ഭയപ്പാടോടെ ബാല്യം കഴിച്ചുകൂടേണ്ടിവന്നവര്. അവരുടെ ആവശ്യത്തില്‍ ന്യായമുണ്ടെന്ന് തോന്നി. അതുകൊണ്ട് മത്സരിക്കുന്നു, ഡെയ്സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നൂറുകണക്കിന് നിരപരാധികളുടെ ചോര ഒഴുകിയ മണ്ണാണ് പുല്‍വാമ. നിരവധി സൈനികരും ഇവിടെ രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ചു. എന്നാല്‍ പുല്‍വാമ മാറില്ലെന്ന് ഞാന്‍ കരുതുന്നില്ല. മാറ്റമുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. കശ്മീരി പണ്ഡിറ്റുകള്‍ ഇവിടെ ന്യൂനപക്ഷമാണ്. എന്നാല്‍ അത് ഒരു വെല്ലുവിളിയായി കാണുന്നില്ല. സുരക്ഷയ്ക്ക് ആരും ഇല്ലാതെയാണ് ഞാന്‍ സര്‍പഞ്ചായി പ്രവര്‍ത്തിക്കുന്നത്. രാജ്പോരയില്‍ അടുത്തിടെ ഞങ്ങള്‍ ശിവ പ്രതിഷ്ഠ നടത്തി. എന്നാല്‍ അതിന്റെ പേരില്‍ പ്രശ്നങ്ങളൊന്നുമുണ്ടായില്ല, ഡെയ്സി റെയ്ന ചൂണ്ടിക്കാട്ടി. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതിന് ശേഷമാണ് ഡെയ്സി റെയ്ന ഇവിടെ സര്‍പഞ്ചാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: