കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം മൗനം തുടരുന്ന ഇ.പി. ജയരാജന്റെ നിലപാടില്‍ സിപിഎം ആശങ്കയില്‍. സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പിയുടെ മൗനം മുഖ്യമന്ത്രി ഉള്‍പ്പെടെയുളള നേതാക്കളെയും വേട്ടയാടുന്നുണ്ട്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായുള്ള ഭിന്നത രൂക്ഷമായതോടെ കണ്‍വീനര്‍ സ്ഥാനം തെറിച്ച ജയരാജന് വരുംദിവസങ്ങളില്‍ എന്തെല്ലാം തുറന്നടിക്കുമെന്നാണ് ആശങ്ക. പാര്‍ട്ടി സമ്മേളന സമയത്ത് ഗൗരവകരമായ വെളിപ്പെടുത്തലുകളുണ്ടായാല്‍ നേരിടുക ദുഷ്കരമാണ്. അതിനാല്‍ കണ്ണൂരിലെ ചില പ്രമുഖ നേതാക്കള്‍ തങ്ങളുടെ വിശ്വസ്തരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇ പി ഉന്നയിക്കാനിടയുള്ള ആരോപണങ്ങളെ ചെറുക്കാലാണ് അജണ്ട.
കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജയരാജനെ മാറ്റിയത്. പിറ്റേന്നു നടന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ അദ്ദേഹം നാട്ടിലേക്കു മടങ്ങി. കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയത് ജയരാജന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കുറച്ചുകാലമായി മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതെ ജയരാജന് പ്രതിഷേധത്തിലായിരുന്നു. അതിനിടെ ആത്മകഥാ രചന അവസാനഘട്ടത്തിലാണെന്ന് വെളിപ്പെടുത്തിയതും സിപിഎം നേതൃത്വത്തെ ആശങ്കയിലാക്കി. കഴിഞ്ഞ കാല സംഭവങ്ങളെല്ലാം ആത്മകഥയില്‍ തുറന്നെഴുതുമെന്നും ജയരാജന് വ്യക്തമാക്കിയിട്ടുണ്ട്.
ഇ പിക്കെതിരായ നടപടിയില്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമര്‍ശനമുണ്ട്. ഇതില്‍ നേതൃത്വത്തിന് മറുപടി പറയാനാകുന്നില്ല. ന്യായങ്ങള്‍ നിരത്തി നേതാക്കള്‍ തടിയൂരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്തിന് നടപടിയെടുത്തുവെന്നു വിശദീകരിക്കാനാവുന്നില്ല. അച്ചടക്കനടപടി ഏതെങ്കിലും ഘടകത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലല്ലെന്നും അനീതിയുണ്ടെന്നുമാണ് ജയരാജന്പക്ഷം പറയുന്നത്. പാര്‍ട്ടി സമ്മേളനത്തിന്റെ തലേന്ന് തനിക്കെതിരെ നടപടിയുണ്ടായത് ആസൂത്രിതമാണെന്ന് ഇ പി കരുതുന്നു.
ഇ പിയെ തരംതാഴ്ത്താന്‍ എം.വി. ഗോവിന്ദനും പി. ജയരാജനും ഒത്തുകളിച്ചുവെന്ന ആരോപണം പാര്‍ട്ടിയില്‍ ശക്തമാണ്. വ്യക്തിപൂജയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രീതിക്കിരയായ പി. ജയരാജന് പാര്‍ട്ടിക്കുളളില്‍ തിരിച്ചുവരാനുളള മാര്‍ഗമായാണ് ഇ.പി. ജയരാജനെതിരെയുളള കരുനീക്കങ്ങളെ കാണുന്നത്.
ഗോവിന്ദനാകട്ടെ തന്റെ ബദ്ധവൈരിയായ ഇ.പി. ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യമാണുളളത്. കണ്ണൂരിലെ അതികായനായ ഇ.പി. ജയരാജന് പാര്‍ട്ടി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന് കൂടിയാണ്. ഇതില്‍ ചിലതു പുറത്തുവിട്ടാല്‍ പലരെയും വീഴ്ത്താന്‍ ജയരാജന് കഴിയുമെന്നു വിശ്വസിക്കുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: